അധീര്‍ രഞ്ജന്‍ പോര, ലോക്‌സഭയില്‍ ശശി തരൂരിനെ നേതാവാക്കണം; കോണ്‍ഗ്രസില്‍ മുറവിളി, അണിയറയില്‍ ചര്‍ച്ച

ലോക്‌സഭയില്‍ കോണ്‍ഗ്രസിന്റെ കക്ഷി നേതാവായി തിരുവനന്തപുരം എംപി ശശി തരൂരിനെ നിയമിക്കണമെന്ന് പാര്‍ട്ടിയില്‍ ആവശ്യം
അധീര്‍ രഞ്ജന്‍ പോര, ലോക്‌സഭയില്‍ ശശി തരൂരിനെ നേതാവാക്കണം; കോണ്‍ഗ്രസില്‍ മുറവിളി, അണിയറയില്‍ ചര്‍ച്ച

ന്യൂഡല്‍ഹി: ലോക്‌സഭയില്‍ കോണ്‍ഗ്രസിന്റെ കക്ഷി നേതാവായി തിരുവനന്തപുരം എംപി ശശി തരൂരിനെ നിയമിക്കണമെന്ന് പാര്‍ട്ടിയില്‍ ആവശ്യം. ബംഗാളില്‍നിന്നുള്ള അധീര്‍ രഞ്ജന്‍ ചൗധരി പരാജയമാണെന്നും അദ്ദേഹത്തിനു പകരം തരൂരിനെ കക്ഷിനേതാവാക്കണമെന്നുമാണ് ആവശ്യം. രാജസ്ഥാന്‍, പഞ്ചാബ് പിസിസി പ്രസിഡന്റുമാരാണ് ഇക്കാര്യം നേതൃത്വത്തോട് ആവശ്യപ്പെട്ടത്. 

ഇടക്കാല പ്രസിഡന്റിനെ തീരുമാനിക്കാന്‍ കഴിഞ്ഞ ദിവസം പ്രവര്‍ത്തക സമിതിയംഗങ്ങള്‍ സംസ്ഥാന ഘടകങ്ങളുമായി ചര്‍ച്ച നടത്തിയപ്പോഴാണു രാജസ്ഥാന്‍ പിസിസി അധ്യക്ഷന്‍ സച്ചിന്‍ പൈലറ്റും പഞ്ചാബ് പിസിസി പ്രസിഡന്റ് സുനില്‍ ഝക്കറും ഇക്കാര്യം ഉന്നയിച്ചത്. ഇക്കാര്യം നേതൃത്വത്തിന്റെ പരിഗണനയില്‍ ഉണ്ടെന്നാണ് സൂചന. കശ്മീര്‍ ചര്‍ച്ചയ്ക്കിടെ അധീര്‍ രഞ്ജന്‍ ചൗധരി നടത്തിയ 'സെല്‍ഫ് ഗോള്‍' പാര്‍ട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. കശ്മീര്‍ ഇന്ത്യയുടെ ആഭ്യന്തര വിഷയമല്ലെന്നായിരുന്നു ചൗധരിയുടെ പരാമര്‍ശം.

കേരളത്തിനു ശേഷം കോണ്‍ഗ്രസിന് ഏറ്റവുമധികം സീറ്റ് ലഭിച്ച സംസ്ഥാനമാണ് പഞ്ചാബ്. പഞ്ചാബ് പിസിസി പ്രസിഡന്റും നേതൃത്വത്തില്‍ നിര്‍ണായക സ്വാധീനമുള്ള സച്ചിന്‍ പൈലറ്റും പിന്തുണയറിയിച്ചതോടെ തരൂരിനെ നിയമിക്കുന്നതു സംബന്ധിച്ച  അണിയറ ചര്‍ച്ച സജീവമായതായാണ് സൂചന. 

ലോക്‌സഭയില്‍ ബിജെപിയെ ആശയപരമായി നേരിടാന്‍ കൂടുതല്‍ യോഗ്യന്‍ തരൂരാണെന്നും ഝക്കര്‍ കൂട്ടിച്ചേര്‍ത്തു. സച്ചിനും സമാന അഭിപ്രായമാണ് മുന്നോട്ടുവച്ചിട്ടുള്ളത്. അതേസമയം തരൂര്‍ നേതാവാകുന്നതിനെ കേരളത്തിലെ നേതൃത്വം കാര്യമായി പിന്തുണച്ചില്ലെന്നാണു സൂചന.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com