പ്രളയജലത്തിലേക്ക് എടുത്തുച്ചാടി രണ്ടുദിവസം കാണാമറയത്ത്, മരിച്ചെന്ന് കരുതിയ അറുപതുകാരന്‍ 'കൂളായി' മടങ്ങിവന്നു; അമ്പരന്ന് നാട്ടുകാര്‍

കരകവിഞ്ഞ് ഒഴുകുന്ന കബനി നദിയില്‍ ചാടുന്നത് ഒരു വെല്ലുവിളിയായി ഏറ്റെടുത്താണ് ഇയാള്‍ ഈ കൃത്യത്തിന് മുതിര്‍ന്നതെന്ന് പൊലീസ് പറയുന്നു
പ്രളയജലത്തിലേക്ക് എടുത്തുച്ചാടി രണ്ടുദിവസം കാണാമറയത്ത്, മരിച്ചെന്ന് കരുതിയ അറുപതുകാരന്‍ 'കൂളായി' മടങ്ങിവന്നു; അമ്പരന്ന് നാട്ടുകാര്‍

ബംഗലൂരു: കേരളം പോലെ തന്നെ കനത്തമഴക്കെടുതി നേരിടുന്ന സംസ്ഥാനമാണ്് കര്‍ണാടക. ഇവിടെ പ്രളയജലത്തില്‍ ചാടി കാണാതായ 60 വയസ്സുകാരന്‍ രണ്ടുദിവസം കഴിഞ്ഞ് ജീവനോടെ തിരിച്ചുവന്നതിന്റെ അമ്പരപ്പിലാണ് നാട്ടുകാര്‍.

കനത്തമഴയില്‍ കര്‍ണാടകയിലെ മറ്റു പലയിടങ്ങളിലും എന്നപോലെ നഞ്ചന്‍ഗുഡ് നഗരത്തിലും വെളളം കയറി. സ്ഥലവാസിയായ വെങ്കടേഷ് മൂര്‍ത്തി എന്ന അറുപതുകാരനാണ് പ്രളയജലത്തിലേക്ക് എടുത്തുച്ചാടിയത്. ഇയാള്‍ വെളളത്തിലേക്ക് ചാടുന്നതിന്റെ ദൃശ്യങ്ങള്‍ വ്യാപകമായാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത്. 

രണ്ടുദിവസമായിട്ടും കണ്ടെത്താന്‍ കഴിയാതിരുന്നതോടെ, ഇയാള്‍ വെളളത്തില്‍ മുങ്ങിമരിച്ചുകാണുമെന്നാണ് നാട്ടുകാര്‍ കരുതിയിരുന്നത്. ഇവരെ ഞെട്ടിച്ചുകൊണ്ടാണ് വെങ്കടേഷ് മൂര്‍ത്തി തിരിച്ചുവന്നത്. തിരിച്ചുവന്ന ഇയാള്‍ നേരെ നഞ്ചന്‍ഗുഡ് പൊലീസ് സ്റ്റേഷനിലേക്ക് പോകുകയായിരുന്നു.

കരകവിഞ്ഞ് ഒഴുകുന്ന കബനി നദിയില്‍ ചാടുന്നത് ഒരു വെല്ലുവിളിയായി ഏറ്റെടുത്താണ് ഇയാള്‍ ഈ കൃത്യത്തിന് മുതിര്‍ന്നതെന്ന് പൊലീസ് പറയുന്നു.  കുത്തിയൊലിച്ച് ഒഴുകുന്ന വെളളത്തിലേക്കാണ് ഇയാള്‍ എടുത്തുച്ചാടിയത്. നാട്ടുകാര്‍ കയറിട്ട് കൊടുത്ത് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും വെങ്കടേഷ് വെളളത്തില്‍ മുങ്ങിത്താഴ്ന്ന് പോകുന്നതാണ് അവസാനമായി നാട്ടുകാര്‍ കണ്ടത്. 

ഇദ്ദേഹം തിരിച്ചുവന്നതില്‍ നാട്ടുകാര്‍ക്ക് അമ്പരപ്പുമാറുന്നില്ലെങ്കിലും സഹോദരിക്ക് ഇതൊരു അത്ഭുതമായിരുന്നില്ല. ഇത്തരത്തിലുളള സാഹസികകൃത്യങ്ങള്‍ക്ക് വെങ്കടേഷ് മുതിരുന്നത് ആദ്യമായിട്ടല്ല എന്ന് സഹോദരി പറയുന്നു. കഴിഞ്ഞ 30 വര്‍ഷമായി താന്‍ ഇത് കണ്ടുവരുകയാണ്. എന്നാല്‍ അരമണിക്കൂര്‍ കഴിഞ്ഞാല്‍ തിരിച്ചുവരാറുണ്ട്. രണ്ടുദിവസമായിട്ടും മടങ്ങിവരാതെയായതോടെ ചെറിയ ആശങ്കയുണ്ടായതായും സഹോദരി പറയുന്നു. തൊട്ടടുത്തുളള പാലത്തില്‍ നിന്നാണ് പതിവായ് വെങ്കടേഷ് ചാടാറ്. ഇത്തവണ പാലത്തിന്റെ തൂണില്‍ കുടുങ്ങിപ്പോയതുകൊണ്ടാണ് മടങ്ങിവരാന്‍ രണ്ടുദിവസം എടുത്തതെന്ന് വെങ്കടേഷ് പറയുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com