റണ്‍വേയില്‍ തെരുവുപട്ടികള്‍: വിമാനം നിലംതൊടീക്കാനാകാതെ പൈലറ്റ്

രാത്രി സമയമായിരുന്നതിനാല്‍ റണ്‍വേയിലുണ്ടായിരുന്ന പട്ടികളെ കാണാന്‍ കഴിഞ്ഞില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.
റണ്‍വേയില്‍ തെരുവുപട്ടികള്‍: വിമാനം നിലംതൊടീക്കാനാകാതെ പൈലറ്റ്

പനാജി: വിമാനത്താവളത്തിന്റെ റണ്‍വേയില്‍ തെരുവുപട്ടികളിറങ്ങിയതിനാല്‍ പൈലറ്റിന് വിമാനം നിലത്തിറക്കാനായില്ല. ഗോവ അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് വ്യത്യസ്തമായ സംഭവം അരങ്ങേറിയത്. ലാന്‍ഡ് ചെയ്യാന്‍ സെക്കന്റുകള്‍ മാത്രമുള്ളപ്പോഴാണ് വിമാനം നിലത്തിറക്കാനാകാതെ പൈലറ്റ് മുകളിലേക്ക് തിരിച്ച് പറന്നത്. 

15 മിനിട്ടുകള്‍ ആകാശത്ത് വട്ടമിട്ടു പറന്നതിന് ശേഷമാണ് വിമാനം ഇറങ്ങിയത്. മുംബൈയില്‍ നിന്ന് വന്ന എയര്‍ ഇന്ത്യ വിമാനത്തിന് ദബോലിം വിമാനത്താവളത്തില്‍ ഇറങ്ങാന്‍ എല്ലാ അനുമതിയും ലഭിച്ച ശേഷം റണ്‍വേയില്‍ എത്തുന്നതിന് ഏതാനും സെക്കന്റുകള്‍ക്ക് മുന്‍പാണ് പൈലറ്റ് അഞ്ചോ ആറോ തെരുവുപട്ടികളെ കണ്ടത്. ഇക്കാര്യം പൈലറ്റ് ഉടന്‍ എയര്‍ട്രാഫിക് കണ്‍ട്രോളറെ അറിയിക്കുകയും ചെയ്തു. 

പുലര്‍ച്ചെ മൂന്നു മണിക്കായിരുന്നു സംഭവം നടന്നത്. രാത്രി സമയമായിരുന്നതിനാല്‍ റണ്‍വേയിലുണ്ടായിരുന്ന പട്ടികളെ കാണാന്‍ കഴിഞ്ഞില്ലെന്നാണ് ഔദ്യോഗിക വിശദീകരണം. യാത്രക്കാര്‍ പൈലറ്റിനോട് അന്വേഷിച്ചപ്പോഴാണ് ഈ കാര്യം അറിഞ്ഞത്. ഇതേക്കുറിച്ച് ഗോവിന്ദ് ഗവോങ്കര്‍ എന്ന യാത്രക്കാരന്‍ ഫേസ്ബുക്ക് പോസ്റ്റില്‍ പറഞ്ഞിരുന്നു. 

മുന്‍ ഗോവ മുഖ്യമന്ത്രി ദിഗംബര്‍ കാമത് ഈ പോസ്റ്റ് ട്വിറ്ററില്‍ ഷെയര്‍ ചെയ്യുകയും ചെയ്തു. സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ ഇക്കാര്യം ശ്രദ്ധിക്കണമെന്നും യാത്രക്കാരുടെ സുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഗോവ വിമാനത്താവളത്തിന്റെ പരിസരത്ത് 200 ലേറെ തെരുവുപട്ടികളുണ്ടെന്നാണ് കണക്ക്. ഇവയെ വന്ധ്യംകരിച്ച് മാറ്റിപ്പാര്‍പ്പിക്കാനുള്ള പദ്ധതി സര്‍ക്കാര്‍ പരിഗണനയിലുണ്ടെങ്കിലും ഇതുവരെ പ്രാവര്‍ത്തികമായിട്ടില്ല. നിലവില്‍ ആളുകളെ നിയോഗിച്ച് ഇവയെ റണ്‍വേയില്‍ കയറാതിരിക്കാന്‍ നപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് നേവല്‍ എയര്‍ സ്‌റ്റേഷന്‍ അധികൃതര്‍ വ്യക്തമാക്കി. ഗോവ നഗരത്തിലും കടലോരത്തുമെല്ലാം തെരുവുനായ്ക്കളുടെ ശല്യമുണ്ടെന്ന് യാത്രക്കാര്‍ പരാതി പറയാറുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com