ഷാ ഫൈസലിനെ ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞു, കശ്മീരിലേക്ക് തിരിച്ചയച്ചു

ഐഎഎസ് ഉപേക്ഷിച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങിയ ഷാ ഫൈസലിനെ ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞു
ഷാ ഫൈസലിനെ ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞു, കശ്മീരിലേക്ക് തിരിച്ചയച്ചു

ന്യൂഡല്‍ഹി: ഐഎഎസ് ഉപേക്ഷിച്ച് രാഷ്ട്രീയത്തില്‍ ഇറങ്ങിയ ഷാ ഫൈസലിനെ ഡല്‍ഹി വിമാനത്താവളത്തില്‍ തടഞ്ഞു. വിദേശത്ത് പോകാന്‍ ശ്രമിച്ച ഷാ ഫൈസലിനെ ജന്മദേശമായ കശ്മീരിലേക്ക് തിരിച്ചയച്ചു. പൊതുജനസംരക്ഷണ നിയമമനുസരിച്ച് കഴിഞ ദിവസങ്ങളില്‍ ഷാ ഫൈസല്‍ വീട്ടുതടങ്കലില്‍ ആയിരുന്നു.

തുര്‍ക്കിയുടെ തലസ്ഥാനമായ ഇസ്താന്‍ബുളിലേക്ക് പോകാനുളള ശ്രമത്തിനിടെയാണ് ഡല്‍ഹി വിമാനത്താവളത്തില്‍ വച്ച് ഷാ ഫൈസലിനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തടഞ്ഞത്. തുടര്‍ന്ന് ശ്രീനഗറിലേക്ക് മടക്കി അയയ്ക്കുകയായിരുന്നു. ജമ്മു കശ്മീറിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ തീരുമാനത്തില്‍ കേന്ദ്രസര്‍ക്കാരിനെ നിശിതമായാണ്  ഷാ ഫൈസല്‍ വിമര്‍ശിച്ചത്.

 അക്രമരഹിതമായ രാഷ്ട്രീയ കൂട്ടായ്മയാണ് കശ്മീരിന് ആവശ്യമെന്ന് ഷാ ഫൈസല്‍ ഇന്നലെ ട്വിറ്ററില്‍ കുറിച്ചിരുന്നു. രാഷ്ട്രീയ അവകാശങ്ങള്‍ പുനഃസ്ഥാപിക്കാന്‍ ഇത് അത്യാവശ്യമാണെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. ഭരണഘടനയിലെ 370-ാം അനുച്ഛേദം റദ്ദാക്കിയതിലൂടെ മുഖ്യധാര രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിച്ചു. ഭരണഘടനാ വിദഗ്ധരെയും കാണാനില്ല. നിലവില്‍ ശിങ്കിടികളോ, അല്ലെങ്കില്‍ വിഘടനവാദികളോ ആകാന്‍ സാധിക്കുന്ന പരിതസ്ഥിതിയാണ് നിലനില്‍ക്കുന്നതെന്നും ഷാ ഫൈസല്‍ ട്വിറ്ററില്‍ കുറിച്ചു. കശ്മീരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതിന് പിന്നാലെ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുളള, മെഹബൂബ മുഫ്തി തുടങ്ങിയവര്‍ക്കൊപ്പം ഷാ ഫൈസലും വീട്ടുതടങ്കലില്‍ ആയിരുന്നു.

കശ്മീരില്‍ നിര്‍ബാധം തുടരുന്ന കൊലപാതകങ്ങളില്‍ പ്രതിഷേധിച്ച് ജനുവരിയിലാണ് ഷാ ഫൈസല്‍ ഐഎഎസ് ഉപേക്ഷിച്ചത്. ഇന്ത്യന്‍ മുസ്ലീങ്ങള്‍ അരികുവല്‍ക്കരിക്കപ്പെടുന്നു എന്നും അദ്ദേഹം ആരോപണം ഉന്നയിച്ചിരുന്നു. 2009ലാണ് കശ്മീരില്‍ നിന്നുളള ആദ്യ ഐഎഎസുകാരന്‍ എന്ന നേട്ടത്തോടെ ഷാ ഫൈസല്‍ വാര്‍ത്തകളില്‍ നിറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com