ഗതികേടില്‍ മുന്‍ മുഖ്യമന്ത്രി ; ഇനി കൂട്ടിന് ആളുപോലുമില്ല ; ബിജെപിയുടെ പൂഴിക്കടകനില്‍ തകര്‍ന്ന് പാര്‍ട്ടി

സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ രണ്ട് എംഎല്‍എമാര്‍ ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോര്‍ച്ചയിലും ചേര്‍ന്നു 
ഗതികേടില്‍ മുന്‍ മുഖ്യമന്ത്രി ; ഇനി കൂട്ടിന് ആളുപോലുമില്ല ; ബിജെപിയുടെ പൂഴിക്കടകനില്‍ തകര്‍ന്ന് പാര്‍ട്ടി

ഗാങ്‌ടോക്ക് : രാജ്യത്ത് ഏറ്റവും അധികം കാലം അധികാരത്തിലിരുന്ന മുഖ്യമന്ത്രി എന്ന ഖ്യാതി സ്വന്തമാക്കിയ നേതാവ് ഇപ്പോല്‍ നിയമസഭയില്‍ കൂട്ടിന് ആളുപോലുമില്ലാത്ത  അവസ്ഥയില്‍. തുടര്‍ച്ചയായി അഞ്ചുവട്ടം സിക്കിം മുഖ്യമന്ത്രിയായിരുന്ന പവന്‍കുമാര്‍ ചാംലിങാണ് സഭയില്‍ പാര്‍ട്ടിയുടെ ഏക എംഎല്‍എയായി മാറിയത്. 

ചാംലിങ്ങിന്റെ സിക്കിം ഡെമോക്രാറ്റിക് ഫ്രണ്ടിന്റെ രണ്ട് എംഎല്‍എമാര്‍ ഭരണകക്ഷിയായ സിക്കിം ക്രാന്തികാരി മോര്‍ച്ചയില്‍ ചേര്‍ന്നതോടെയാണ് പാര്‍ട്ടിക്ക് വന്‍തിരിച്ചടിയായത്. ഇതോടെ മുന്‍മുഖ്യമന്ത്രി പവന്‍കുമാര്‍ ചാംലിങ് മാത്രമാണ് എസ്ഡിഎഫില്‍ ബാക്കിയുള്ളത്. 

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ചാംലിങ്ങിന്റെ എസ്ഡിഎഫിന് 13 എംഎല്‍എമാരെയാണ് ലഭിച്ചത്. എന്നാല്‍ ഓപ്പറേഷന്‍ ലോട്ടസിലൂടെ, ബിജെപി എസ്ഡിഎഫിന്റെ 10 എംഎല്‍എമാരെ റാഞ്ചിയെടുത്ത് സ്വന്തം പാളയത്തിലെത്തിച്ചു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ഒരു സീറ്റില്‍ പോലും ജയിക്കാതിരുന്ന ബിജെപി അങ്ങനെ സിക്കിമില്‍ പ്രതിപക്ഷ കക്ഷിയായി. 

അതോടെ പ്രതിപക്ഷ നേതാവെന്ന പദവിയും ചാംലിങ്ങിന് നഷ്ടമായി. ഇപ്പോള്‍ കൂടെയുണ്ടായിരുന്ന രണ്ട് എംഎല്‍എമാര്‍ കൂടി കൂറുമാറിയതോടെ, സഭയിലെ എസ്ഡിഎഫിന്റെ ഏക അംഗമായി മാറി ചാംലിങ്. അഞ്ചുവട്ടം സംസ്ഥാനം ഭരിച്ച നേതാവ് പ്രതിപക്ഷ നേതൃപദവി പോലും ഇല്ലാതെ വെറും എംഎല്‍എയായി സഭയില്‍ മാറുകയും ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com