''നടപ്പിലാക്കിയത് കശ്മീര്‍ ജനതയുടെ ആഗ്രഹം'', ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി പ്രധാനമന്ത്രി; 73ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് രാജ്യം

ആര്‍ട്ടിക്കിള്‍ 370 ഇല്ലാതാക്കുക എന്നത് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്വപ്‌നമായിരുന്നു. അത് ഞങ്ങള്‍ സാക്ഷാത്കരിച്ചു
''നടപ്പിലാക്കിയത് കശ്മീര്‍ ജനതയുടെ ആഗ്രഹം'', ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി പ്രധാനമന്ത്രി; 73ാം സ്വാതന്ത്ര്യദിനം ആഘോഷിച്ച് രാജ്യം

ന്യൂഡല്‍ഹി: 73ാം സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി ചെങ്കോട്ടയില്‍ പതാക ഉയര്‍ത്തി. ഈ രാജ്യത്തിന് ഞാന്‍ നല്‍കിയ എല്ലാ വാഗ്ദാനങ്ങളും നിറവേറ്റുമെന്ന് രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ പല ഭാഗങ്ങളും പ്രളയക്കെടുതിയിലാണെന്ന ആശങ്ക പങ്കുവെച്ചാണ് മോദി പ്രസംഗം ആരംഭിച്ചത്. എത്രയും പെട്ടെന്ന് ഈ പ്രദേശങ്ങളെ സാധാരണ നിലയിലേക്ക് കൊണ്ടുവരുന്നതിന് വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയിട്ട് 10 ആഴ്ചയേ ആയുള്ളു. എന്നാല്‍ ഈ സമയത്തിനുള്ളില്‍ പല പ്രധാനപ്പെട്ട ചുവടുവയ്പ്പും ഞങ്ങള്‍ നടത്തി. ആര്‍ട്ടിക്കിള്‍ 370 ഇല്ലാതാക്കുക എന്നത് സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ സ്വപ്‌നമായിരുന്നു. അത് ഞങ്ങള്‍ സാക്ഷാത്കരിച്ചു. കഴിഞ്ഞ 70 വര്‍ഷമായി എല്ലാ സര്‍ക്കാരും ജമ്മു കശ്മീര്‍ പ്രശ്‌നത്തെ നേരിടാന്‍ ശ്രമിച്ചു. എന്നാല്‍ ഞങ്ങളാണ് കശ്മീരികളുടെ ആഗ്രഹം നിറവേറ്റിയത്. 70 വര്‍ഷത്തെ തെറ്റ് 70 ദിവസം കൊണ്ട് തിരുത്തി.

ആര്‍ട്ടിക്കിള്‍ 370 എടുത്തു കളയുന്നതില്‍ പാര്‍ലമെന്റിന്റെ പിന്തുണയും ഞങ്ങള്‍ക്ക് ലഭിച്ചെന്ന് പ്രധാനമന്ത്രി പറഞ്ഞു.  ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിലൂടെ ഒരു രാജ്യം ഒരു ഭരണഘടന എന്ന നേട്ടം കൈവരിക്കാനായി. മുത്തലാഖ് നിരോധിച്ചത് രാഷ്ട്രീയ തീരുമാനമായിരുന്നില്ല. മുസ്ലീം സഹോദരിമാര്‍ക്ക് അവരുടെ അവകാശം നേടിക്കൊടുത്തു.സ്ത്രീ ശാക്തീകരണത്തിന് ഇത് സഹായിക്കും.  പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ ഉന്നമനമാണ് സര്‍ക്കാര്‍ ലക്ഷ്യം. ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് എന്നതാണ് ഞങ്ങളുടെ അടുത്ത ലക്ഷ്യം. 

രാജ്യത്തെ കര്‍ഷകര്‍ക്കായി പെന്‍ഷന്‍ കൊണ്ടുവന്നു. ജലസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് നേരിടാന്‍ വേണ്ട സജ്ജീകരണങ്ങള്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തി. കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ തടയുന്നതിന് നിയമം കര്‍ക്കശമാക്കി. ഇന്ത്യന്‍ ജനതയാണ് 2019 തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്, മോദിയല്ല. രാജ്യത്തിനായി വീരമൃത്യുവരിച്ച സൈനീകരെ ഈ നിമിഷം ആദരിക്കുകയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com