ആരാകും ഏക സൈന്യാധിപന്‍ ?; മോദിയുടെ മനസ്സിലാര് ?; ചര്‍ച്ചകള്‍ സജീവം

നിലവില്‍ അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍, ചൈന എന്നീ രാജ്യങ്ങളിലാണ് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് പദവി ഉള്ളത്
ആരാകും ഏക സൈന്യാധിപന്‍ ?; മോദിയുടെ മനസ്സിലാര് ?; ചര്‍ച്ചകള്‍ സജീവം

ന്യൂഡല്‍ഹി : രാജ്യത്ത് മൂന്നുസേനകളുടെയും തലവനായി ഒറ്റ സൈന്യാധിപനെ നിയമിക്കുമെന്ന് സ്വാതന്ത്ര്യദിന പ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കിയതോടെ, ആരാകും പുതിയ സൈന്യാധിപന്‍ എന്നതിനെക്കുറിച്ച് ചര്‍ച്ചകളും ചൂടുപിടിച്ചു. കര, വ്യോമ, നാവിക സേനകളുടെ ഏകോപനത്തിനായി പുതിയ തലവനെ നിയമിക്കുമെന്നാണ് മോദി അറിയിച്ചത്. ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്നായിരിക്കും പുതിയ പദവിയുടെ പേരെന്നും മോദി പ്രഖ്യാപിച്ചു. 

നിലവില്‍ അമേരിക്ക, ഫ്രാന്‍സ്, ബ്രിട്ടന്‍, ചൈന എന്നീ രാജ്യങ്ങളിലാണ് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് (അല്ലെങ്കില്‍ സമാനസ്വഭാവമുള്ള പദവി) ഉള്ളത്. ഈ വികസിത രാജ്യങ്ങളുടെ ശൈലി പിന്തുടരുക എന്നതാണ് മോദിയുടെ മനസ്സിലുള്ള ലക്ഷ്യമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. ഒരു രാജ്യം, ഒരു ഭരണഘടന എന്ന മുദ്രാവാക്യത്തിന് പിന്നാലെയാണ് ഈ സുപ്രധാന പ്രഖ്യാപനം എന്നതും ശ്രദ്ധേയമാണ്. 

സിഡിഎസ് എന്ന ആവശ്യത്തിന് രണ്ടു പതിറ്റാണ്ടോളം പഴക്കമുണ്ട്. കാര്‍ഗില്‍ യുദ്ധത്തില്‍ നേരിട്ട പ്രതിസന്ധികളാണ് ഈ ആവശ്യത്തിലേയ്ക്ക് എത്തിച്ചത്. കാര്‍ഗില്‍ അനുഭവപാഠങ്ങളുടെ പശ്ചാത്തലത്തില്‍ കെ സുബ്രഹ്മണ്യം കമ്മറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് സിഡിഎസ് എന്ന നിര്‍ദേശം ഉയര്‍ന്നുവന്നത്. ഇപ്പോഴത്തെ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കറിന്റെ പിതാവാണ് കെ സുബ്രഹ്മണ്യം.

2001ല്‍ ഉപപ്രധാനമന്ത്രി എല്‍ കെ അഡ്വാനി അധ്യക്ഷനായ മന്ത്രിസഭാ സമിതി സിഡിഎസിന് ശുപാര്‍ശ ചെയ്തു. കാര്‍ഗില്‍ യുദ്ധാനന്തരം സേനയിലെ ഏകോപനങ്ങള്‍ക്കു രണ്ടു സംവിധാനങ്ങളാണുള്ളത്. ഒന്ന്, ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫ് ( സേന വിഭാഗങ്ങളും പ്രതിരോധ, വിദേശകാര്യമന്ത്രാലയവും ഉള്‍പ്പെടുന്നത്). രണ്ട്, ചീഫ്‌സ് ഓഫ് സ്റ്റാഫ് കമ്മറ്റി(മൂന്ന് സേന മേധാവികള്‍ ഉള്‍പ്പെട്ട സമിതി. മുതിര്‍ന്ന സേനമേധാവിയാണ് ഇതിന്റെ അധ്യക്ഷനാകുക.) ഇതു കൂടാതെയാണ് സിഡിഎസ് പദവിയും നിലവില്‍ വരുന്നത്.

ബിപിൻ റാവത്ത്, ബി എസ് ധനോവ
ബിപിൻ റാവത്ത്, ബി എസ് ധനോവ

2018ല്‍ പാര്‍ലമെന്റില്‍ സിഡിഎസ് രൂപീകരണവുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ചോദ്യത്തിന്, രാഷ്ട്രീയകക്ഷികളുമായി ചര്‍ച്ച നടന്നുവരികയാണെന്നാണ് അന്നത്തെ പ്രതിരോധസഹമന്ത്രി സുഭാഷ് ഭാംറെ മറുപടി നല്‍കിയത്. സൈനിക കാര്യങ്ങളില്‍ പ്രധാനമന്ത്രിയുടെയും പ്രതിരോധമന്ത്രിയുടെയും മുഖ്യ ഉപദേഷ്ടാവ് സിഡിഎസായിരിക്കും. പ്രതിരോധ ഇടപാടുകള്‍, ബജറ്റില്‍ മാറ്റിവയ്ക്കുന്ന തുകയുടെ വിനിയോഗം എന്നിവയുടെ മേല്‍നോട്ട ചുമതലയുമുണ്ടാകും. സേന നവീകരണത്തിന്റെ ചുമതലക്കാരനുമായിരിക്കും. 

പുതിയ പദവി മോദി പ്രഖ്യാപിച്ചതോടെ, പല പേരുകളും സിഡിഎസ് പദവിയിലേക്ക് ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. നിലവില്‍ മൂന്നുസേനകളിലും സീനിയര്‍ വ്യോമസേന മേധാവി ബി എസ് ധനോവയാണ്. എന്നാല്‍ അദ്ദേഹം സെപ്തംബര്‍ 30 ന് വിരമിക്കും. ഈ സാഹചര്യത്തില്‍ കരസേന മേധാവി ബിപിന്‍ റാവത്തിനാണ് ഏറ്റവും കൂടുതല്‍ സാധ്യത കല്‍പ്പിക്കപ്പെടുന്നത്. പുതിയ സൈന്യാധിപന്‍ യുദ്ധവേളയില്‍ തന്ത്രങ്ങള്‍ ആവിഷ്‌ക്കരിക്കുന്നതിലെ മുന്‍നിരക്കാരനാകുമെങ്കിലും ഓപ്പറേഷനല്‍ കമാന്‍ഡ് അധികാരമുണ്ടാകില്ല. കാര്യങ്ങള്‍ ആത്യന്തികമായി പ്രധാനമന്ത്രിയുടെ കൈകളില്‍ ഭദ്രമായിരിക്കും.ആണവായുധങ്ങള്‍ പ്രയോഗിക്കുന്ന വേളയില്‍ സിഡിഎസിന്റെ നിര്‍ദേശങ്ങള്‍ നിര്‍ണായകമായിരിക്കും. രാഷ്ട്രപതിയാണ് രാജ്യത്തിന്റെ സര്‍വ്വസൈന്യാധിപന്‍. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com