ചെറിയ കുടുംബമുള്ളവര്‍ രാജ്യസ്‌നേഹികള്‍; മോദിയെ പുകഴ്ത്തി പി ചിദംബരം

ചെറിയ കുടുംബമുള്ളവര്‍ രാജ്യസ്‌നേഹികള്‍; മോദിയെ പുകഴ്ത്തി പി ചിദംബരം
ചിദംബരം മോദിക്കൊപ്പം (ഫയല്‍)
ചിദംബരം മോദിക്കൊപ്പം (ഫയല്‍)

ന്യൂഡല്‍ഹി: സ്വാതന്ത്ര്യദിന സന്ദേശത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മുന്നോട്ടുവച്ച കാഴ്ചപ്പാടിനെ പുകഴ്ത്തി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം. ജനസംഖ്യാ നിയന്ത്രണം, ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്ക് ഒഴിവാക്കല്‍, ബിസിനസ് ലോകത്തെ ബഹുമാനിക്കല്‍ എന്നീ നിര്‍ദേശങ്ങളെ സ്വാഗതം ചെയ്താണ് ചിദംബരം രംഗത്തുവന്നത്.

സ്വാതന്ത്ര്യ ദിനത്തില്‍ പ്രധാനമന്ത്രി നടത്തിയ മൂന്നു പ്രഖ്യാപനങ്ങളെ ഏവരും സ്വാഗതം ചെയ്യേണ്ടതാണെന്ന് ചിദംബരം ട്വീറ്റ് ചെയ്തു. ചെറിയ കുടുംബം എന്നത് രാജ്യസ്‌നേഹികളുടെ കര്‍ത്തവ്യമാണ് എന്ന കാഴ്പ്പാട് സ്വാഗതം ചെയ്യപ്പെടേണ്ടതാണ്. സമ്പത്ത് സൃഷ്ടിക്കുന്നവരെ ബഹുമാനിക്കലും ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക് ഒഴിവാക്കലും സ്വാഗതാര്‍ഹമായ നിര്‍ദേശങ്ങളാണെന്ന് ചിദംബരം അഭിപ്രായപ്പെട്ടു. 

പ്രധാനമന്ത്രിയുടെ നിര്‍ദേശങ്ങളില്‍ ആദ്യത്തേതും അവസാനത്തതും ജനങ്ങള്‍ ഏറ്റെടുക്കേണ്ടതാണ്. അത് ഏറ്റെടുക്കാന്‍ സന്നദ്ധ സംഘടനകള്‍ രാജ്യത്ത് നിരവധിയുണ്ട്. രണ്ടാമത്തെ നിര്‍ദേശം ധനമന്ത്രിയും അവരുടെ കീഴിലുള്ള ഉദ്യോഗസ്ഥരുമാണ് നന്നായി മനസിലാക്കേണ്ടതെന്ന് ചിദംബരം പറഞ്ഞു. 

ചെറിയ കുടുംബമുള്ളവര്‍ അതിലൂടെ രാജ്യത്തോടുള്ള സ്‌നേഹമാണ് പ്രകടിപ്പിക്കുന്നത് എന്നാണ്, സ്വാതന്ത്ര്യ ദിന സന്ദേശത്തില്‍ പ്രധാനമന്ത്രി അഭിപ്രായപ്പെട്ടത്. കുഞ്ഞിനു ജന്മം നല്‍കും മുമ്പ്, ആ കുഞ്ഞിനാവശ്യമായതെല്ലാം നല്‍കാന്‍ തങ്ങള്‍ക്കാവുമോയെന്നു ചിന്തിക്കുന്ന ജാഗ്രതയുള്ള സമൂഹം നമുക്കു മുന്നിലുണ്ട്. അവര്‍ക്കു ചെറിയ കുടുംബങ്ങളാണുള്ളത്. അത് രാജ്യസ്‌നേഹത്തിന്റെ പ്രകടനാണ്- മോദി പറഞ്ഞു.

സമ്പത്ത സൃഷ്ടിക്കുക എന്നതും ദേശ സേവനമാണെന്നാണ്, ബിസിനസ് ലോകത്തെ പരാമര്‍ശിച്ചുകൊണ്ട് മോദി പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com