പെയിന്ററായുള്ള വേഷംമാറ്റം പൊളിച്ചു ; പച്ചക്കറി കച്ചവടക്കാരായി എത്തി കൊടുംഭീകരനെ പൊക്കി എന്‍ഐഎ 

ലോക്കല്‍ പൊലീസിനെപ്പോലും അറിയിക്കാതെ എന്‍ഐഎ സംഘം ഷെയ്ഖിനുവേണ്ടി വല വിരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഇന്‍ഡോര്‍ : പശ്ചിമബംഗാളിലെ ബര്‍ദ്വാനില്‍ 2014 ല്‍ ഉണ്ടായ ബോംബ് സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരനായ ഭീകരനെ ദേശീയ അന്വേഷണ ഏജന്‍സി അറസ്റ്റ് ചെയ്തു. കേസിലെ മുഖ്യപ്രതി സഹീറുള്‍ ഷെയ്ഖിനെയാണ് എന്‍ഐഎ അറസ്റ്റ് ചെയ്തത്. രണ്ടുദിവസം മുമ്പാണ് ഷെയ്ഖിനെ പിടികൂടിയതെങ്കിലും സ്വാതന്ത്ര്യദിനം കണക്കിലെടുത്ത് വിവരം രഹസ്യമായി സൂക്ഷിക്കുകയായിരുന്നു. 

2014 ല്‍ ബര്‍ദ്വാനിലെ വീട്ടിലുണ്ടായ സ്‌ഫോടനത്തില്‍ ഇന്ത്യന്‍ മുജാഹിദീന്‍ ഭീകരരെന്ന് സംശയിക്കുന്ന രണ്ടുപേരാണ് മരിച്ചത്. കേസ് അന്വേഷിക്കുന്ന എന്‍ഐഎ സംഘം ദീര്‍ഘകാലമായി ഷെയ്ഖിനു വേണ്ടി തിരച്ചില്‍ നടത്തി വരികയായിരുന്നു. അതിനിടെയാണ് അയാള്‍ ഇന്‍ഡോറില്‍ പെയിന്റിങ് തൊഴിലാളിയായി കഴിയുന്നുവെന്ന വിവരം അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് ലഭിച്ചത്. 

തുടര്‍ന്ന് ലോക്കല്‍ പൊലീസിനെപ്പോലും അറിയിക്കാതെ എന്‍ഐഎ സംഘം ഷെയ്ഖിനുവേണ്ടി വല വിരിച്ചു. സഹീറുള്‍ ഷെയ്ഖ് ഒളിവില്‍ കഴിഞ്ഞിരുന്ന ഇന്‍ഡോറിലെ കോഹിനൂര്‍ കോളനിയില്‍ പച്ചക്കറി കച്ചവടക്കാരുടെ വേഷത്തില്‍ തമ്പടിച്ചാണ് എന്‍ഐഎ സംഘം ഇയാളെ പിടികൂടിയത്. 

ഷെയ്ഖിനെ പിടികൂടിയശേഷമാണ് പൊലീസ് ഉദ്യോഗസ്ഥര്‍ പോലും വിവരം അറിഞ്ഞത്. അത്ര രഹസ്യമായിട്ടായിരുന്നു എന്‍ഐഎ നീക്കം. രാജ്യത്തെ മറ്റുപല നഗരങ്ങളിലും ഷെയ്ഖ് നേരത്തെ ഒളിവില്‍ കഴിഞ്ഞിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. ജമാത്ത് ഉല്‍ മുജാഹിദീന്‍ ബംഗ്ലാദേശ് എന്ന ഭീകര സംഘടനയിലെ സജീവ അംഗമാണ് സഹീറുല്‍ ഷെയ്ഖ് എന്നാണ് റിപ്പോര്‍ട്ട്. 

സ്‌ഫോടക വസ്തുക്കള്‍ ബര്‍ദ്വാനില്‍ എത്തിച്ചതിന് നേരത്തെ അറസ്റ്റിലായ റസാവുള്‍ കരീമിനോട് ഇയാള്‍ അടുത്ത ബന്ധം പുലര്‍ത്തിയിരുന്നുവെന്നും കണ്ടെത്തിയിട്ടുണ്ട്. ഭീകരസംഘടനയില്‍ നിന്നും പരിശീലനം ലഭിച്ച സഹീറുല്‍ ഷെയ്ഖ്, ബോംബ് നിര്‍മ്മാണത്തില്‍ വിദഗ്ധനാണ്. ഇന്‍ഡോറിലും ഇദ്ദേഹം സ്‌ഫോടനത്തിന് പദ്ധതിയിട്ടിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com