വെള്ളപ്പൊക്കം വരുന്നു... വീടൊഴിയുക, ചന്ദ്രബാബു നായിഡുവിന് നോട്ടീസ്, വീടിന് മുകളില്‍ ഡ്രോണ്‍ നിരീക്ഷണം, വിവാദം

അമരാവതിയിലെ ഉണ്ടാവല്ലിയില്‍ കൃഷ്ണാനദിക്കരയിലെ നായിഡുവിന്റെ വീട് ഒഴിയാനാണ് സംസ്ഥാന റവന്യൂ വകുപ്പ് ആവശ്യപ്പെട്ടിട്ടുള്ളത്
വെള്ളപ്പൊക്കം വരുന്നു... വീടൊഴിയുക, ചന്ദ്രബാബു നായിഡുവിന് നോട്ടീസ്, വീടിന് മുകളില്‍ ഡ്രോണ്‍ നിരീക്ഷണം, വിവാദം

ഹൈദരാബാദ് : ആന്ധ്രപ്രദേശ് മുന്‍ മുഖ്യമന്ത്രിയും തെലുങ്കുദേശം പാര്‍ട്ടി നേതാവുമായ ചന്ദ്രബാബു നായിഡുവിന് വീട് ഒഴിയാന്‍ ആവശ്യപ്പെട്ട് സര്‍ക്കാര്‍ നോട്ടീസ് നല്‍കി. അമരാവതിയിലെ ഉണ്ടാവല്ലിയില്‍ കൃഷ്ണാനദിക്കരയിലെ നായിഡുവിന്റെ വീട് ഒഴിയാനാണ് സംസ്ഥാന റവന്യൂ വകുപ്പ് ആവശ്യപ്പെട്ടിട്ടുള്ളത്. കൃഷ്ണ നദിയില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണെന്നും അതിനാല്‍ എത്രയും വേഗം വീട് ഒഴിയണമെന്നുമാണ് നിര്‍ദേശം. 

നായിഡുവിന് പുറമെ, പ്രദേശത്തെ മറ്റ് 32 കുടുംബങ്ങള്‍ക്ക് കൂടി റവന്യൂവകുപ്പ് നോട്ടീസ് നല്‍കിയിട്ടുണ്ട്. വെള്ളിയാഴ്ച 5.6 ലക്ഷം കുസെക്‌സ് ആയിരുന്ന ജലനിരപ്പ് ശനിയാഴ്ച രാവിലെ 7.66 ലക്ഷം കുസെക്‌സ് ആയാണ് ഉയര്‍ന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് എത്രയും വേഗം വീട് ഒഴിഞ്ഞ് താമസം മാറാന്‍ സര്‍ക്കാര്‍ ആവശ്യപ്പെട്ടത്. 

ശനിയാഴ്ച രാവിലെയാണ് റവന്യൂ അധികൃതര്‍ നായിഡുവിന്റെയും മറ്റ് 32 പേരുടെയും വീടുകള്‍ക്ക് മുന്നില്‍ മുന്നറിയിപ്പ് നോട്ടീസ് പതിപ്പിച്ചത്. അതിനിടെ നായിഡുവും കുടുംബവും ഹൈദരാബാദിലേക്ക് മാറിയതായും വീട്ടുജോലിക്കാര്‍ താഴത്തെ നിലയില്‍ നിന്നും വീട്ടുസാധനങ്ങള്‍ മുകള്‍ നിലയിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുണ്ട്. 

കൃഷ്ണ നദിക്കരയിലെ നായിഡുവിന്റെ വീട്
കൃഷ്ണ നദിക്കരയിലെ നായിഡുവിന്റെ വീട്

ഇതിനിടെ, ചന്ദ്രബാബു നായിഡുവിന്റെ വസതിക്ക് മുകളില്‍ ഡ്രോണ്‍ ക്യാമറ നിരീക്ഷണവും സംസ്ഥാന സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇത് രാഷ്ട്രീയ വിവാദത്തിനും വഴിവെച്ചിട്ടുണ്ട്. നദിയിലെ ജലനിരപ്പ് ഉയരുന്നത് വിലയിരുത്താനാണ് ക്യാമറ ഉപയോഗിക്കുന്നതെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. തീരപരിപാലന നിയമം ലംഘിച്ചാണ് വീട് നിര്‍മ്മിച്ചിട്ടുള്ളതെന്നും, വീട് മുങ്ങിപ്പോകാന്‍ സാധ്യതയുള്ളതിനാലാണ് നിരീക്ഷണം ശക്തമാക്കിയിട്ടുള്ളതെന്നും ഭരണകക്ഷിയായ വൈഎസ്ആര്‍ കോണ്‍ഗ്രസ് എംഎല്‍എയും പാര്‍ട്ടി വക്താവുമായ അമ്പാട്ടി രാംബാബു പറഞ്ഞു. 

എന്നാല്‍ നായിഡുവിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാനാണ് സര്‍ക്കാര്‍ ഡ്രോണിനെ വിട്ടതെന്നാണ് ടിഡിപി നേതാവും നായിഡുവിന്റെ മകനുമായ നാര ലോകേഷ് ആരോപിക്കുന്നു. വെള്ളപ്പൊക്കം ഉണ്ടാകുമെന്ന് പറഞ്ഞ് സര്‍ക്കാര്‍ ജനങ്ങളെ ഭീതിപ്പെടുത്തുകയാണ്. വീടിന്റെ ഔട്ട് ഹൗസ് വരെ മാത്രമേ വെള്ളം കയറിയിട്ടുള്ളൂവെന്നും ലോകേഷ് പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com