ഇന്ത്യ- പാകിസ്ഥാന്‍ അസ്വാരസ്യങ്ങള്‍ക്കിടെ ഗുജറാത്തില്‍ പാക് വധൂ വരന്‍മാരുടെ വിവാഹം

അതിര്‍ത്തി കടന്ന് പാകിസ്ഥാനില്‍ നിന്നെത്തിയ വധൂ വരന്‍മാര്‍ ഇന്ത്യയില്‍ വച്ച് വിവാഹിതരായി
ഇന്ത്യ- പാകിസ്ഥാന്‍ അസ്വാരസ്യങ്ങള്‍ക്കിടെ ഗുജറാത്തില്‍ പാക് വധൂ വരന്‍മാരുടെ വിവാഹം

അഹമ്മദാബാദ്: ജമ്മു കശ്മീരില്‍ ഭരണഘടനയുടെ 370ാം അനുച്ഛേദം ഭേദഗതി ചെയ്തതുമായി ബന്ധപ്പെട്ട് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ അസ്വാരസ്യങ്ങള്‍ നിലനില്‍ക്കുകയാണ്. അതിനിടെ അതിര്‍ത്തി കടന്ന് പാകിസ്ഥാനില്‍ നിന്നെത്തിയ വധൂ വരന്‍മാര്‍ ഇന്ത്യയില്‍ വച്ച് വിവാഹിതരായി. പാകിസ്ഥാനിലെ മഹേശ്വരി സമുദായത്തില്‍പ്പെട്ട വധൂ വരന്‍മാരാണ് ഗുജറാത്തിലെ രാജ്‌കോട്ടില്‍ നടന്ന സമൂഹ വിവാഹ വേദിയില്‍ ദാമ്പത്യ ജീവിതത്തിന് തുടക്കം കുറിച്ചത്. 

പാകിസ്ഥാനിലെ കറാച്ചി അടക്കമുള്ള മേഖലകളില്‍ നിന്നാണ് മഹേശ്വരി സമുദായത്തില്‍പ്പെട്ട വധൂ വരന്‍മാര്‍ വിവാഹിതരാകാന്‍ മാത്രമായി ഇന്ത്യയിലെത്തിയത്. പാകിസ്ഥാനിലെ നിയമമനുസരിച്ച് ആചാര പ്രകാരവും ചടങ്ങുകളോടെയുമുള്ള വിവാഹം അനുവദനീയമല്ലാത്തതിനാലാണ് അവര്‍ക്ക് അതിര്‍ത്തി കടന്ന് ഇന്ത്യയിലേയ്ക്ക് വരേണ്ടി വന്നത്. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ നിലനില്‍ക്കുന്ന സംഘര്‍ഷാവസ്ഥ ഇവരുടെ വിവാഹത്തിന് തടസമായില്ല.

എല്ലാ വര്‍ഷവും പാകിസ്ഥാനിലെ മഹേശ്വരി സമുദായത്തില്‍പ്പെട്ടവര്‍ രാജ്‌കോട്ടില്‍ എത്തിയാണ് വിവാഹച്ചടങ്ങുകള്‍ നടത്താറുള്ളത്. നിരവധി വധൂ വരന്‍മാര്‍ ഒരു വേദിയില്‍ ച്ചാണ് വിവാഹം കഴിക്കുന്നത്. വിവാഹത്തില്‍ പങ്കെടുക്കുന്നതിന് സമുദയത്തില്‍പ്പെട്ട നിരവധി പേരും ഇന്ത്യയില്‍ എത്താറുണ്ട്. 

പാകിസ്ഥാനില്‍ വിവാഹച്ചടങ്ങുകള്‍ നടത്തിയാല്‍ത്തന്നെ വിവാഹത്തോടനുബന്ധിച്ചുള്ള ആഘോഷ പരിപാടികള്‍ നടത്താന്‍ സാധിക്കാറില്ല. എന്നാല്‍ രാജ്‌കോട്ടില്‍ വച്ച് നടത്തുമ്പോള്‍ പാട്ടും നൃത്തവും അടക്കമുള്ള പരമ്പരാഗത ചടങ്ങുകള്‍ ഉള്‍പ്പെടെ വിവാഹം ആഘോഷമാക്കാന്‍ സാധിക്കും. ഇതിനാലാണ് വിവാഹത്തിനായി അതിര്‍ത്തി കടന്നു വരുന്നതെന്ന് ഇവര്‍ പറയുന്നു.

ഇന്ത്യയില്‍ രാജ്‌കോട്ട്, കച്ച് എന്നിവിടങ്ങളിലും മഹേശ്വരി സമുദായമുണ്ട്. വിഭജന കാലത്ത് ഈ വിഭാഗത്തില്‍പ്പെട്ട കുറേ കുടുംബങ്ങള്‍ പാകിസ്ഥാനില്‍ ഉള്‍പ്പെടുകയായിരുന്നു. ഇവരാണ് ഇപ്പോള്‍ വിവാഹത്തിനായി ഇന്ത്യയിലെത്തുന്നത്. ഇന്ത്യയില്‍ നിന്നുള്ളവര്‍ പാകിസ്ഥാന്‍ സ്വദേശികളായ മഹേശ്വരി സമുദായാംഗങ്ങളെ വിവാഹം കഴിക്കുന്നതും സാധാരണമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com