ഹരിയാനയില്‍ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്?; കോണ്‍ഗ്രസിന് ദിശാബോധം നഷ്ടപ്പെട്ടു, ദേശ സ്‌നേഹത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ഭൂപീന്ദര്‍ ഹൂഡ

കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് ഹരിയാനയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍  മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ ഹൂഡ.
ഹരിയാനയില്‍ കോണ്‍ഗ്രസ് പിളര്‍പ്പിലേക്ക്?; കോണ്‍ഗ്രസിന് ദിശാബോധം നഷ്ടപ്പെട്ടു, ദേശ സ്‌നേഹത്തില്‍ വിട്ടുവീഴ്ചയില്ലെന്ന് ഭൂപീന്ദര്‍ ഹൂഡ

ഹരിയാന: കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടിയെ പിന്തുണച്ച് ഹരിയാനയിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍  മുഖ്യമന്ത്രിയുമായ ഭൂപീന്ദര്‍ ഹൂഡ. ദേശ സ്‌നേഹത്തില്‍ വിട്ടുവീഴ്ചയ്ക്കില്ലെന്നും കോണ്‍ഗ്രസിന് ദിശാബോധം നഷ്ടമായെന്നും അദ്ദേഹം വിമര്‍ശിച്ചു. ഹരിയാന കോണ്‍ഗ്രസില്‍ തര്‍ക്കം രൂക്ഷമാവുകയും പാര്‍ട്ടി പിളര്‍പ്പിലേക്ക് നീങ്ങുകയും ചെയ്യുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നതിനിടെയാണ് ഹൂഡയുടെ പ്രസ്താവന.  

റോത്തക്കില്‍ ഹൂഡയുടെ നേതൃത്വത്തില്‍ നടക്കുന്ന മഹാപരിവര്‍ത്തന്‍ റാലിക്കിടെയാണ് കോണ്‍ഗ്രസിനെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചത്. അതേ സമയം ഭാവിയെക്കുറിച്ചുള്ള തന്റെ തീരുമാനം റാലിക്ക് ശേഷം അറിയാമെന്ന് ഹൂഡ പ്രതികരിച്ചു.  

ഹൂഡ ഡല്‍ഹിയിലെത്തി  എഐസിസി അധ്യക്ഷ സോണിയാഗാന്ധിയടക്കമുള്ള മുതിര്‍ന്ന നേതാക്കളെ കണ്ടതിന് ശേഷമാണ് റാലിയുമായി മുന്നോട്ട് പോയത്. ബിജെപിക്കെതിരായ റാലിയെന്നാണ് പ്രഖ്യപിച്ചിരിക്കുന്നതെങ്കിലും അദ്ദേഹത്തിന് വിരുദ്ധരായ നേതാക്കളെയൊന്നും റാലിക്ക് ക്ഷണിച്ചിട്ടില്ല. അതേ സമയം ഹൂഡയെ പിന്തുണക്കുന്ന പന്ത്രണ്ട് എംഎല്‍എമാരാണ് റാലിക്ക് നേതൃത്വം കൊടുക്കുന്നത്. 

പിസിസി അധ്യക്ഷന്‍ അശോക് തന്‍വര്‍, എഐസിസി വക്താവ് രണ്‍ദീപ് സിങ് സുര്‍ജേവാല, പ്രതിപക്ഷ നേതാവ് കിരണ്‍ ചൗധരി ഉള്‍പ്പെടെയുള്ളവരാണ് മറുപക്ഷത്ത്. ഹൂഡയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയായി ഉയര്‍ത്തിക്കൊണ്ടുവരണമെന്നാണ് അദ്ദേഹത്തോടൊപ്പമുള്ള നേതാക്കള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഹൈക്കമാന്‍ഡിന് ഇതിനോട് താത്പര്യമില്ല. ഈയൊരു സാഹചര്യത്തിലാണ് ഇത്തരമൊരു നീക്കം. നിലവില്‍ എന്‍സിപിയിലേക്ക് പോകുകയോ സ്വന്തം നിലയില്‍ പാര്‍ട്ടി പ്രഖ്യാപനം ഉണ്ടാവുകയോ ചെയ്യുമെന്ന തരത്തിലാണ് അഭ്യൂഹം പരക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com