'പീഡനാരോപണ വിധേയനില്‍ നിന്ന് മെഡല്‍ വേണ്ട'; ബിരുദദാന ചടങ്ങ് ബഹിഷ്‌കരിച്ചതിന്റെ കാരണം വ്യക്തമാക്കി ഒന്നാം റാങ്കുകാരി

ആരോപണ വിധേയനായ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയില്‍ നിന്ന് മെഡല്‍ വാങ്ങാന്‍ തന്റെ ധാര്‍മികത അനുവദിച്ചില്ല എന്നാണ് സുരഭി വ്യക്തമാക്കിയത്
'പീഡനാരോപണ വിധേയനില്‍ നിന്ന് മെഡല്‍ വേണ്ട'; ബിരുദദാന ചടങ്ങ് ബഹിഷ്‌കരിച്ചതിന്റെ കാരണം വ്യക്തമാക്കി ഒന്നാം റാങ്കുകാരി

ന്യൂഡല്‍ഹി; ലൈംഗിക പീഡനാരോപണ വിധേയനായ സുപ്രീംകോടതി ചീഫ് ജസ്റ്റിസില്‍ നിന്ന് മെഡല്‍ വാങ്ങാന്‍ കഴിയാത്തതിനാലാണ് ബിരുദദാന ചടങ്ങില്‍ നിന്ന് വിട്ടുനിന്നതെന്ന് ദേശിയ നിയമ സര്‍വകലാശാലയിലെ ഒന്നാം റാങ്കുകാരി സുരഭി കര്‍വ. ആരോപണ വിധേയനായ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയില്‍ നിന്ന് മെഡല്‍ വാങ്ങാന്‍ തന്റെ ധാര്‍മികത അനുവദിച്ചില്ല എന്നാണ് സുരഭി വ്യക്തമാക്കിയത്. കഴിഞ്ഞ ശനിയാഴ്ചയായിരുന്നു ബിരുദദാന ചടങ്ങുകള്‍. എന്നാല്‍ സ്വര്‍ണമെഡല്‍ ജേതാവായ സുരഭി ചടങ്ങില്‍ നിന്ന് വിട്ടു നിന്നത് വാര്‍ത്തയായിരുന്നു. അതിന് പിന്നാലെയാണ് തന്റെ നിലപാട് വ്യക്തമാക്കി സുരഭി തന്നെ രംഗത്തെത്തിയത്. 

ലീഗല്‍ വെബ്‌സൈറ്റായ ലൈവ് ലോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സുരഭി ചടങ്ങില്‍ പങ്കെടുക്കാതിരുന്നതിന്റെ കാരണം വ്യക്തമാക്കിയത്. 'സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയിക്കെതിരേ മുന്‍ ജീവനക്കാരി ലൈംഗിക പീഡനാരോപണമുന്നയിച്ചിരുന്നു. എന്നാല്‍ അദ്ദേഹത്തിന് ക്ലീന്‍ ചീട്ട് നല്‍കുന്നതിന് മുന്‍പ് സത്യസന്ധവും സുതാര്യവുമായ അന്വേഷണം നടത്തിയിരുന്നില്ല. അതുകൊണ്ട് തന്നെ പീഡനാരോപണ വിധേയനായ ചീഫ് ജസ്റ്റിസില്‍ നിന്നും പുരസ്‌കാരം സ്വീകരിക്കുന്നതിന് എന്റെ ധാര്‍മികത അനുവദിച്ചില്ല. അതുകൊണ്ടാണ് ചടങ്ങില്‍ നിന്ന് വിട്ട് നിന്നത്.'സുരഭി പറഞ്ഞു. 

അഭിഭാഷകരുടെ ധാര്‍മികതയേയും ഭരണഘടനാപരമായ നീതിയെക്കുറിച്ചുമാണ് താന്‍ പഠിച്ചത്. ഇത്തരമൊരു പുരസ്‌കാരം ലഭിക്കുന്നത് അഭിമാനകരമാണ്. അത് ഒരു വ്യക്തിയില്‍ നിന്ന് സ്വീകരിക്കുന്നുവെന്നതിലുപരിയായി തിരഞ്ഞെടുക്കപ്പെട്ടുവെന്നതിലാണ് അഭിമാനിക്കുന്നതെന്നും സുരഭി പറഞ്ഞു. 

ചീഫ് ജസ്റ്റിന്റെ ഓഫിസിലെ ജീവനക്കാരിയാണ് ആരോപണവുമായി രംഗത്തെത്തിയത്. ക്‌ലറിക്കല്‍ തസ്തികയിലുള്ള യുവതിയാണ് ചീഫ് ജസ്റ്റിസിനെതിരെ ആരോപണമുന്നയിച്ച് 22 ജഡ്ജിമാര്‍ക്ക് കത്തെഴുതിയത്. പ്രതിരോധത്തിലായ ചീഫ് ജസ്റ്റിസ് ഇത് ചര്‍ച്ച ചെയ്യാന്‍ പിറ്റേന്ന് തന്നെ സുപ്രീംകോടതിയില്‍ തീര്‍ത്തും നാടകീയമായി അടിയന്തര സിറ്റിംഗ് വിളിച്ചു ചേര്‍ത്തു. തനിക്കെതിരേ ഉയര്‍ന്ന ആരോപണം നിഷേധിച്ചു. തുടര്‍ന്ന് മറ്റൊരു സമിതി രൂപീകരിച്ച് ലൈംഗികാരോപണം അന്വേഷിക്കാന്‍ തീരുമാനിച്ചു. എന്നാല്‍ ഒരു തവണ മാത്രം സമിതിയ്ക്ക് മുന്നില്‍ ഹാജരായ ശേഷം യുവതി പരാതിയില്‍ നിന്ന് പിന്‍മാറുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com