പത്താം ക്ലാസ് പരീക്ഷ കൂടുതല്‍ എളുപ്പമാകും; പുതിയ മാറ്റങ്ങൾ അറിയിച്ച് സിബിഎസ്ഇ
By സമകാലിക മലയാളം ഡെസ്‌ക് | Published: 21st August 2019 03:58 PM |
Last Updated: 21st August 2019 03:58 PM | A+A A- |
ന്യൂഡല്‍ഹി: അടുത്ത വർഷം പത്താംക്ലാസ് ബോര്‍ഡ് പരീക്ഷയെഴുതുന്ന വിദ്യാര്‍ഥികള്‍ക്ക് കൂടുതല്‍ എളുപ്പമുള്ള ചോദ്യപ്പേപ്പറുകളാകും നല്‍കുകയെന്ന് സിബിഎസ്ഇ. വിവരണാത്മക രീതിയിലുള്ള ചോദ്യങ്ങളുടെ എണ്ണം കുറച്ചുകൊണ്ടാണ് പുതിയ പരിഷ്കരണം. ചോദ്യങ്ങളുടെ എണ്ണം കുറയുമ്പോള്‍ കുട്ടികള്‍ക്ക് കൂടുതല്‍ ആലോചിച്ച് നന്നായി എഴുതാനാകുമെന്നാണ് അധികൃതര്‍ പ്രതീക്ഷിക്കുന്നത്.
സമ്മര്‍ദമില്ലാതെ കൂടുതല്‍ സര്‍ഗ്ഗാത്മകമായി ഉത്തരങ്ങളെഴുതാന്‍ വിദ്യാര്‍ഥികള്‍ക്ക് ഇത് സഹായിക്കുമെന്നാണ് ബോര്‍ഡ് വിലയിരുത്തുന്നത്. ഹിന്ദി, ഇംഗ്ലീഷ്, സയന്‍സ്, ഗണിതം, സോഷ്യല്‍ സയന്‍സ്, സംസ്‌കൃതം എന്നീ വിഷയങ്ങളിലടക്കം 2020ലെ ബോര്‍ഡ് പരീക്ഷയിൽ വിവരണാത്മക ചോദ്യങ്ങളുടെ എണ്ണം കുറയ്ക്കുമെന്നാണ് ഇന്നലെ പോസ്റ്റ് ചെയ്ത ട്വീറ്റില്‍ ബോർഡ് അറിയിച്ചത്.
മള്‍ട്ടിപ്പിള്‍ ചോയ്‌സ് മാതൃകയിലുള്ള ചോദ്യങ്ങളടക്കം ഉൾപ്പെടുത്തി 25 ശതമാനം ഒബ്ജക്ടിവും 75 ശതമാനം വിവരണാത്മകവുമായ ചോദ്യങ്ങള്‍ ക്രമീകരിക്കാനും ശുപാര്‍ശയുണ്ട്. മൂല്യനിര്‍ണയ രീതിയിലും മാറ്റങ്ങൾ വരുത്തുമെന്ന് ഈ വര്‍ഷമാദ്യം സിബിഎസ്ഇ വ്യക്തമാക്കിയിരുന്നു. എന്നാൽ പാഠപുസ്തകങ്ങളില്‍ വലിയ മാറ്റംവരാതെ പരീക്ഷയില്‍ മാറ്റംവരുന്നതിനെ നിരവധിപ്പേർ എതിർത്തിട്ടുമുണ്ട്. പുതിയ മാറ്റം വഴി വിദ്യാര്‍ഥികള്‍ക്ക് പ്രത്യേകിച്ച് ഗുണഫലം കിട്ടില്ലെന്നാണ് വിമർശകരുടെ അഭിപ്രായം.