ചിദംബരത്തിന് തിരിച്ചടി; ഹര്‍ജി അടിയന്തരമായി പരിഗണിച്ചില്ല; വീണ്ടും ചീഫ് ജസ്റ്റിസിനു മുന്നിലേക്ക്

ചീഫ് ജസ്റ്റിസിനു മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവുവെന്ന് ജസ്റ്റിസ് രമണ
ചിദംബരത്തിന് തിരിച്ചടി; ഹര്‍ജി അടിയന്തരമായി പരിഗണിച്ചില്ല; വീണ്ടും ചീഫ് ജസ്റ്റിസിനു മുന്നിലേക്ക്

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ കേസില്‍ അറസ്റ്റ് ഒഴിവാക്കാന്‍ സുപ്രീം കോടതിയെ സമീപിച്ച മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന് വീണ്ടും തിരിച്ചടി. ചിദംബരത്തിന്റെ ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം ജസ്റ്റിസ് എന്‍വി രമണ പരിഗണിച്ചില്ല. ചീഫ് ജസ്റ്റിസിനു മാത്രമേ ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനാവുവെന്ന് ജസ്റ്റിസ് രമണ അറിയിച്ചു.

ചീഫ് ജസ്റ്റിസിനെ സമീപിക്കാന്‍ രാവിലെ, കേസ് മെന്‍ഷന്‍ ചെയ്ത ചിദംബരത്തിന്റെ അഭിഭാഷകന്‍ കപില്‍ സിബലിനോട് ജസ്റ്റിസ് രമണ നിര്‍ദേശിച്ചിരുന്നു. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അയോധ്യാ കേസ് പരിഗമിക്കുന്ന ഭരണഘടനാ ബെഞ്ചില്‍ ആയതിനാല്‍ സിബലിന് ഹര്‍ജി മെന്‍ഷന്‍ ചെയ്യാനായില്ല. ഇക്കാര്യം ചൂണ്ടിക്കാട്ടി ഉച്ചയ്ക്ക് സിബല്‍ വീണ്ടും ജസ്റ്റിസ് രമണയെ സമീപിക്കുകയായിരുന്നു.

ഈ കോടതിയെത്തന്നെ സമീപിക്കുകയല്ലാതെ മറ്റു മാര്‍ഗമില്ലെന്ന്, ജസ്റ്റിസ് രമണയുടെ ബെഞ്ചിലെത്തി സിബല്‍ അറിയിച്ചു. കേസുമായി സഹകരിക്കുന്ന ചിദംബത്തിനെതിരെ ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിച്ചിരിക്കുകയാണെന്നും അറസ്റ്റ് തടയണമെന്ന ഹര്‍ജി അടിയന്തരമായി പരിഗണിക്കണമെന്നും സിബല്‍ ആവശ്യപ്പെട്ടു.

ചിദംബരത്തിന്റെ ഹര്‍ജിയില്‍ രജിസ്ട്രി പിഴവുകള്‍ കണ്ടെത്തിയിട്ടുണ്ടെന്ന് ജസ്റ്റിസ് രമണ അറിയിച്ചു. തുടര്‍ന്നു രജിസ്ട്രാറെ കോടതിയിലേക്കു വിളിപ്പിച്ചു. പിഴവുകള്‍ തിരുത്തിയതായി രജിസ്ട്രാര്‍ അറിയിച്ചെങ്കിലും കേസ് ലിസ്റ്റ് ചെയ്യാത്തതിനാല്‍ പരിഗണിക്കാനാവില്ലെന്ന് ജസ്റ്റിസ് രമണ അറിയിക്കുകയായിരുന്നു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com