ചിദംബരത്തെ സിബിഐ ആസ്ഥാനത്ത് എത്തിച്ചു; നാളെ കോടതിയില്‍ ഹാജരാക്കും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st August 2019 11:08 PM  |  

Last Updated: 21st August 2019 11:08 PM  |   A+A-   |  

chidambaram2


ന്യൂഡല്‍ഹി; ഐഎന്‍എക്‌സ് മാക്‌സ് മീഡിയ കേസില്‍ അറസ്റ്റിലായ മുന്‍ കേന്ദ്രമന്ത്രി പി. ചിദംബരത്തെ സിബിഐ ആസ്ഥാനത്ത് എത്തിച്ച് ചോദ്യം ചെയ്യുന്നു. നാളെ സിബിഐ കോടതിയില്‍ ഹാജരാക്കും. അതിനിടെ കേന്ദ്രമന്ത്രിയായിരിക്കുമ്പോള്‍ അദ്ദേഹം നടത്തിയ മറ്റ് എഫ്‌ഐപിബി ക്ലിയറന്‍സുകളെക്കുറിച്ചറിയാന്‍ ചിദംബരത്തെ വിശദമായി ചോദ്യം ചെയ്യാനാണ് സിബിഐ തീരുമാനം. അങ്ങനെയെങ്കില്‍ അദ്ദേഹത്തെ കസ്റ്റഡിയില്‍ വാങ്ങാനുള്ള ശ്രമങ്ങളായിരിക്കും സിബിഐ നടത്തുക. 

നാളെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ ജാമ്യ ലഭിക്കാനായിരിക്കും ചിദംബരത്തിന്റെ അഭിഭാഷകര്‍ ശ്രമിക്കുക. എന്നാല്‍ അദ്ദേഹത്തെ കസ്റ്റഡിയില്‍ നല്‍കാന്‍ കോടതി തീരുമാനിച്ചാല്‍ കസ്റ്റഡി കാലയളവ് തീരുന്നതുവരെ അദ്ദേഹത്തിന് ജാമ്യം ലഭിക്കില്ല. 

ജോര്‍ബാഗിലെ വീട്ടില്‍ നിന്നാണ് രാത്രി പത്ത് മണിയോടെ സിബിഐ സംഘം അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്. കോണ്‍ഗ്രസ് ആസ്ഥാനത്തു നിന്ന് പത്രസമ്മേളനം നടത്തിയതിന് ശേഷം വീട്ടിലക്ക് എത്തിയ ചിദംബരത്തെ നാടകീയ നീക്കങ്ങളിലൂടെയാണ് സിബിഐ കസ്റ്റഡിയിലെടുത്തത്.പാര്‍ട്ടി ആസ്ഥാനത്തെത്തിയ ചിദംബരം നേതാക്കള്‍ക്കൊപ്പം വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തശേഷമാണ് ജോര്‍ബാഗിലെ വസതിയിലേക്ക് പോയത്. സിബിഐ സംഘം എത്തുന്നുണ്ടെന്ന് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് അദ്ദേഹം എഐസിസി ആസ്ഥാനത്തുനിന്ന് പെട്ടെന്ന് മടങ്ങിയത്. ചിദംബരവും അഭിഭാഷകരും അടങ്ങുന്ന സംഘം വസതിയിലേക്ക് കടന്നതിനു പിന്നാലെ സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ ഗേറ്റ് അടച്ചു. സിബിഐ ആവശ്യപ്പെട്ടെങ്കിലും ഗേറ്റ് തുറക്കാതിരുന്നതിനാല്‍ ഗേറ്റ് ചാടിക്കടക്കുകയായിരുന്നു ഉദ്യോഗസ്ഥര്‍.