രണ്ട് മണിക്കൂറിനുള്ളില്‍ ഹാജരാവണം, ചിദംബരത്തിന്റെ വസതിയില്‍ നോട്ടീസ് പതിച്ച് സിബിഐ, നീക്കം അര്‍ധരാത്രിയോടെ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 21st August 2019 12:46 AM  |  

Last Updated: 21st August 2019 12:46 AM  |   A+A-   |  

chidambharam

 

ന്യൂഡല്‍ഹി: മുന്‍ കേന്ദ്ര മന്ത്രി പി ചിദംബരത്തോട് രണ്ട് മണിക്കൂറിനുള്ളില്‍ ഹാജരാവാന്‍ നിര്‍ദേശിച്ച് സിബിഐ നോട്ടീസ്. ചിദംബരത്തിന്റെ ഡല്‍ഹി ജോര്‍ബാഗിലുള്ള വസതിയില്‍ ചൊവ്വാഴ്ച അര്‍ധരാത്രിയോടെയാണ് സിബിഐ നോട്ടീസ് പതിച്ചത്. 

ഡല്‍ഹി ഹൈക്കോടതി മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനെ തുടര്‍ന്ന് ചിദംബരം സൂപ്രീംകോടതിയെ സമീപിക്കാനിരിക്കെയാണ് രണ്ട് മണിക്കൂറിനുള്ളില്‍ ഹാജരാവാന്‍ നിര്‍ദേശിച്ച് സിബിഐ ചിദംബരത്തിന്റെ വസതിയില്‍ നോട്ടീസ് പതിച്ചത്. 

സിബിഐ നോട്ടീസ് പതിച്ച ജോര്‍ബാഗിലെ വസതിയില്‍ ചിദംബരം ഇപ്പോള്‍ ഇല്ലെന്നാണ് റിപ്പോര്‍ട്ട്. എവിടെയാണ് ചിദംബരം എന്ന കാര്യത്തില്‍ വ്യക്തതയില്ല. ചൊവ്വാഴ്ച വൈകീട്ടോടെ ചിദംബരത്തിന്റെ വസതിയില്‍ സിബിഐ സംഘം എത്തിയിരുന്നു. അറസ്റ്റ് ഉണ്ടായേക്കും എന്ന റിപ്പോര്‍ട്ടുകള്‍ വന്നെങ്കിലും ചിദംബരം അവിടെയില്ലെന്ന മറുപടി കിട്ടിയതോടെ സിബിഐ സംഘം മടങ്ങി.

സിബിഐ സംഘം മടങ്ങിയതിന് പിന്നാലെ അവിടേക്ക് എന്‍ഫോഴ്‌സ്‌മെന്റ് സംഘം എത്തിയിരുന്നു. ഐഎന്‍എക്‌സ് മീഡിയ എന്ന മാധ്യമ കമ്പനിക്ക് വഴിവിട്ട് വിദേശഫണ്ട് സ്വീകരിക്കാന്‍ വഴിയൊരുക്കിയതിന് പ്രതിഫലമായി ചിദംബരത്തിന്റെ മകന്‍ കാര്‍ത്തി ചിദംബരത്തിന് കോഴപ്പണവും പദവികളും ലഭിച്ചുവെന്നാണ് കേസ്.