വല വിരിച്ച് സിബിഐ ; മൂന്നാം വട്ടവും സിബിഐ സംഘം ചിദംബരത്തിന്റെ വീട്ടിലെത്തി

By സമകാലിക മലയാളം ഡെസ്‌ക്  |   Published: 21st August 2019 09:08 AM  |  

Last Updated: 21st August 2019 09:08 AM  |   A+A-   |  

 

ന്യൂഡല്‍ഹി : ഐഎന്‍എസ് മാക്‌സ് മീഡിയ അഴിമതിക്കേസില്‍ മുന്‍ കേന്ദ്രമന്ത്രി പി ചിദംബരത്തെ അറസ്റ്റ് ചെയ്യാനുള്ള തീരുമാനത്തിലുറച്ച് സിബിഐ. ഇന്നു രാവിലെയും സിബിഐ സംഘം ചിദംബരത്തിന്റെ വീട്ടിലെത്തി. എന്നാല്‍ ചിദംബരം ഇല്ലാത്തതിനാല്‍ സംഘം മടങ്ങി. ഇത് മൂന്നാം തവണയാണ് സിബിഐ സംഘം ചിദംബരത്തിന്റെ വീട്ടിലെത്തുന്നത്. 

ഇന്നലെ അര്‍ധരാത്രി ചിദംബരത്തിന്റെ വീട്ടിലെത്തിയ സിബിഐ സംഘം രണ്ട് മണിക്കൂറിനകം ഹാജരാകണമെന്ന് കാണിച്ച് വീടിന് മുന്നില്‍ നോട്ടീസ് പതിപ്പിച്ചിരുന്നു. എന്നാല്‍ സിബിഐക്ക് മുന്നില്‍ ഹാജരാകാതിരുന്ന ചിദംബരം, അഭിഭാഷകന്‍ മുഖേന രാവിലെ 10.30 വരെ സമയം അനുവദിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു. 

ചിദംബരം നല്‍കിയ മുന്‍കൂര്‍ജാമ്യഹര്‍ജി രാവിലെ സുപ്രിംകോടതി ചീഫ് ജസ്റ്റിസിന്റെ  ശ്രദ്ധയില്‍ക്കൊണ്ടുവരാനാണ് ചിദംബരത്തിന്റെ അഭിഭാഷകന്‍ അര്‍ഷ്ദീപ് സിങ് ഖുറാനയുടെ നീക്കം. ഇതിനാലാണ് രാവിലെ 10.30 വരെ അറസ്റ്റ് ഒഴിവാക്കണമെന്ന് ഖുറാന സിബിഐയോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഈ നിര്‍ദേശം സിബിഐ തള്ളിയതായാണ് സൂചന. ചിദംബരത്തിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളിയതോടെയാണ് സിബിഐ അറസ്റ്റ് നടപടിക്ക് വേഗം കൂട്ടിയത്. 

ഐഎന്‍എക്‌സ് മീഡിയ ഇടപാടിലെ അഴിമതി, കള്ളപ്പണം വെളുപ്പിക്കല്‍ കേസുകളിലാണ് ചിദംബരത്തിന്റെ മുന്‍കൂര്‍ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയത്. അറസ്റ്റില്‍നിന്നു മൂന്നുദിവസത്തേക്ക് ഇടക്കാല സംരക്ഷണം നല്‍കണമെന്ന അദ്ദേഹത്തിന്റെ അപേക്ഷയും ജസ്റ്റിസ് സുനില്‍ ഗൗര്‍ നിരസിച്ചു.

ചിദംബരത്തിന് ജൂലായ് 25 മുതല്‍ പലതവണയായി ഹൈക്കോടതി അറസ്റ്റില്‍നിന്ന് സംരക്ഷണം നീട്ടിനല്‍കി വരികയായിരുന്നു. കേസില്‍ കാര്യക്ഷമമായി അന്വേഷണം നടത്താന്‍ കസ്റ്റഡിയില്‍ ചോദ്യംചെയ്യേണ്ടതുണ്ടെന്ന് പ്രഥമദൃഷ്ട്യാ ബോധ്യപ്പെട്ടെന്ന് ജസ്റ്റിസ് ഗൗര്‍ വിധിയില്‍ പറഞ്ഞു. ചിദംബരത്തിന്റെ മകന്‍ കാര്‍ത്തിയെ ഈ കേസില്‍ നേരത്തേ അറസ്റ്റുചെയ്തിരുന്നു.

ചിദംബരം ധനമന്ത്രിയായിരിക്കേ ഐ എന്‍ എക്‌സ് മീഡിയക്ക് 305 കോടി രൂപയുടെ വിദേശനിക്ഷേപം സ്വീകരിക്കാന്‍ വിദേശനിക്ഷേപപ്രോത്സാഹന ബോര്‍ഡിന്റെ (എഫ്.ഐ.പി.ബി.) അനുമതി നല്‍കിയതുസംബന്ധിച്ചാണു കേസ്. ഇടപാടിലെ അഴിമതിയെക്കുറിച്ച് സി.ബി.ഐ.യും കള്ളപ്പണം വെളുപ്പിക്കലിനെപ്പറ്റി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റുമാണ് അന്വേഷിക്കുന്നത്. രണ്ടുകേസിലെയും മുന്‍കൂര്‍ ജാമ്യാപേക്ഷകളാണ് ഹൈക്കോടതി ചൊവ്വാഴ്ച തള്ളിയത്.