'ഞാന്‍ റാഗ് ചെയ്യപ്പെട്ടതിന്റെ പത്ത് ശതമാനം പോലും അവര്‍ അനുഭവിച്ചിട്ടില്ല'; വിവാദമായി വൈസ് ചാന്‍സിലറുടെ പ്രതികരണം

താന്‍ അനുഭവിച്ചതിന്റെ പത്ത് ശതമാനം പോലും ഇപ്പോള്‍ റാഗ് ചെയ്യപ്പെട്ട കുട്ടികള്‍ അനുഭവിച്ചിട്ടില്ല എന്നായിരുന്നു സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ രാജ് കുമാറിന്റെ പ്രതികരണം
'ഞാന്‍ റാഗ് ചെയ്യപ്പെട്ടതിന്റെ പത്ത് ശതമാനം പോലും അവര്‍ അനുഭവിച്ചിട്ടില്ല'; വിവാദമായി വൈസ് ചാന്‍സിലറുടെ പ്രതികരണം

ലഖ്‌നൗ; ഉത്തര്‍പ്രദേശ് യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സിലെ 150 വിദ്യാര്‍ത്ഥികളെ റാഗിങ്ങിന് ഇരയാക്കി മൊട്ടയടിച്ചത് വാര്‍ത്തയായിരുന്നു. സംഭവത്തില്‍ വൈസ് ചാന്‍സിലറുടെ പ്രതികരണം പുതിയ വിവാദങ്ങള്‍ക്ക് കാരണമായിരിക്കുകയാണ്. താന്‍ അനുഭവിച്ചതിന്റെ പത്ത് ശതമാനം പോലും ഇപ്പോള്‍ റാഗ് ചെയ്യപ്പെട്ട കുട്ടികള്‍ അനുഭവിച്ചിട്ടില്ല എന്നായിരുന്നു സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ രാജ് കുമാറിന്റെ പ്രതികരണം. 

'എണ്‍പതുകളില്‍ വിദ്യാര്‍ത്ഥിയായിരുന്ന സമയത്ത് ഞാനും റാഗ് ചെയ്യപ്പെട്ടിട്ടുണ്ട്. ഞാന്‍ അനുഭവിച്ചതിന്റെ പത്ത് ശതമാനം പോലും  ഇപ്പോള്‍ റാഗ് ചെയ്യപ്പെട്ട കുട്ടികള്‍ അനുഭവിച്ചിട്ടില്ല. ആസമയത്ത് സീനിയേഴ്‌സിനെ ഭയന്ന് പലപ്പോഴും മതിലു ചാടേണ്ടി വന്നിട്ടുണ്ട്. പിന്നീട് ഇതേ സീനിയേഴ്‌സ് തന്നെ ചായയും സമൂസയും വാങ്ങിത്തന്നിട്ടുണ്ട്' രാജ് കുമാര്‍ പറഞ്ഞു. 

ഉത്തര്‍പ്രദേശിലെ സഫായ് ഗ്രാമത്തിലുള്ള ഉത്തര്‍പ്രദേശ് യൂണിവേഴ്‌സിറ്റി ഓഫ് മെഡിക്കല്‍ സയന്‍സിലാണ് ക്രൂരമായ റാഗിങ് നടന്നത്. സീനിയര്‍ വിദ്യര്‍ത്ഥികള്‍ 150 ജൂനിയര്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് മൊട്ടയടിപ്പിച്ച് റോഡിലൂടെ നടത്തിയതായാണ് ആരോപണം. ക്യാമ്പസ്സില്‍ റാഗിങ് തടയാന്‍ സ്‌പെഷ്യല്‍ സ്‌ക്വാഡുകള്‍ ഉണ്ടെന്നും ഇതിന് മുമ്പ് റിപ്പോര്‍ട്ട് ചെയ്ത സംഭവങ്ങളില്‍ നടപടി എടുത്തിട്ടുണ്ടെന്നും വൈസ് ചാന്‍സിലര്‍ വ്യക്തമാക്കി.

മൂന്ന്  വീഡിയോകളാണ് റാഗിങ്ങിന്റേതായി പുറത്തുവന്നത്. വെള്ള വസ്ത്രം ധരിച്ച് തല മൊട്ടയടിച്ച വിദ്യാര്‍ത്ഥികള്‍ വരിയായി നടന്നുപോകുന്നതാണ് ഒന്നാമത്തെ വീഡിയോയില്‍ ഉള്ളത്. ജോഗിങിനു പോകുമ്പോള്‍ ഒരു സംഘം സീനിയേഴ്‌സിനെ വിദ്യാര്‍ത്ഥികള്‍ സല്യൂട്ട് ചെയ്യുന്നത് രണ്ടാമത്തെ വീഡിയോയില്‍ കാണാം. വിദ്യാര്‍ത്ഥികളുടെ അടുത്തേക്ക് നടക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥനെയാണ് മൂന്നാമത്തെ വീഡിയോയില്‍ കാണാന്‍ സാധിക്കുന്നത്. എന്നാല്‍ ഇയാള്‍ എന്തെങ്കിലും നടപടിയെടുക്കാന്‍ ശ്രമിക്കുന്നതായി വീഡിയോയില്‍ കാണാന്‍ സാധിക്കുന്നില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com