അഴിമതിക്കാര്‍ പരക്കംപായുന്നു, അവര്‍ എത്തേണ്ടിടത്ത് എത്തും: പ്രധാനമന്ത്രി

ഒരിക്കല്‍ നേടാനാകാത്തതെന്ന് പലരും കരുതിയിരുന്ന പല നേട്ടങ്ങളും ഇന്ത്യ കൈവരിച്ചു
പ്രധാനമന്ത്രി നരേന്ദ്ര മോദി യുനെസ്‌കോ ആസ്ഥാനത്തേക്ക് എത്തുന്നു/ പിടിഐ
പ്രധാനമന്ത്രി നരേന്ദ്ര മോദി യുനെസ്‌കോ ആസ്ഥാനത്തേക്ക് എത്തുന്നു/ പിടിഐ

പാരീസ്: പൊതുമുതല്‍ കൊള്ളയടിക്കല്‍, സ്വജനപക്ഷപാതം, തീവ്രവാദം പോലുള്ള സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരായ ശക്തമായ നടപടികളാണ് ഇന്ത്യ കൈക്കൊള്ളുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അഴിമതിക്കാര്‍ ഇപ്പോള്‍ പരക്കം പായുകയാണെന്നും അവര്‍ എത്തേണ്ടിടത്ത് എത്തുമെന്നും മോദി പറഞ്ഞു. പാരിസില്‍ ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി.

ഒരു പുതിയ ഇന്ത്യയെ നിര്‍മ്മിക്കുക എന്നതാണ് 2019 തിരഞ്ഞെടുപ്പ് വിജയം തന്നെ ഏല്‍പ്പിച്ച ഉത്തരവാദിത്തം. കഴിഞ്ഞ അഞ്ച് വര്‍ഷക്കാലം സര്‍ക്കാര്‍ നടപ്പിലാക്കിയ പദ്ധതികളിലൂടെ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കാന്‍ കഴിഞ്ഞു. പല പഠനങ്ങളും തെളിയിക്കുന്നത് ഇന്ത്യയില്‍ വലിയ അളവിലുള്ള ദാരിദ്ര നിര്‍മാര്‍ജനം നടന്നുകഴിഞ്ഞു എന്നാണ്. ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ പദ്ധതി നടപ്പിലാക്കിയത് ഇന്ത്യയിലാണെന്നു പ്രധാനമന്ത്രി പറഞ്ഞു. 

ഒരിക്കല്‍ നേടാനാകാത്തതെന്ന് പലരും കരുതിയിരുന്ന പല നേട്ടങ്ങളും ഇന്ത്യ കൈവരിച്ചു. മുത്തലാക്ക് മനുഷ്യത്വ വിരുദ്ധമായ ആചാരമായിരുന്നു. ആയിരക്കണക്കിന് മുസ്ലിം സ്ത്രീകളോട് അനീതി ചെയ്തിരുന്ന ആ ആചാരം നാം അവസാനിപ്പിച്ചു-പ്രധാനമന്ത്രി പറഞ്ഞു.

യുനസ്‌കോ ആസ്ഥാനത്ത് നടന്ന പരിപാടിയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്തത്. എയര്‍ ഇന്ത്യയുടെ രണ്ട് വിമാനാപകടങ്ങളില്‍ കൊല്ലപ്പെട്ടവര്‍ക്കുള്ള സ്മാരകവും ഫ്രാന്‍സിലെ സാന്റ് ജെര്‍വേയില്‍ പ്രധാനമന്ത്രി അനാഛാദനം ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com