'ചരിത്രപരമായ മണ്ടത്തരം തിരുത്തിയിരിക്കുന്നു'; അവസാനമായി ജയ്റ്റ്‌ലി ഇങ്ങനെയെഴുതി

അവശനിലയിലാകുന്നതു വരെയും രാഷ്ട്രീയകാര്യങ്ങളില്‍ അതീവ തത്പരനായി ഇടപെട്ടിരുന്ന നേതാവിയിരുന്നു അന്തരിച്ച മുന്‍ ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി
പാര്‍ലമെന്റിന് മുന്നില്‍ അരുണ്‍ ജയ്റ്റ്‌ലി /ചിത്രം: എക്‌സ്പ്രസ്‌
പാര്‍ലമെന്റിന് മുന്നില്‍ അരുണ്‍ ജയ്റ്റ്‌ലി /ചിത്രം: എക്‌സ്പ്രസ്‌

വശനിലയിലാകുന്നതു വരെയും രാഷ്ട്രീയകാര്യങ്ങളില്‍ അതീവ തത്പരനായി ഇടപെട്ടിരുന്ന നേതാവിയിരുന്നു അന്തരിച്ച മുന്‍ ധനകാര്യ മന്ത്രി അരുണ്‍ ജയ്റ്റ്‌ലി. കശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ന്റെ റദ്ദാക്കലിനെക്കുറിച്ചും മുത്തലാഖ് നിരോധന നിയമത്തെക്കുറിച്ചുമായിരുന്നു ബിജെപിയുടെ സമുന്നതാനായ നേതാവിന്റേതായി അവസാനാമായി പുറത്തെത്തിയ അഭിപ്രായ പ്രകടനം. സ്വന്തം ബ്ലോഗിലെഴുതിയ കുറിപ്പില്‍, ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുന്നതിനെ 'ചരിത്രപരമായ മണ്ടത്തരം തിരുത്തിയിരിക്കുന്നു' എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. 

ദേശീയോദ്ഗ്രഥനം ഉയര്‍ത്തിപ്പിടിക്കുന്ന മഹത്തായ തീരുമാനമാണ് ഇതെന്നായിരുന്നു 'PM Narendra Modi and HM Amit Shah Achieve the Impossible' എന്ന തന്റെ അവസാന ബ്ലോഗില്‍ എഴുതിയത്. 

ഭരണഘടനയുടെ 368ാം അനുച്ഛേദം അനുസരിച്ചുളള നടപടികള്‍ പാലിക്കാതെ പിന്‍വാതിലിലൂടെയാണ് ആര്‍ട്ടിക്കിള്‍ 35എ ഭരണഘടനയില്‍ തിരുകിക്കയറ്റിയതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. മുത്തലാഖ് നിരോധന നിയമം പാസാക്കിയതിനും ആര്‍ട്ടിക്കിള്‍ 370 എടുത്തു കളഞ്ഞതിനുമൊപ്പം തീവ്രവാദ വിരുദ്ധ നിയമം ശക്തപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ച കേന്ദ്രസര്‍ക്കാരിനെ അദ്ദേഹം അഭിനന്ദിച്ചു. 

ഡല്‍ഹിയിലെ ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റിയൂട്ട് ഒഫ് മെഡിക്കല്‍ സയന്‍സസിലായിരുന്നു 66കാരനായ ബിജെപി അതികായന്റെ അന്ത്യം. ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് കഴിഞ്ഞ ഒന്‍പതിനാണ് ജയ്റ്റ്‌ലിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. വൃക്കസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് അല്‍പ്പകാലമായി ചികിത്സയിലും വിശ്രമത്തിലായിരുന്നു ജയ്റ്റ്‌ലി. ആരോഗ്യ സംബന്ധമായ പ്രശ്‌നങ്ങളെത്തുടര്‍ന്ന് ഇക്കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നില്ല.

വാജ്‌പേയ്, അഡ്വാനി നിരയ്ക്കു പിന്നിലായി ബിജെപിയുടെ രണ്ടാം തലമുറയിലെ പ്രമുഖ മുഖമായിരുന്നു അരുണ്‍ ജയ്റ്റ്‌ലി. വാജ്‌പേയ്, ഒ്ന്നാം മോദി സര്‍ക്കാരുകളില്‍ മന്ത്രിയായിരുന്ന അദ്ദേഹം ധനകാര്യം, പ്രതിരോധം, വാണിജ്യം, നിയമം, വാര്‍ത്താ വിതരണം എന്നീ വകുപ്പുകള്‍ കൈകാര്യം ചെയ്തിട്ടുണ്ട്. രാജ്യസഭയില്‍ ബിജെപിയുടെ കക്ഷി നേതാവായും പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com