ബിജെപിയെയും 'ബന്ദി'യാക്കി  വിമതര്‍; കര്‍ണാടകയില്‍ വകുപ്പു വിഭജനം വൈകുന്നു, പ്രതിസന്ധി

കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ വീഴ്ത്തിയ വിമത എംഎല്‍എമാര്‍ ബിജെപിക്കും തലവേദനയായി തുടങ്ങിയെന്നു റിപ്പോര്‍ട്ട്.
യെദ്യൂരപ്പ
യെദ്യൂരപ്പ

ബംഗളൂരു: കര്‍ണാടകയില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സര്‍ക്കാരിനെ വീഴ്ത്തിയ വിമത എംഎല്‍എമാര്‍ ബിജെപിക്കും തലവേദനയായി തുടങ്ങിയെന്നു റിപ്പോര്‍ട്ട്. വിമത എംഎല്‍എമാരുടെ സമ്മര്‍ദത്തെ തുടര്‍ന്നാണ് യെദ്യൂരപ്പ സര്‍ക്കാരിലെ വകുപ്പു വിഭജനം വൈകുന്നതെന്നാണ് പുറത്തുവരുന്ന വിവരം.

സത്യപ്രതിജ്ഞ ചെയ്തു സ്ഥാനമേറ്റ് ആഴ്ചകള്‍ കഴിഞ്ഞാണ് മുഖ്യമന്ത്രി യെദ്യൂരപ്പയ്ക്ക് മറ്റു മന്ത്രിമാരെ ഉള്‍പ്പെടുത്തി കാബിനറ്റ് വികസിപ്പിക്കാനായത്. മുതിര്‍ന്ന നേതാക്കളെ ഉള്‍പ്പെടുത്തി മന്ത്രിസഭ വികസിപ്പിച്ചെങ്കിലും അവര്‍ക്കു വകുപ്പുകള്‍ വിഭജിച്ചു നല്‍കാന്‍ മുഖ്യമന്ത്രിക്കായിട്ടില്ല. അയോഗ്യത സംബന്ധിച്ച സുപ്രീം കോടതി വിധിക്കു കാത്തിരിക്കുന്ന വിമതരുടെ സമ്മര്‍ദമാണ് ഇതിനു പിന്നിലെന്നാണ് ബിജെപി വൃത്തങ്ങള്‍ തന്നെ പറയുന്നത്.

മുതിര്‍ന്ന നേതാവ് രമേശ് ജര്‍ക്കിഹോളിയുടെ നേതൃത്വത്തില്‍ പതിനഞ്ചു വിമത എംഎല്‍എമാര്‍ ഒറ്റ ബ്ലോക്കായി നിന്നായി സമ്മര്‍ദം ശക്തമാക്കുന്നത്. ഇവര്‍ ഡല്‍ഹിയിലാണ് ക്യാംപ് ചെയ്യുന്നത്. സുപ്രീം കോടതിയിലെ കേസ് തീരുന്ന മുറയ്ക്ക് ഇവരില്‍ ഏതാനും പേരെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്താമെന്ന് ബിജെപി വാഗ്ദാനം ചെയ്തിട്ടുണ്ടെന്നാണ് സൂചന. വിമത നീക്കങ്ങള്‍ക്കു ചുക്കാന്‍ പിടിച്ച ജര്‍ക്കിഹോളിക്ക് ഉപമുഖ്യമന്ത്രി പദവും സുപ്രധാന വകുപ്പുകളും വാഗ്ദാനം ചെയ്തിട്ടുണ്ടെന്നും സൂചനകളുണ്ട്. 

വാഗ്ദാനം ചെയ്ത വകുപ്പുകള്‍ മറ്റുമന്ത്രിമാര്‍ക്കു നല്‍കുന്നതിനെതിരെ വിമതര്‍ നിലപാടെടുത്തതോടെയാണ് വകുപ്പു വിഭജനം സ്തംഭിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ബിജെപി കേന്ദ്ര നേതൃത്വം ഇവരുമായി ബന്ധപ്പെടുന്നുണ്ടെന്നാണ് സൂചനകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com