മോദിക്കു ഗുഡ് സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നത് കോണ്‍ഗ്രസുകാരുടെ പണിയല്ല; വിമര്‍ശനവുമായി കെസി വേണുഗോപാല്‍

ഒരുപാടു ജനദ്രോഹങ്ങള്‍ ചെയ്യുന്ന ഒരു സര്‍ക്കാരിന്റെ ഒന്നോ രണ്ടോ കാര്യങ്ങള്‍ എടുത്തുപറഞ്ഞു മഹത്വവത്കരിക്കുന്നതു ശരിയല്ലെന്നും വേണുഗോപാല്‍
മോദിക്കു ഗുഡ് സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നത് കോണ്‍ഗ്രസുകാരുടെ പണിയല്ല; വിമര്‍ശനവുമായി കെസി വേണുഗോപാല്‍

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു ഗുഡ് സര്‍ട്ടിഫിക്കറ്റ് കൊടുക്കുന്നതു കോണ്‍ഗ്രസിന്റെ പണിയല്ലെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍. ഒരുപാടു ജനദ്രോഹങ്ങള്‍ ചെയ്യുന്ന ഒരു സര്‍ക്കാരിന്റെ ഒന്നോ രണ്ടോ കാര്യങ്ങള്‍ എടുത്തുപറഞ്ഞു മഹത്വവത്കരിക്കുന്നതു ശരിയല്ലെന്നും വേണുഗോപാല്‍ മാധ്യമങ്ങളോടു പറഞ്ഞു. നരേന്ദ്ര മോദിയെ പ്രശംസിച്ചുകൊണ്ടുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പ്രസ്താവനയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

നരേന്ദ്ര മോദി ചെയ്യുന്ന എല്ലാ കാര്യങ്ങളെയും എതിര്‍ക്കാന്‍ കോണ്‍ഗ്രസ് ആരോടും ആവശ്യപ്പെട്ടിട്ടില്ലെന്ന് വേണുഗോപാല്‍ വ്യക്തമാക്കി. എല്ലാ സര്‍ക്കാരുകളും ചില നല്ല കാര്യങ്ങള്‍ ചെയ്യും. എന്നാല്‍ ഈ സര്‍ക്കാരിന്റെ ഭൂരിഭാഗം പ്രവര്‍ത്തനങ്ങളും സമൂഹത്തിനു ദ്രോഹം ചെയ്യുന്നതാണ്. ജനങ്ങളെ ഭിന്നിപ്പിക്കാനാണ് അതു ശ്രമിക്കുന്നത്. അങ്ങനെയൊരു സര്‍ക്കാരിന്റെ ഒന്നോ രണ്ടോ കാര്യങ്ങളെ എടുത്തു പറഞ്ഞു മഹത്വവത്കരിക്കുന്നതു ശരിയല്ല. നരേന്ദ്ര മോദിക്കു ഗുഡ് സര്‍ട്ടിഫിക്കറ്റ് നല്‍കുന്നത് കോണ്‍ഗ്രസിന്റെ പണിയല്ല- വേണുഗോപാല്‍ പറഞ്ഞു. ഇക്കാര്യങ്ങള്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രകടിപ്പിച്ചത് വ്യക്തിപരമായ അഭിപ്രായങ്ങളാണെന്ന് വേണുഗോപാല്‍ വിശദീകരിച്ചു.

മുതിര്‍ന്ന നേതാവ് ജയറാം രമേശാണ്, മോദിയെ പുകഴ്ത്തി സംസാരിച്ച് ദേശീയ രാഷ്ട്രീയത്തില്‍ പുതിയ വിവാദത്തിനു തുടക്കമിട്ടത്. സദാസമയവും മോദിയെ ഭീകരനായി ചിത്രീകരിച്ചുകൊണ്ടിരിക്കുന്നതില്‍ കാര്യമില്ലെന്നായിരുന്നു ഡല്‍ഹിയിലെ ഒരു ചടങ്ങില്‍ ജയരാം രമേശ് അഭിപ്രായപ്പെട്ടത്. മോദി നല്ല കാര്യങ്ങളും ചെയ്യുന്നുണ്ടെന്നും അത് അംഗീകരിക്കണമെന്നും ജയരാം രമേശ് പറഞ്ഞു. ഇതിനെ പിന്തുണച്ച് മുതിര്‍ന്ന നേതാക്കളായ അഭിഷേക് സിങ്വിയും ശശി തരൂരും രംഗത്തുവന്നു.

മോദിയെക്കുറിച്ചുള്ള ഈ അഭിപ്രായം താന്‍ 2014 മുതല്‍ പറയുന്നതാണെന്ന് ശശി തരൂര്‍ ഇന്നു മാധ്യമങ്ങളോടു വിശദീകരിച്ചു. അദ്ദേഹം ചെയ്യുന്ന നല്ല കാര്യങ്ങള്‍ അംഗീകരിക്കാതെ കുറ്റം പറഞ്ഞുകൊണ്ടിരുന്നാല്‍ ജനങ്ങള്‍ അതു സ്വീകരിക്കില്ല. ഇങ്ങനെയൊരു അഭിപ്രായം പറഞ്ഞതിന്റെ പേരില്‍ താന്‍ ഖേദപ്രകടനം നടത്തേണ്ട കാര്യമൊന്നുമില്ലെന്ന് തരൂര്‍ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com