'രാഹുല്‍ ഗാന്ധി വന്ന് ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്'; പ്രതിപക്ഷ നേതാക്കളുടെ കശ്മീര്‍ സന്ദര്‍ശനം ഒഴിവാക്കണമെന്ന് അധികൃതര്‍

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘം ശനിയാഴ്ച ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാനിരിക്കുകയാണ്‌ 
'രാഹുല്‍ ഗാന്ധി വന്ന് ജനങ്ങളെ ബുദ്ധിമുട്ടിക്കരുത്'; പ്രതിപക്ഷ നേതാക്കളുടെ കശ്മീര്‍ സന്ദര്‍ശനം ഒഴിവാക്കണമെന്ന് അധികൃതര്‍


ശ്രീനഗര്‍; രാഷ്ട്രീയനേതാക്കള്‍ ഇപ്പോള്‍ ജമ്മു കശ്മീരിലേക്ക് വരുന്നത് ഒഴിവാക്കണമെന്ന് അധികൃതര്‍. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സംഘം ശനിയാഴ്ച ജമ്മു കശ്മീര്‍ സന്ദര്‍ശിക്കാനിരിക്കേയാണ് കശ്മീര്‍ അധികൃതര്‍ ആവശ്യവുമായി രംഗത്തെത്തിയത്. 

ഇപ്പോള്‍ കശ്മീരിലേക്ക് നേതാക്കള്‍ വരുന്നത് ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിക്കും. കൂടാതെ ഇപ്പോഴും കശ്മീരിലെ പല ഭാഗങ്ങളിലും നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. നേതാക്കള്‍ വരുന്നതോടെ ഇവിടങ്ങളില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളുടെ ലംഘനമാകുമെന്നും അധികൃതര്‍ പറയുന്നു. കശ്മീരിലെ നടപടികളോട് നേതാക്കള്‍ സഹകരിക്കണമെന്നും അധികൃതര്‍ വ്യക്തമാക്കി. 

കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദും സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും രാഹുലിനൊപ്പമുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സിപിഐ ദേശീയ ജനറല്‍ സെക്രട്ടറി ഡി രാജ, കോണ്‍ഗ്രസ് നേതാവ് ആനന്ദ് ശര്‍മ, ആര്‍ജെഡി നേതാവ് മനോജ് ഝാ തുടങ്ങിയവരും സംഘത്തിലുണ്ടാകും.

370ാം അനുച്ഛേദം റദ്ദാക്കിയതിനു പിന്നാലെ കാശ്മീരില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറുന്നുവെന്നും കാശ്മീര്‍ സംബന്ധമായ വിവരങ്ങള്‍ വസ്തുനിഷ്ഠമായി പ്രധാനമന്ത്രി വെളിപ്പെടുത്തണമെന്നും രാഹുല്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, രാഹുലിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച് ജമ്മുകശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക് രംഗത്തെത്തിയിരുന്നു. രാഹുലിന് വേണമെങ്കില്‍ പ്രത്യേക വിമാനം അയയ്ക്കാമെന്നും കാശ്മീരിലെത്തി സ്ഥിതിഗതികള്‍ മനസിലാക്കിയിട്ട് വിമര്‍ശനങ്ങള്‍ ഉന്നയിക്കെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com