വലയിലാക്കിയത് 16 സംസ്ഥാനങ്ങളിലെ 600 സ്ത്രീകളെ; നഗ്നചിത്രം കാട്ടി ഭീഷണിപ്പെടുത്തി പണംതട്ടിയ ഐടി ജീവനക്കാരന്‍ അറസ്റ്റില്‍

പഞ്ചനക്ഷത്ര ഹോട്ടലിന്റെ എച്ച്ആര്‍ എക്‌സിക്യൂട്ടിവ് എന്ന വ്യാജേന സ്ത്രീകളുമായി അടുത്താണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്
വലയിലാക്കിയത് 16 സംസ്ഥാനങ്ങളിലെ 600 സ്ത്രീകളെ; നഗ്നചിത്രം കാട്ടി ഭീഷണിപ്പെടുത്തി പണംതട്ടിയ ഐടി ജീവനക്കാരന്‍ അറസ്റ്റില്‍

ചെന്നൈ; ജോലി വാഗ്ദാനം ചെയ്ത് സ്ത്രീകളില്‍ നിന്ന് നഗ്നചിത്രം കൈക്കലാക്കി ബ്ലാക്ക്‌മെയില്‍ ചെയ്ത് പണം തട്ടിയതിന് ഐടി ജീവനക്കാരന്‍ അറസ്റ്റില്‍. ചെന്നൈയിലെ ഒരു സ്വകാര്യ ഐ.ടി. കമ്പനി ജീവനക്കാരനായ ക്ലെമന്റ് രാജ് ചെഴിയാന്‍ എന്ന പ്രദീപാണ്(33) അറസ്റ്റിലായത്. ഇയാളുടെ ബ്ലാക്ക്‌മെയിലിങ്ങിന് ഇരയായ ഒരു യുവതി നല്‍കിയ പരാതിയിലാണ് സൈബരാബാദ് പോലീസ് നടപടിയെടുത്തത്. 

16 സംസ്ഥാനങ്ങളിലെ 600 ഓളെ സ്ത്രീകളെ ഇയാള്‍ വലയിലാക്കിയിട്ടുണ്ടെന്നാണ് പൊലീസ് കണ്ടെത്തല്‍. പഞ്ചനക്ഷത്ര ഹോട്ടലിന്റെ എച്ച്ആര്‍ എക്‌സിക്യൂട്ടിവ് എന്ന വ്യാജേന സ്ത്രീകളുമായി അടുത്താണ് ഇയാള്‍ തട്ടിപ്പ് നടത്തിയിരുന്നത്. ജോലിക്കാരെ ആവശ്യമുണ്ടെന്ന പരസ്യം കണ്ട് ബന്ധപ്പെടുന്ന സ്ത്രീകളെ ഇയാള്‍ നേരിട്ടുള്ള അഭിമുഖത്തിനായി വീട്ടിലേക്ക് വിളിച്ചുവരുത്തും. ശേഷം പഞ്ചനക്ഷത്ര ഹോട്ടലിലെ ജോലിയായതിനാല്‍ ശരീരപ്രകൃതിയെക്കുറിച്ച് വിലയിരുത്താന്‍ നഗ്‌നചിത്രങ്ങളും ആവശ്യപ്പെടും. ഇത്തരത്തില്‍ ചതിയില്‍പ്പെട്ടവരുടെ ചിത്രങ്ങള്‍ ഉപയോഗിച്ചാണ് പിന്നീട് ബ്ലാക്ക്‌മെയില്‍ ചെയ്തിരുന്നത്. പതിനായിരങ്ങള്‍ മുതല്‍ ലക്ഷങ്ങള്‍ വരെ ഇയാള്‍ പല സ്ത്രീകളില്‍നിന്നും തട്ടിയെടുത്തിട്ടുണ്ടെന്നാണ് വിവരം. 

പ്രദീപിന്റെ ഭാര്യയും ചെന്നൈയിലെ ഒരു സ്വകാര്യ കമ്പനി ജീവനക്കാരിയാണ്. സ്ഥിരം രാത്രി ഷിഫ്റ്റില്‍ ജോലിചെയ്യുന്ന പ്രദീപും ഭാര്യയും തമ്മില്‍ കണ്ടുമുട്ടുന്നതുപോലും വിരളമാണെന്നും ഇതിനെതുടര്‍ന്നാണ് പ്രദീപ് ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളിലേക്ക് കടന്നതെന്നും പോലീസ് പറയുന്നു. ആദ്യം നേരംപോക്കിനുവേണ്ടി സ്ത്രീകളുടെ മൊബൈല്‍ നമ്പര്‍ മാത്രമാണ് വാങ്ങിയിരുന്നതെന്നും ഒരിക്കലും ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും ഇയാള്‍ പോലീസിനോട് പറഞ്ഞു. ചെന്നൈയില്‍നിന്ന് കസ്റ്റഡിയിലെടുത്ത പ്രതിയെ കൂടുതല്‍ ചോദ്യംചെയ്യാനും അന്വേഷണത്തിനുമായി ഹൈദരാബാദിലേക്ക് കൊണ്ടുപോയി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com