ബാഹ്യഇടപെടൽ വേണ്ടെന്ന് മോദി; ഇടപെടാനില്ലെന്ന് ട്രംപ്

ഇരുരാജ്യങ്ങളും ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന് ഡൊണാള്‍ഡ് ട്രംപ്‌ 
ബാഹ്യഇടപെടൽ വേണ്ടെന്ന് മോദി; ഇടപെടാനില്ലെന്ന് ട്രംപ്

ബിയാറിറ്റ്സ് (ഫ്രാൻസ്): കശ്മീർ ഉഭയകക്ഷി പ്രശ്നമാണെന്നും ഇന്ത്യക്കും പാകിസ്ഥാനും തന്നെ ഇത് പരിഹരിക്കാൻ സാധിക്കുമെന്നും യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ്. ജി7 ഉച്ചകോടിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും യു.എസ് പ്രസിഡന്‍റും നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമായിരുന്നു ട്രംപിന്‍റെ പ്രസ്താവന.

കശ്മീർ പ്രശ്നത്തിൽ ബാഹ്യ ഇടപെടൽ ആവശ്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ ധരിപ്പിച്ചു. കശ്മീരിൽ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമാണെന്നും മോദി തന്നോട് പറഞ്ഞു.അമേരിക്ക ഇന്ത്യയുടെയും പാകിസ്താന്‍റെയും നല്ല സുഹൃത്താണ്. കശ്മീർ പ്രശ്നം ചർച്ചയിലൂടെ പരിഹരിക്കണം. ഇരുരാജ്യങ്ങൾക്കുമിടയിലെ അഭിപ്രായ ഭിന്നതകൾക്ക് ഇന്ത്യയും പാകിസ്താനും ഉടൻ പരിഹാരം കാണുമെന്നാണ് പ്രതീക്ഷയെന്നും ട്രംപ് വ്യക്തമാക്കി.

പാകിസ്ഥാനും ഇന്ത്യയ്ക്കുമിടയിലുള്ള എല്ലാ പ്രശ്നങ്ങളും ഞങ്ങള്‍ക്കിടയില്‍ തന്നെയുള്ള ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ സാധിക്കും. അതിനാല്‍ തന്നെ മറ്റൊരു രാജ്യത്തെ ഇതിലേക്ക് വലിച്ചിഴക്കേണ്ട കാര്യമില്ല. - ട്രംപിനൊപ്പം മാധ്യമങ്ങളെ കണ്ട മോദി പറ‍ഞ്ഞു. 1947-ന് മുന്‍പ് ഇന്ത്യയും പാകിസ്ഥാനും ഒന്നായിരുന്നു. ഞങ്ങളുടെ പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യാനും അതു ഒന്നിച്ചു നിന്ന് പരിഹരിക്കാനും ഞങ്ങള്‍ക്കാവും. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ളത് ഉഭയകക്ഷി പ്രശ്നമാണ് മറ്റ് രാജ്യങ്ങൾക്ക് ഇക്കാര്യത്തിൽ ആശങ്ക വേണ്ട - മോദി കൂട്ടിച്ചേര്‍ത്തു.

കശ്മീർ വിഷയം പരിഹരിക്കാൻ മധ്യസ്ഥത വഹിക്കാൻ തയാറാണെന്ന് ട്രംപ് ഒന്നിലേറെ തവണ നേരത്തെ വ്യക്തമാക്കിയിരുന്നു. മോദിയും പാക് പ്രധാനമന്ത്രി ഇംറാൻ ഖാനും കശ്മീർ വിഷയത്തിൽ ഇടപെടാൻ തന്നോട് അഭ്യർഥിച്ചുവെന്നും ട്രംപ് പറഞ്ഞിരുന്നു. ജി7 പ്രത്യേക ക്ഷണിതാവായി എത്തിയാണ് മോദി യു.എസ് പ്രസിഡന്‍റുമായി കൂടിക്കാഴ്ച നടത്തിയത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com