'അധികാരം പോയപ്പോള്‍ ചിലര്‍ ബിജെപിയിലേക്കു പാലമിടുന്നു; മോദി സ്തുതിക്കെതിരെ വീരപ്പ മൊയ്‌ലി, വിവാദമടങ്ങാതെ കോണ്‍ഗ്രസ്

ശശി തരൂരിനെ പക്വതയുള്ള രാഷ്ട്രീയക്കാരനായി കണക്കാക്കിയിട്ടില്ല. വാര്‍ത്തകളില്‍ ഇടംപിടിക്കാന്‍ എന്തെങ്കിലും പറയുന്നയാളാണ് തരൂര്‍
'അധികാരം പോയപ്പോള്‍ ചിലര്‍ ബിജെപിയിലേക്കു പാലമിടുന്നു; മോദി സ്തുതിക്കെതിരെ വീരപ്പ മൊയ്‌ലി, വിവാദമടങ്ങാതെ കോണ്‍ഗ്രസ്

ബംഗളൂരു: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പുകഴ്ത്തി സംസാരിച്ച കോണ്‍ഗ്രസ് നേതാക്കളായ ജയറാം രമേശിനും ശശി തരൂരിനുമെതിരെ മുതിര്‍ന്ന നേതാവ് വീരപ്പ മൊയ്‌ലി. ബിജെപിയോട് ഒത്തുതീര്‍പ്പു ചെയ്യുന്നതാണ് നേതാക്കളുടെ പരാമര്‍ശങ്ങളെന്ന് വീരപ്പ മൊയ്‌ലി കുറ്റപ്പെടുത്തി.

മോദിയെ പുകഴ്ത്തി സംസാരിക്കുന്നവര്‍ കോണ്‍ഗ്രസിനു ഗുണമല്ല ചെയ്യുന്നതെന്ന് വാര്‍ത്താ ഏജന്‍സിയുമായുള്ള അഭിമുഖത്തില്‍ വീരപ്പമൊയ്‌ലി പറഞ്ഞു. മന്ത്രിമാരായി അധികാരം ആസ്വദിച്ചവരാണ് ഇവര്‍. പ്രതിപക്ഷത്തെത്തിയപ്പോള്‍ ഭരിക്കുന്ന പാര്‍ട്ടിയിലേക്കു പാലമിടുകയാണ് ഇവര്‍ ചെയ്യുന്നത്- വീരപ്പമൊയ്‌ലി പറഞ്ഞു. 

രണ്ടാം യുപിഎ സര്‍ക്കാരിന്റെ കാലത്തെ നയമരവിപ്പിന് ഉത്തരവാദി ജയറാം രമേശാണെന്ന് മൊയ്‌ലി കുറ്റപ്പെടുത്തി. ഭരണത്തില്‍ പലപ്പോഴും വിട്ടുവീഴ്ചകള്‍ ചെയ്യേണ്ടിവന്നതിന് ഉത്തരവാദിയും ജയറാം രമേശാണെന്ന് മൊയ്‌ലി പറഞ്ഞു.

ശശി തരൂരിനെ പക്വതയുള്ള രാഷ്ട്രീയക്കാരനായി കണക്കാക്കിയിട്ടില്ല. വാര്‍ത്തകളില്‍ ഇടംപിടിക്കാന്‍ എന്തെങ്കിലും പറയുന്നയാളാണ് തരൂര്‍. അതിനു ഗൗരവം കൊടുക്കേണ്ട കാര്യമൊന്നുമില്ല. അദ്ദേഹം കുറച്ചുകൂടി ഗൗരവത്തോടെ കാര്യങ്ങളെ കാണട്ടെയെന്നു മാത്രമേ പറയാനാവൂ.

ഇത്തരം ആളുകള്‍ക്കെതിരെ കോണ്‍ഗ്രസ് നേതൃത്വം നടപടിയെടുക്കേണ്ടതുണ്ട്. പോകേണ്ടവര്‍ നേരത്തെ തന്നെ പോവട്ടെ. പാര്‍ട്ടിക്കുള്ളില്‍നിന്ന് അതിനെ അട്ടിമറിക്കാന്‍ അവരെ അനുവദിക്കരുത്- മൊയ്‌ലി വ്യക്തമാക്കി.

പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളിലാണ് കോണ്‍ഗ്രസ് അടിയന്തരമായി ശ്രദ്ധ കൊടുക്കേണ്ടതെന്ന് വീരപ്പമൊയ്‌ലി പറഞ്ഞു. ഹൈക്കമാന്‍ഡ് അതിനു ശ്രമിക്കുമെന്നാണ് കരുതുന്നതെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com