ഇന്ത്യയെ ആക്രമിച്ചാല്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത മറുപടി നല്‍കും; പാകിസ്ഥാന് ശക്തമായ മറുപടി നല്‍കി വെങ്കയ്യ നായിഡു

പ്രകോപനപരമായ പ്രസ്താവനകള്‍ തുടരുന്ന പാകിസ്ഥാന് ശക്തമായ മറുപടി നല്‍കി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു
ഇന്ത്യയെ ആക്രമിച്ചാല്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത മറുപടി നല്‍കും; പാകിസ്ഥാന് ശക്തമായ മറുപടി നല്‍കി വെങ്കയ്യ നായിഡു

വിശാഖപട്ടണം: പ്രകോപനപരമായ പ്രസ്താവനകള്‍ തുടരുന്ന പാകിസ്ഥാന് ശക്തമായ മറുപടി നല്‍കി ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു. ഇന്ത്യയെ ആരെങ്കിലും ആക്രമിക്കാന്‍ വന്നാല്‍ അവരുടെ ജീവിതത്തിലൊരിക്കലും മറക്കാത്ത മറുപടി നല്‍കുമെന്ന് അദ്ദേഹം തുറന്നടിച്ചു. ഒക്ടോബറിലോ നവംബറിലോ ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ യുദ്ധമുണ്ടാകുമെന്ന പാക് മന്ത്രിയുടെ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

''നമ്മള്‍ ആരേയും ആക്രമിച്ചിട്ടില്ല, ആരേയും ആക്രമിക്കില്ല എന്ന് ഉറപ്പും കൊടുക്കാനാകും. എല്ലാവരും നമ്മളെ ആക്രമിക്കാനാണ് വന്നത്. എന്നാല്‍ ആരെങ്കിലും ഇങ്ങോട്ട് ആക്രമിക്കാന്‍ ശ്രമിച്ചാല്‍, അവരുടെ ജീവിത കാലത്ത് ഒരിക്കലും മറക്കാനാവാത്ത മറുപടി നല്‍കിയിരിക്കും. നമ്മള്‍ യുദ്ധക്കൊതിയന്മാരല്ല, സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്ന പൗരന്മാരാണ്''- വിശാഖപട്ടണത്ത് നടന്ന ചടങ്ങില്‍ വച്ചാണ് വെങ്കയ്യ നായിഡുവിന്റെ മറുപടി. 

''നമ്മള്‍ മറ്റ് രാജ്യങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടാന്‍ ആഗ്രഹിക്കുന്നില്ല, അതുപോലെ മറ്റു രാജ്യങ്ങള്‍ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടണമെന്നും ആഗ്രഹിക്കുന്നില്ല. കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണ്, അവിടെ പിന്നെ ചര്‍ച്ചയുടെ ആവശ്യകതയെന്താണ്? നമ്മുടെ അയല്‍ക്കാര്‍ തീവ്രവാദികള്‍ക്ക് പണവും പരിശീലനവും നല്‍കി ഇന്ത്യയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. ഇത് മനുഷ്യത്വരഹിതമാണ്. ഇത് അവര്‍ക്ക് തന്നെ ദോഷമായി തീരുമെന്ന കാര്യം അവര്‍ തിരിച്ചറിയാതെ പോകുകയാണ്''- വെങ്കയ്യ നായിഡു വ്യക്തമാക്കി.

കഴിഞ്ഞ രണ്ട് ദിവസമായി പാകിസ്ഥാന്‍ മന്ത്രിമാര്‍ ഇന്ത്യക്കെതിരെ പ്രകോപനപരമായ പ്രസ്താവനകള്‍ ഇറക്കുകയാണ്. പാകിസ്ഥാന് മുകളിലൂടെ ഇന്ത്യയിലേക്കുള്ള വ്യോമപാതയും അഫ്ഗാനിസ്ഥാനിലേക്കുള്ള റോഡ് മാര്‍ഗവും അടക്കുന്ന കാര്യം പരിഗണനയിലാണെന്ന് ചൊവ്വാഴ്ച പാകിസ്ഥാന്‍ മന്ത്രി പ്രസ്താവന ഇറക്കിയിരുന്നു. പിന്നാലെയാണ് വരുന്ന മാസങ്ങളില്‍ യുദ്ധമുണ്ടാകുമെന്ന പ്രസ്താവനയും വന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com