ജയ്റ്റ്‌ലിയുടെ സംസ്‌കാര ചടങ്ങിനിടെ പോക്കറ്റടി; എംപിമാരുടെ അടക്കം 11 പേരുടെ മൊബൈല്‍ ഫോണ്‍ മോഷണം പോയി

ബിജെപി എംപിമാരായ ബാബുല്‍ സുപ്രിയോ, സോം പ്രകാശ് എന്നിവരുടേതടക്കം നിരവധി പേരുടെ ഫോണുകളാണ് മോഷണം പോയത്
ജയ്റ്റ്‌ലിയുടെ സംസ്‌കാര ചടങ്ങിനിടെ പോക്കറ്റടി; എംപിമാരുടെ അടക്കം 11 പേരുടെ മൊബൈല്‍ ഫോണ്‍ മോഷണം പോയി

ന്യൂഡല്‍ഹി; മുന്‍ കേന്ദ്രമന്ത്രി ബിജെപി നേതാവുമായ അരുണ്‍ ജയ്റ്റ്‌ലിയുടെ സംസ്‌കാര ചടങ്ങിനിടെ പോക്കറ്റടി. എംപിമാരുടേതടക്കം 11 ഓളം പേരുടെ മൊബൈല്‍ ഫോണുകളാണ് ചടങ്ങിനിടെ മോഷണം പോയത്. കഴിഞ്ഞ 24 നാണ് അരുണ്‍ ജയ്റ്റ്‌ലി അന്തരിച്ചത്. തുടര്‍ന്ന് നിഗംബോധഘട്ടില്‍ നടന്ന സംസ്‌കാര ചടങ്ങില്‍ രാഷ്ട്രീയപ്രമുഖര്‍ ഉള്‍പ്പടെ നിരവധിപേര്‍ പങ്കെടുത്തിരുന്നു. അതിനിടയിലേക്കാണ് കള്ളന്മാര്‍ കടന്നു കയറിയത്. 

ബിജെപി എംപിമാരായ ബാബുല്‍ സുപ്രിയോ, സോം പ്രകാശ് എന്നിവരുടേതടക്കം നിരവധി പേരുടെ ഫോണുകളാണ് മോഷണം പോയത്. പതഞ്ജലിയുടെ വക്താവായ എസ്. കെ. തിജാരവാലയുടേയും മൊബൈലും നഷ്ടപ്പെട്ടിരുന്നു. തുടര്‍ന്ന് അദ്ദേഹം ട്വിറ്ററിലൂടെയാണ് മോഷണവിവരം അറിയിച്ചത്. ഏറെ ദുഃഖിതനായി ജയ്റ്റ്‌ലിക്ക് വിട നല്‍കുന്ന ചടങ്ങുകളുടെ ചിത്രങ്ങള്‍ പകര്‍ത്തിയ ഫോണും തന്നോട് വിടപറഞ്ഞു എന്നായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

തുടര്‍ന്ന് തിജാവാലയ്ക്ക് പിന്നാലെ എംപി ബാബുല്‍ സുപ്രിയോയും ട്വീറ്റ് ചെയ്തു. മോഷണമല്ല പോക്കറ്റടിയാണ് നടന്നതെന്നും ഒരു കള്ളനെ കൈയോടെ പിടിച്ചെങ്കിലും അടിതെറ്റി വീണതിനാല്‍ മോഷ്ടാവ് രക്ഷപ്പെട്ടെന്നും സുപ്രിയോ ട്വീറ്റ് ചെയ്തു. ഫോണ്‍ പോക്കറ്റടിച്ചതായി നിരവധി പേര്‍ തന്നോട് പരാതിപ്പെട്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആസ്ത ടെലിവിഷന്റെ മേധാവി കൂടിയായ തിജാരവാല ചടങ്ങിന്റെ ചിത്രങ്ങളുള്‍പ്പെടെയാണ് തന്റെയും ബാബുല്‍ സുപ്രിയോ എം.പിയുടേയും മറ്റ് ഒമ്പത് പേരുടേയും ഫോണുകള്‍ നഷ്ടമായതിന്റെ പരാതി ട്വിറ്ററില്‍ രേഖപ്പെടുത്തിയത്.ആഭ്യന്തരമന്ത്രി അമിത് ഷായേയും ഡല്‍ഹി പൊലീസിനേയും ടാഗ് ചെയ്തിട്ടുണ്ട്. ട്വീറ്റുകളിലൂടെ തന്റെ ഫോണിന്റെ നിലവിലെ ലൊക്കേഷനും ഇദ്ദേഹം സൂചിപ്പിക്കുന്നു. ട്വീറ്റിന്റെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തെങ്കിലും രേഖാമൂലം പരാതി ലഭിച്ചിട്ടില്ലെന്നാണ് പൊലീസ് പറയുന്നത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com