'മോദിയുടെ പുതിയ ഇന്ത്യയില്‍ ഇടതുതീവ്രവാദികള്‍ വേണ്ട'; പുതിയ നീക്കവുമായി അമിത് ഷാ

'പുതിയ ഇന്ത്യയില്‍ എല്ലായിടത്തും ഒരുപോലെ വികസനമെത്തിക്കുന്നതിന് അവരെ ഉന്മൂലനം ചെയ്യേണ്ടിയിരിക്കുന്നു'
'മോദിയുടെ പുതിയ ഇന്ത്യയില്‍ ഇടതുതീവ്രവാദികള്‍ വേണ്ട'; പുതിയ നീക്കവുമായി അമിത് ഷാ

ന്യൂഡല്‍ഹി; കശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞതിന് പിന്നാലെ ഇടതുതീവ്രവാദം തടയാനുള്ള നീക്കവുമായി ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്രമോദി വിഭാവനം ചെയ്യുന്ന പുതിയ ഇന്ത്യയില്‍ ഇടതുതീവ്രവാദത്തിനു സ്ഥാനമില്ലെന്നും രാജ്യത്ത് വികസനം നടപ്പാക്കാന്‍ അവരെ ഉന്മൂലനം ചെയ്യണം എന്നു്ം അമിത് ഷാ പറഞ്ഞു. രാജ്യത്തെ ഇടതുതീവ്രവാദ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനായി ചേര്‍ന്ന ഉന്നതതലയോഗത്തിലായിരുന്നു ഈ പരാമര്‍ശം.

''അവികസിതമേഖലയില്‍ വികസനം തടയുകയാണ് ഇടതു തീവ്രവാദികളുടെ ലക്ഷ്യം. ജനങ്ങളെ അജ്ഞരാക്കി നിലനിര്‍ത്തി തെറ്റായ വഴിയിലൂടെ നയിക്കുകയാണവരുടെ ഉദ്ദേശ്യം. പുതിയ ഇന്ത്യയില്‍ എല്ലായിടത്തും ഒരുപോലെ വികസനമെത്തിക്കുന്നതിന് അവരെ ഉന്മൂലനം ചെയ്യേണ്ടിയിരിക്കുന്നു'' അമിത് ഷാ വ്യക്തമാക്കി. 

ഉന്നതതല യോഗത്തില്‍ കേന്ദ്രമന്ത്രിമാരും മാവോവാദ ബാധിതപ്രദേശങ്ങളിലെ മുഖ്യമന്ത്രിമാരുമാണ് പങ്കെടുത്തത്. അര്‍ബന്‍ നക്‌സലുകളെ ഒതുക്കുമെന്നും ആഭ്യന്തരമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. യുഎപിഎ നടപ്പാക്കിയത് അതിന്റെ ഭാഗമായിട്ടാണ്. ഇടതുതീവ്രവാദത്തെ ഇല്ലാതാക്കുക എന്നത് ആര്‍എസ്എസ്സിന്റേയും ബിജെപിയുടേയും നിലപാടാണ്. അര്‍ബന്‍ നക്‌സലുകള്‍ക്കെതിരേ ബിജെപി- ആര്‍എസ്എസ് നേതാക്കള്‍ വിമര്‍ശനമുന്നയിച്ചിരുന്നു. അവികസിത മേഖലകളില്‍ ആധിപത്യം സ്ഥാപിച്ചിട്ടുള്ള മാവോവാദികളുടെ നഗരങ്ങളിലെ അനുയായികളാണ് നാഗരികനക്‌സലുകള്‍ എന്നാണ് ആര്‍.എസ്.എസ്. വാദം.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com