ഉള്ളിവില കുറയ്ക്കാന്‍ കേന്ദ്രസര്‍ക്കാരിന്റെ ഇടപെടല്‍; 52 രൂപയ്ക്ക് സംസ്ഥാനങ്ങള്‍ വിതരണം ചെയ്യണം; തുര്‍ക്കിയില്‍ നിന്ന് 11,000 ടണ്‍ ഇറക്കുമതി ചെയ്യും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st December 2019 04:53 PM  |  

Last Updated: 01st December 2019 04:53 PM  |   A+A-   |  

 


ന്യൂഡല്‍ഹി: ഉള്ളി വില കുതിച്ചുയരുന്ന പശ്ചാത്തലത്തില്‍ ഇറക്കുമതിക്കൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍. ഉള്ളി വില കിലേയ്ക്ക നൂറ് രൂപയ്ക്ക് മുകളില്‍ എത്തി നില്‍്ക്കുകയാണ്. ഉത്സവസീസണില്‍ വില ഉയര്‍ന്ന് നില്‍ക്കുന്നത് കുടുംബബജറ്റുകളെ താളം തെറ്റിച്ചിരിക്കുകായണ്. ഈ പശ്ചാത്തലത്തില്‍ തുര്‍ക്കിയില്‍ നിന്ന് ഉള്ളി ഇറക്കുമതി ചെയ്ത് വിലപിടിച്ചു നിര്‍ത്താനാണ് സര്‍ക്കാരിന്റെ ശ്രമം.

കേന്ദ്രസര്‍ക്കാരിന്റെ ആവശ്യപ്രകാരം 11,000 ടണ്‍ ഉള്ളി ഇറക്കുമതി ചെയ്യാനാണ് സര്‍ക്കാര്‍ സ്ഥാപനമായ എംഎംടിസി ഓര്‍ഡര്‍ നല്‍കിയിരിക്കുന്നത്. ഈജിപ്തില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന 6,090 ടണ്‍ ഉള്ളിക്കു പുറമെയാണ് ഇത്. തുര്‍ക്കിയില്‍നിന്നുള്ള ഉള്ളി ജനുവരിയോടെ എത്തിച്ചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈജിപ്തില്‍നിന്നുള്ള ഉള്ളി ഡിസംബര്‍ രണ്ടാം വാരത്തോടെ മുംബൈയില്‍ എത്തും. ഇറക്കുമതി ചെയ്യുന്ന ഉള്ളി 52-55 രൂപയ്ക്ക് വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരുകളോട് നിര്‍ദേശിച്ചിട്ടുണ്ട്.

ലഭ്യതക്കുറവു മൂലം രാജ്യത്ത് എല്ലായിടത്തും ഉള്ളിയുടെ വില കിലോയ്ക്ക് 75 - 120 രൂപയിലേയ്ക്ക് കുതിച്ചുകയറിയിരുന്നു. ഈ സാഹചര്യത്തില്‍ വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന് 1.2 ലക്ഷം ടണ്‍ ഉള്ളി വിദേശങ്ങളില്‍നിന്ന് ഇറക്കുമതി ചെയ്യുന്നതിന് കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രിസഭ അനുമതി നല്‍കി. ഇന്ത്യയില്‍നിന്ന് ഉള്ളി കയറ്റിയയയ്ക്കുന്നതും സംഭരിച്ചുവയ്ക്കുന്നതും സര്‍ക്കാര്‍ വിലക്കുകയും ചെയ്തിരുന്നു. 

വിപണിയിലെ ഉള്ളി വില സംബന്ധിച്ച് പഠിക്കുന്നതിനും നിരീക്ഷണം നടത്തുന്നതിനും ആഭ്യന്തര മന്ത്രി അമിത് ഷാ അധ്യക്ഷനായ മന്ത്രിമാരുടെ സമതി രൂപവത്കരിച്ചിട്ടുണ്ട്. കാലാവസ്ഥയിലുണ്ടായ മാറ്റം കാരണം രാജ്യത്തെ ഉള്ളിയുടെ ഉല്‍പാദനം 26 ശതമാനത്തോളം ഇടിഞ്ഞതാണ് ഉള്ളിയുടെ ലഭ്യത കുറയാനും വിലക്കയറ്റമുണ്ടാകാനും ഇടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്.