'ഞങ്ങള്‍ ഭയപ്പെടുന്നു...;രാജ്യത്ത് പേടിയുടെ അന്തരീക്ഷം, യുപിഎ കാലത്ത് അതുണ്ടായിരുന്നില്ല: അമിത് ഷായെ വേദിയിലിരുത്തി രാഹുല്‍ ബജാജിന്റെ വിമര്‍ശനം

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത വേദിയില്‍ രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്ന് തുറന്നടിച്ച് പ്രമുഖ വ്യവസായി രാഹുല്‍ ബജാജ്
'ഞങ്ങള്‍ ഭയപ്പെടുന്നു...;രാജ്യത്ത് പേടിയുടെ അന്തരീക്ഷം, യുപിഎ കാലത്ത് അതുണ്ടായിരുന്നില്ല: അമിത് ഷായെ വേദിയിലിരുത്തി രാഹുല്‍ ബജാജിന്റെ വിമര്‍ശനം

മുംബൈ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പങ്കെടുത്ത വേദിയില്‍ രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷമാണ് നിലനില്‍ക്കുന്നതെന്ന് തുറന്നടിച്ച് പ്രമുഖ വ്യവസായി രാഹുല്‍ ബജാജ്. കേന്ദ്രമന്ത്രിമാരും വന്‍കിട വ്യവസായികളും പങ്കെടുത്ത എക്കണോമിക് ടൈംസ് അവാര്‍ഡ് ചടങ്ങിലായിരുന്നു രാഹുല്‍ ബജാജിന്റെ  വിമര്‍ശനം.  അത്തരമൊരു അന്തരീക്ഷം നീക്കം ചെയ്യപ്പെടേണ്ടതുണ്ടെന്ന് ചടങ്ങില്‍ അമിത് ഷാ തുറന്ന് സമ്മതിക്കുകയും ചെയ്തു. 

'ഞങ്ങള്‍ ഭയപ്പെടുന്നു...അത്തരമൊരു അന്തരീക്ഷം തീര്‍ച്ചയായും നമ്മുടെ മനസ്സിലുണ്ട്. പക്ഷേ ആരും ഇതിനെ കുറിച്ച് സംസാരിക്കില്ല. എന്റെ വ്യവസായി സുഹൃത്തുക്കളും പറയില്ല. എന്നാല്‍ ഞാന്‍ തുറന്ന് പറയും. പക്ഷേ നിഷേധം മാത്രമല്ല എനിക്ക് നല്ലൊരു മറുപടി കിട്ടേണ്ടതുണ്ട.്

എന്റെ പേര് നിങ്ങള്‍ക്ക് ഇഷ്ടപ്പെട്ടേക്കില്ല, ജവഹര്‍ലാല്‍ നെഹ്‌റുവാണ് എനിക്ക് 'രാഹുല്‍' എന്ന് പേരിട്ടത്. ഒരു മികച്ച അന്തരീക്ഷം സൃഷ്ടിച്ചെടുക്കണം. രണ്ടാം യുപിഎ സര്‍ക്കാര്‍ അധികാരത്തിലിരുന്നപ്പോള്‍ ഞങ്ങള്‍ക്ക് ആരേയും വിമര്‍ശിക്കാമായിരുന്നു. നിങ്ങളുടെ സര്‍ക്കാര്‍ നന്നായി പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ഞങ്ങള്‍ നിങ്ങളെ പരസ്യമായി വിമര്‍ശിച്ചാല്‍ നിങ്ങളത് മുഖവിലക്കെടുക്കുമെന്ന് ഞങ്ങള്‍ക്ക് വിശ്വാസമില്ല. ഞാന്‍ പറയുന്നത് തെറ്റായിരിക്കാം. പക്ഷേ എല്ലാവര്‍ക്കും അത്തരമൊരു തോന്നലുണ്ടെന്ന് കരുതുന്നു. എല്ലാവര്‍ക്കുമായി സംസാരിക്കാന്‍ എനിക്കാവില്ല. പക്ഷേ എനിക്ക് പറയാതിരിക്കാനാവില്ല', രാഹുല്‍ ബജാജ് പറഞ്ഞു. വന്‍ കരഘോഷത്തോടെയാണ് ചടങ്ങില്‍ പങ്കെടുത്ത ആളുകള്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ എതിരേറ്റത്.

മുന്‍ ധനകാര്യമന്ത്രി പി.ചിദംബരത്തിന്റെ പേര് പറയാതെ അദ്ദേഹത്തെ ജയിലിലടച്ചതിനേയും  ഗോഡ്‌സയെ രാജ്യസ്‌നേഹിയെന്ന് പ്രജ്ഞാ സിങ് ലോക്‌സഭയില്‍ വിശേഷിപ്പിച്ചതിനേയുമടക്കം രാഹുല്‍ ബജാജ് ചടങ്ങില്‍ വിമര്‍ശിച്ചു.  

റിലയന്‍സ് ചെയര്‍മാന്‍ മുകേഷ് അംബാനി, ബിര്‍ള ഗ്രൂപ്പ് ചെയര്‍മാന്‍ കുമാര്‍ മംഗളം ബിര്‍ള, ഭാരതി എന്റര്‍പ്രൈസസ് ചെയര്‍മാന്‍ സുനില്‍ ഭാരതി മിത്തല്‍ തുടങ്ങിയ വ്യവസായികളും അമിത് ഷായെ കൂടാതെ നിര്‍മലാ സീതാരാമന്‍, പിയൂഷ് ഗോയല്‍ തുടങ്ങിയ മന്ത്രിമാരും വേദിയിലിരിക്കെയാണ് രാഹുല്‍ ബജാജ് ഇങ്ങനെ പറഞ്ഞത്.

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധിയുടെ മുഖ്യ കാരണം സമൂഹത്തിലുണ്ടായിട്ടുള്ള സ്പഷ്ടമായ ഭയമാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ് പറഞ്ഞതിന് പിന്നാലെയാണ് രാജ്യത്തെ മുതിര്‍ന്ന വ്യവസായിയുടെ തുറന്ന് പറച്ചില്‍. സര്‍ക്കാര്‍ വൃത്തങ്ങളില്‍ നിന്നുള്ള അക്രമം ഭയപ്പെട്ട് കഴിയുകയാണെന്ന് നിരവധി വ്യവസായികള്‍ തന്നോട് പറഞ്ഞിരുന്നുവെന്നും മന്‍മോഹന്‍ പറഞ്ഞിരുന്നു.

രാഹുല്‍ ബജാജിന് ശേഷം പ്രസംഗിച്ച അമിത് ഷാ അദ്ദേഹത്തിന്റെ വിമര്‍ശനത്തിന് മറുപടി നല്‍കി. ആരും ഭയപ്പെടേണ്ട ആവശ്യമില്ലെങ്കിലും, ഒരു പ്രത്യേകതരം അന്തരീക്ഷമുണ്ടെന്ന് അദ്ദേഹം പറയുന്നുണ്ടെങ്കില്‍, അന്തരീക്ഷം മെച്ചപ്പെടുത്താന്‍ ഞങ്ങള്‍ ശ്രമിക്കേണ്ടതുണ്ടെന്ന് ഷാ പറഞ്ഞു.

നിരവധി പത്രങ്ങളില്‍ കോളമിസ്റ്റുകള്‍ മോദിയേയും എന്‍ഡിഎ സര്‍ക്കാരിനേയും വിമര്‍ശിച്ച്‌ക്കൊണ്ട് എഴുതുന്നുണ്ട്. ഇപ്പോഴത്തെ ഭരണകൂടത്തിനെതിരെയാണ് ഏറ്റവും കൂടുതല്‍ വിമര്‍ശനം വരുന്നത് എന്നതാണ് സത്യം. എന്നിട്ടും, ഒരു പ്രത്യേകതരം അന്തരീക്ഷമുണ്ടെന്ന് നിങ്ങള്‍ പറഞ്ഞാല്‍, അന്തരീക്ഷം മെച്ചപ്പെടുത്താന്‍ ഞങ്ങള്‍ ശ്രമം നടത്തേണ്ടിവരും. എന്നാല്‍ ആരെയും ഭയപ്പെടേണ്ട ആവശ്യമില്ലെന്ന് ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു. ആരെയും ഭയപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. ഏതെങ്കിലും വിമര്‍ശനത്തെക്കുറിച്ച് ആശങ്കപ്പെടാന്‍ ഞങ്ങള്‍ ഒന്നും മറച്ച് വെച്ച് ചെയ്തിട്ടില്ല'.

സര്‍ക്കാര്‍ ഏറ്റവും സുതാര്യമായ രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്, ഞങ്ങള്‍ക്ക് ഭയമില്ല ഏതെങ്കിലും തരത്തിലുള്ള എതിര്‍പ്പ് ആരെങ്കിലും വിമര്‍ശിക്കുകയാണെങ്കില്‍, ഞങ്ങള്‍ അതിന്റെ യോഗ്യത നോക്കുകയും ഞങ്ങളുടെ സ്വയം മെച്ചപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തുകയും ചെയ്യുമെന്നും അമിത് ഷാ പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com