പങ്കജ മുണ്ടെ ബിജെപി വിടുന്നു ?; ട്വിറ്ററില്‍ നിന്നും 'പാര്‍ട്ടി' ഒഴിവാക്കി, ഭാവിയേക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നുവെന്ന് കുറിപ്പ്
By സമകാലിക മലയാളം ഡെസ്ക് | Published: 02nd December 2019 12:44 PM |
Last Updated: 02nd December 2019 12:44 PM | A+A A- |

മുംബൈ : ബിജെപി നേതാവും മുന്‍ മന്ത്രിയുമായ പങ്കജ മുണ്ടെ പാര്‍ട്ടി വിട്ടേക്കുമെന്ന് അഭ്യൂഹം. ട്വിറ്റര്‍ അക്കൗണ്ടില്‍ നിന്നും ബിജെപി നേതാവ് എന്ന വിശേഷണം ഒഴിവാക്കിയതോടെയാണ് ഈ അഭ്യൂഹം ശക്തമായത്. അന്തരിച്ച മുതിര്‍ന്ന ബിജെപി നേതാവ് ഗോപിനാഥ് മുണ്ടെയുടെ മകളായ പങ്കജ മുണ്ടെ, കഴിഞ്ഞ ഫഡ്നാവിസ് സര്‍ക്കാരില്‍ മന്ത്രിയായിരുന്നു.
ബിജെപി നേതാവ് എന്ന വിശേഷണം ഒഴിവാക്കിയത് കൂടാതെ, ഫെയ്സ്ബുക്ക് പോസ്റ്റില്‍, ഭാവിയെക്കുറിച്ച് കൂടുതല്‍ ചിന്തിക്കേണ്ടിയിരിക്കുന്നു എന്നും പങ്കജ കുറിച്ചു. കൂടാതെ അന്റെ അനുയായികളുടെ യോഗം പങ്കജ മുണ്ടെ വിളിച്ചിട്ടുണ്ട്. പിതാവ് ഗോപിനാഥ് മുണ്ടെയുടെ ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് ഡിസംബര്‍ 12 ന് മഹാരാഷ്ട്രയിലെ ബീഡില്‍ റാലി നടത്താനാണ് പങ്കജയുടെ ആലോചന.
ഈ റാലിയില്‍ ഭാവി നിലപാട് സംബന്ധിച്ച് പങ്കജ മുണ്ട പ്രഖ്യാപനം നടത്തിയേക്കുമെന്നാണ് സൂചന. സംസ്ഥാനത്ത് ഭരണം നഷ്ടമായതിന് പിന്നാലെ, യുവവനിതാ നേതാവായ പങ്കജ മുണ്ടെ ഇടഞ്ഞതും ബിജെപി നേതൃത്വത്തിന് തിരിച്ചടിയായിട്ടുണ്ട്. പാര്‍ട്ടിയില്‍ വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്നാണ് പങ്കജ മുണ്ടെയുടെ പരാതി.
പാര്‍ട്ടി വിടാതിരിക്കാന്‍ ചില ആവശ്യങ്ങളും ബിജെപി നേതൃത്വത്തിന് മുന്നില്‍ പങ്കജ മുണ്ടെ മുന്നോട്ടുവെച്ചിട്ടുണ്ട്. ഒന്നുകില്‍ തന്നെ നിയമസഭാ കൗണ്‍സില്‍ അംഗമായി തിരഞ്ഞെടുക്കണം. അല്ലെങ്കില്‍ ബിജെപി സംസ്ഥാന അധ്യക്ഷ സ്ഥാനം വേണം. ഇല്ലെങ്കില്‍ ശിവസേനയിലേക്ക് പോകുമെന്നും തന്നോടൊപ്പം 12 എംഎല്‍എമാരുണ്ടെന്നുമാണ് പങ്കജമുണ്ഡെ അവകാശപ്പെടുന്നത്.
ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പില്‍ പങ്കജ മുണ്ടെ ബന്ധുവും എന്‍സിപി സ്ഥാനാര്‍ത്ഥിയുമായ ധനഞ്ജയ് മുണ്ടെയോട് തോറ്റിരുന്നു. ബിജെപി നേതാക്കള്‍ തനിക്കെതിരെ പ്രവര്‍ത്തിച്ചതാണ് നിയമസഭ തെരഞ്ഞെടുപ്പിലെ തോല്‍വിക്ക് കാരണമെന്നാണ് പങ്കജ മുണ്ടെയും അനുയായികളും വിശ്വസിക്കുന്നത്.