'പ്രിയങ്ക ചോപ്ര സിന്ദാബാദ്' ; ആവേശം മൂത്തപ്പോള്‍ കോണ്‍ഗ്രസ് നേതാവിന് നാക്കുപിഴ, ഏറ്റുവിളിച്ച് പ്രവര്‍ത്തകര്‍, ഞെട്ടിത്തരിച്ച് പാര്‍ട്ടി അധ്യക്ഷന്‍, ട്രോള്‍മഴ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd December 2019 10:43 AM  |  

Last Updated: 02nd December 2019 10:43 AM  |   A+A-   |  

 

ന്യൂഡല്‍ഹി: പ്രസംഗത്തിനിടെ കോണ്‍ഗ്രസ് നേതാവിന് ആവേശം മൂത്തപ്പോള്‍ ജയ് വിളിച്ചത് നടി പ്രിയങ്ക ചോപ്രയ്ക്ക്. ഡല്‍ഹിയില്‍ സംഘടിപ്പിച്ച പരിപാടിക്കിടെയാണ് കോണ്‍ഗ്രസ് നേതാവിന് നാക്കുപിഴ സംഭവിച്ചത്. ആവേശത്തില്‍ പ്രിയങ്ക ഗാന്ധിക്ക് പകരം പ്രിയങ്ക ചോപ്രയ്ക്ക് ജയ് വിളിക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. കോണ്‍ഗ്രസ് നേതാവിന്റെ പിഴവ് ട്രോള്‍മഴയ്ക്കും കാരണമായിട്ടുണ്ട്.

ഡല്‍ഹി കോണ്‍ഗ്രസ് അധ്യക്ഷന്‍ സുഭാഷ് ചോപ്ര അടക്കമുള്ളവര്‍ പങ്കെടുത്ത പരിപാടിക്കിടെയാണ്, ആവേശം മൂത്ത കോണ്‍ഗ്രസ് നേതാവ് സുരേന്ദ്രകുമാറിന് അബദ്ധം പിണഞ്ഞത്. അണികള്‍ക്ക് അല്‍പം ആവേശം ആയിക്കോട്ടെ എന്നു കരുതിയാണ് ഇദ്ദേഹം കോണ്‍ഗ്രസ് നേതാക്കളുടെ പേരില്‍ സിന്ദാബാദ് വിളിച്ചത്.

'സോണിയാ ഗാന്ധി സിന്ദാബാദ്, കോണ്‍ഗ്രസ് പാര്‍ട്ടി സിന്ദാബാദ്, രാഹുല്‍ ഗാന്ധി സിന്ദാബാദ്' എന്നിങ്ങനെ വിളിക്കുകയും പ്രവര്‍ത്തകര്‍ അത് ഏറ്റുവിളിക്കുകയും ചെയ്തു. അടുത്ത പേരിലാണ് പണിപാളിയത്. 'പ്രിയങ്ക ഗാന്ധി സിന്ദാബാദ്' എന്നതിനു പകരം 'പ്രിയങ്ക ചോപ്ര സിന്ദാബാദ്' എന്നാണ് നേതാവ് മുദ്രാവാക്യം മുഴക്കിയത്.

അപ്രതീക്ഷിതമായ നാവു പിഴയില്‍ തൊട്ടടുത്തു നിന്ന കോണ്‍ഗ്രസ് നേതാവ് സുഭാഷ് ചോപ്ര ഞെട്ടുന്നതും വീഡിയോയില്‍ കാണാം. പ്രിയങ്ക ചോപ്രയുടെ പേരില്‍ തെറ്റി വിളിച്ച മുദ്രാവാക്യം അണികളില്‍ പലരും കണ്ണുംപൂട്ടി ഏറ്റുവിളിക്കുന്നുമുണ്ട്. ഇതിനെതിരെ ട്രോളും സജീവമായിട്ടുണ്ട്. രാഹുല്‍ ഗാന്ധി എന്നതിനു പകരം രാഹുല്‍ ബജാജ് സിന്ദാബാദ് എന്ന് വിളിക്കാതിരുന്നത് ഭാഗ്യമായെന്ന് ഒരാള്‍ ട്വിറ്ററില്‍ പരിഹസിക്കുന്നു. ട്രോളുകള്‍ സജീവമായതോടെ പ്രിയങ്ക ചോപ്ര ട്വിറ്ററില്‍ ട്രന്‍ഡിങ്ങായിട്ടുമുണ്ട്.