ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ മോദി ആവശ്യപ്പെട്ടു; മകളെ കേന്ദ്രമന്ത്രിയാക്കാമെന്ന് വാഗ്ദാനം നല്‍കി; പവാറിന്റെ വെളിപ്പെടുത്തല്‍

ഞങ്ങള്‍ തമ്മിലുള്ള വ്യക്തിബന്ധം വളരെ നല്ലതാണ്. അവ അങ്ങനെ തന്നെ തുടരും. എന്നാല്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്ന് പവാര്‍ 
ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ മോദി ആവശ്യപ്പെട്ടു; മകളെ കേന്ദ്രമന്ത്രിയാക്കാമെന്ന് വാഗ്ദാനം നല്‍കി; പവാറിന്റെ വെളിപ്പെടുത്തല്‍


ന്യൂഡല്‍ഹി: ബിജെപിയുമായി സഖ്യമുണ്ടാക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നോട് ആവശ്യപ്പെട്ടെന്ന വെളിപ്പെടുത്തലുമായി എന്‍സിപി മേധാവി ശരദ് പവാര്‍. പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് സഖ്യമുണ്ടാക്കാന്‍ ആവശ്യപ്പെട്ടത്. മകള്‍ സുപ്രിയ സുലെയെ കേന്ദ്രമന്ത്രിയാക്കാമെന്നും വാഗ്ദാനമുണ്ടായിരുന്നെന്ന് ശരദ് പവാര്‍ പറഞ്ഞു. ഒരു മറാഠി ചാനലിന് നല്‍കിയ അഭിമുഖത്തിലായിരുന്നു പവാറിന്റെ വെളിപ്പെടുത്തല്‍.

മോദിയുടെ വാഗ്ദാനങ്ങള്‍ താന്‍ നിരസിക്കുകയായിരുന്നു. ഞങ്ങള്‍ തമ്മിലുള്ള വ്യക്തിബന്ധം വളരെ നല്ലതാണ്. അവ അങ്ങനെ തന്നെ തുടരുമെന്നും  ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ കഴിയില്ലെന്നും മോദിയോട് വ്യക്തമാക്കിയതായി അദ്ദേഹം പറഞ്ഞു. അതേസമയം രാഷ്ട്രപതിയാക്കുമെന്ന മോദി സര്‍ക്കാര്‍  വാഗദാനം ചെയ്തുവെന്ന റിപ്പോര്‍ട്ടുകള്‍ ശരദ് പവാര്‍ തള്ളി. മകളെ മന്ത്രിസഭയില്‍ ഉള്‍പ്പെടുത്തുമെന്നായിരുന്നു കൂടിക്കാഴ്ചയില്‍ മോദി പറഞ്ഞതെന്നും പവാര്‍ പറഞ്ഞു.

ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെ പൂനെ ജില്ലയിലെ ബാരാമതിയില്‍ നിന്നുള്ള ലോക്‌സഭാ അംഗമാണ്. മഹാരാഷ്ട്രയില്‍ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട് നാടകീയമായ സംഭവവികാസങ്ങള്‍ക്കിടയിലാണ് പവാര്‍ കഴിഞ്ഞ മാസം മോദിയെ കണ്ടത്. മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ്് വേളയില്‍ മോദി പലപ്പോഴും പവാറിനെ പ്രശംസിക്കുകയും അദ്ദേഹത്തിനെതിരെ കടുത്ത ആക്രമണങ്ങള്‍ നടത്താതിരുന്നതും ശ്രദ്ധേയമായിരുന്നു. 

രാജ്യസഭയുടെ 250ാം സമ്മേളനത്തില്‍ മോദി പവാറിനെ പ്രശംസിക്കുകയും ചെയ്തിരുന്നു.  പാര്‍ലമെന്റ് മാനദണ്ഡങ്ങള്‍ എങ്ങനെ പാലിക്കണമെന്ന് ബിജെപി ഉള്‍പ്പെടെയുള്ള മറ്റ് പാര്‍ട്ടികള്‍ എന്‍സിപിയില്‍ നിന്ന് പഠിക്കണമെന്നായിരുന്നു മോദി പറഞ്ഞത്. 2016 ല്‍ മോദി പവാറിന്റെ ക്ഷണം സ്വീകരിച്ച് പൂനെയിലെ വസന്താദ ഷുഗര്‍ ഇന്‍സ്റ്റിറ്റിയൂട്ട് സന്ദര്‍ശിച്ചപ്പോള്‍ പൊതുജീവിതത്തില്‍ മറ്റുള്ളവര്‍ക്ക് മാതൃകയാണ് ശരത് പവാറെന്ന് മോദി പറഞ്ഞിരുന്നു.പവാറിനോട് എനിക്ക് ഏറെ ബഹുമാനമുണ്ട്. അക്കാലത്ത് ഞാന്‍ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു. വിരല്‍പിടിച്ച് നടക്കാന്‍ അദ്ദേഹം എന്നെ സഹായിച്ചു. ഇത് പരസ്യമായി പറയുന്നതില്‍ അഭിമാനമുണ്ടെന്നും മോദി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com