മഹാരാഷ്ട്രയിലെ ആ 'നാടക'ത്തിന് പിന്നിലൊരു രഹസ്യമുണ്ട് ; വെളിപ്പെടുത്തലുമായി ബിജെപി എംപി

ബിജെപി നേതൃത്വം കരുതിക്കൂട്ടി തയ്യാറാക്കിയ പദ്ധതിയായിരുന്നു അതിരാവിലെ അരങ്ങേറിയ നാടകമെന്ന് മുന്‍ കേന്ദ്രമന്ത്രി പറഞ്ഞു
മഹാരാഷ്ട്രയിലെ ആ 'നാടക'ത്തിന് പിന്നിലൊരു രഹസ്യമുണ്ട് ; വെളിപ്പെടുത്തലുമായി ബിജെപി എംപി


ന്യൂഡല്‍ഹി : മഹാരാഷ്ട്രയില്‍ ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ രൂപീകരിച്ചതിന് പിന്നില്‍ വ്യക്തമായ ലക്ഷ്യത്തോടെയുള്ള നാടകമായിരുന്നുവെന്ന് ബിജെപി എംപിയുടെ വെളിപ്പെടുത്തല്‍. കര്‍ണാടകയില്‍ നിന്നുള്ള ബിജെപി എംപി അനന്ത് കെ ഹെഗ്‌ഡെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. ബിജെപി നേതൃത്വം കരുതിക്കൂട്ടി തയ്യാറാക്കിയ പദ്ധതിയായിരുന്നു അതിരാവിലെ അരങ്ങേറിയ നാടകമെന്ന് മുന്‍ കേന്ദ്രമന്ത്രി പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഫണ്ടിലേക്ക് അനുവദിച്ചിരുന്ന 40,000 കോടിയുടെ ഫണ്ട് കേന്ദ്രസര്‍ക്കാരിന് തിരിച്ചയക്കാന്‍ വേണ്ടിയായിരുന്നു മഹാരാഷ്ട്രയില്‍ പാര്‍ട്ടി നാടകം കളിച്ചത്. മുഖ്യമന്ത്രിയായി ചുമതലയേറ്റ ഫഡ്‌നാവിസ് 15 മണിക്കൂറിനിടെ ഈ ഫണ്ട് കേന്ദ്രത്തിന് തിരിച്ചയച്ചു. ഇല്ലെങ്കില്‍ ശിവസേന-എന്‍സിപി-കോണ്‍ഗ്രസ് സഖ്യസര്‍ക്കാര്‍ ഈ ഫണ്ട് ദുരുപയോഗം ചെയ്യുമായിരുന്നുവെന്നും മുന്‍ കേന്ദ്രമന്ത്രി ഉത്തരകന്നഡയില്‍ ഒരു ചടങ്ങില്‍ സംസാരിക്കവെ പറഞ്ഞു.

നിങ്ങള്‍ക്കറിയാം ഞങ്ങളുടെ നേതാവ് ഫഡ്‌നാവിസ് 80 മണിക്കൂര്‍ മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയായിരുന്നത്. പിന്നീട് അദ്ദേഹം രാജിവെച്ചു. ഭൂരിപക്ഷം ഇല്ലെന്ന് അറിഞ്ഞിട്ടും എന്തിനാണ് ഈ നാടകം കളിച്ചതെന്നാണ് പലരും ചോദിക്കുന്നത്. എന്നാല്‍ ഈ നാടകത്തിന് പിന്നില്‍ ഇതാണ് യഥാര്‍ത്ഥ കാരണമെന്ന് അനന്ത് കുമാര്‍ ഹെഗ്‌ഡെ വ്യക്തമാക്കി.

മഹാരാഷ്ട്രയില്‍ എന്‍സിപി നേതാവ് അജിത് പവാറിന്റെ കൂട്ടുപിടിച്ചാണ് മുന്‍മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായത്. അജിത് പവാറിനെ ഉപമുഖ്യമന്ത്രിയുമാക്കി. പുലര്‍ച്ചെ നടന്ന രാഷ്ട്രീയനീക്കം ഏവരെയും ഞെട്ടിച്ചു. എന്നാല്‍ എന്‍സിപി നേതൃത്വം ബിജെപിക്കെതിരെ ശക്തമായ നിലപാടെടുത്തതോടെ അജിത് പവാര്‍ രാജിവെച്ചു. ഇതോടെ 80 മണിക്കൂറിനകം ഫഡ്‌നാവിസ് രാജിവെച്ചൊഴിയുകയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com