ബിജെപി ഓഫീസിന് മുന്നില്‍ വെറും 35 രൂപയ്ക്ക് ഉള്ളി; വാങ്ങാന്‍ ജനം പാഞ്ഞെത്തി; മോദി സര്‍ക്കാരിനെതിരായ പ്രതിഷേധം ഹിറ്റ് (വീഡിയോ)
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd December 2019 07:44 PM |
Last Updated: 03rd December 2019 09:15 PM | A+A A- |
ന്യൂഡല്‍ഹി: രാജ്യത്ത് ഉള്ളിവില ദിനംപ്രതി കുതിക്കുമ്പോള്‍ ബിജെപി ഓഫീസിന് മുന്നില്‍ 35 രൂപക്ക് ഉള്ളി വിറ്റ് വേറിട്ട പ്രതിഷേധവുമായി പപ്പു യാദവിന്റെ ജന്‍ അധികാര്‍ പാര്‍ട്ടി. കേന്ദ്രസര്‍ക്കാരിനെതിരെ ജനരോഷം ശക്തമാക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തില്‍ ഒരു സമരം സംഘടിപ്പിക്കാന്‍ പാര്‍ട്ടി നേതൃത്വം തയ്യാറായത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ വില വര്‍ധിച്ചത് എണ്‍പത് ശതമാനാമാണ്.
ബിജെപി ഓഫിസിന് മുന്നില്‍ വന്‍വിലക്കുറവില്‍ സവാള വില്‍പ്പനയുണ്ടെന്നറിഞ്ഞതോടെ വാങ്ങാനെത്തിയത് ആയിരങ്ങളാണ്. പറ്റ്‌നയില്‍ ഒരു കിലോ സവാളയ്ക്ക് 90 രൂപയ്ക്ക് മുകളിലാണ് വില. സമരപ്പന്തലില്‍ വിറ്റതാകട്ടെ വെറും 35 രൂപയ്ക്ക്. ഇതോടെ ജനം പാഞ്ഞെത്തി. ബിജെപി ഓഫിസിന് മുന്നില്‍ സവാള വാങ്ങാന്‍ തിക്കും തിരക്കും. എന്നാല്‍ പിന്നീടാണ് ഇത് പ്രതിഷേധമാണെന്ന് അറിയുന്നത്.
പട്‌നയിലെ ബിജെപി ഓഫീസിന് മുന്നിലാണ് ജനത്തിന് വിലക്കുറവില്‍ സവാള വിറ്റത്. സവാള വാങ്ങാന്‍ നൂറുകണക്കിനാളുകളുടെ നീണ്ടനിരയും പ്രത്യക്ഷപ്പെട്ടതോടെ സമൂഹമാധ്യമങ്ങളില്‍ ഈ പ്രതിഷേധം ഹിറ്റായി. സവാള വില ഇത്രയധികം വര്‍ധിച്ചിട്ടും കേന്ദ്രസര്‍ക്കാരും സംസ്ഥാന സര്‍ക്കാരും ജനങ്ങള്‍ക്ക് ആശ്വാസകരമാകുന്ന ഒരു നടപടിയും സ്വീകരിച്ചില്ലെന്ന് പപ്പു യാദവ് കുറ്റപ്പെടുത്തി. അതേസമയം ഇതെല്ലാം ജനശ്രദ്ധ ലഭിക്കാനായുള്ള വെറും നാടകമാണെന്നായിരുന്നു ബിജെപിയുടെ പ്രതികരണം.