രാഷ്ട്രീയ പകപോക്കല്‍ കമ്യൂണിസ്റ്റുകാരുടെ ശൈലി; കേരളത്തില്‍ 120 ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടെന്ന് അമിത് ഷാ
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd December 2019 05:06 PM |
Last Updated: 03rd December 2019 05:08 PM | A+A A- |

ന്യൂഡല്‍ഹി: രാഷ്ട്രീയ പകപോക്കല്‍ കമ്യൂണിസ്റ്റുകാരുടെ ശൈലിയാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. കേരളത്തില്‍ 120 ബിജെപി പ്രവര്‍ത്തകരെയാണ് കമ്യൂണിസ്റ്റുകാര്‍ കൊലപ്പെടുത്തിയതെന്നും അമിത് ഷാ രാജ്യസഭയില്‍ പറഞ്ഞു. എസ്പിജി ഭേദഗതി ബില്ലുമായി ബന്ധപ്പെട്ട ചര്‍ച്ചയില്‍ രാജ്യസഭയില്‍ മറുപടി പറയുമ്പോഴായിരുന്നു അമിത് ഷായുടെ വിമര്‍ശനം.
ബിനോയ് വിശ്വത്തിന്റെ പേരെടുത്ത് പറഞ്ഞായിരുന്നു അമിത് ഷായുടെ പരാമര്‍ശം. ഇത് പ്രതിഷേധത്തിനിടയാക്കി. കേരളത്തില്‍ കോണ്‍ഗ്രസും - കമ്യൂണിസ്റ്റുകാരും ഭരിക്കുമ്പോള്‍ ആര്‍എസ്എസ് - ബിജെപി പ്രവര്‍ത്തകര്‍ കൊല്ലപ്പെടുന്നുവെന്നും അമിത് ഷാ പറഞ്ഞു.
സോണിയാ ഗാന്ധി, പ്രിയങ്കാ ഗാന്ധി, രാഹുല്‍ ഗാന്ധി എന്നിവര്‍ക്കുള്ള എസ്പിജി സുരക്ഷ പിന്‍വലിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം രാഷ്ട്രീയപരമായ വേട്ടയാടലാണെന്നായിരുന്നു കോണ്‍ഗ്രസിന്റെ ആരോപണം. ഇത് അമിത് ഷാ തള്ളി. പ്രൊട്ടക്ഷന്‍ ആക്ട് പ്രകാരമുള്ള മാറ്റങ്ങളാണ് പ്രാബല്യത്തില്‍ വരുത്തിയതെന്നും അമിത് ഷാ പറഞ്ഞു.
ആരുടെയും സുരക്ഷ കുറക്കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ലെന്നും ഗാന്ധി കുടുംബത്തിന്റെ സുരക്ഷ ഉയര്‍ത്തുകയാണ് ചെയ്തതെന്നും അമിത് ഷാ പറഞ്ഞു. മുന്‍ പ്രധാനമന്ത്രിമാരുടേയും കുടുംബാംഗങ്ങള്‍ക്കും ഒരു വര്‍ഷത്തേക്ക് സുരക്ഷ നല്‍കാനും അവര്‍ക്കുള്ള ഭീഷണിക്ക് അനുസൃതമായി ഓരോ വര്‍ഷവും സുരക്ഷ നീട്ടാനുള്ള വ്യവസ്ഥയാണ് ഇപ്പോള്‍ റദ്ദാക്കിയിട്ടുള്ളത്. ഭീഷണി കണക്കിലെടുത്ത് എസ്പിജി സുരക്ഷ പിന്‍വലിച്ചെങ്കിലും പകരം സുരക്ഷയൊരുക്കിയിട്ടുണ്ടെന്നും അമിത് ഷാ പറഞ്ഞു. നവംബര്‍ 27ന് എസ്പിജി ഭേദഗതി ബില്‍ ലോക്‌സഭ പാസാക്കിയിരുന്നു.