അയോധ്യ കേസ് :  അഭിഭാഷകൻ രാജീവ് ധവാനെ ജം ഇയ്യത്തുല്‍ ഉലുമ എ ഹിന്ദ് ഒഴിവാക്കി

ജം ഇയ്യത്തുല്‍ ഉലുമ എ ഹിന്ദിനു വേണ്ടി  ഭരണഘടന ബെഞ്ചിൽ ഹാജരായിരുന്നത് രാജീവ് ധവാനായിരുന്നു
അയോധ്യ കേസ് :  അഭിഭാഷകൻ രാജീവ് ധവാനെ ജം ഇയ്യത്തുല്‍ ഉലുമ എ ഹിന്ദ് ഒഴിവാക്കി

ന്യൂഡൽഹി : അയോധ്യ ഭൂമി തര്‍ക്ക കേസില്‍ നിന്നും മുതിർന്ന അഭിഭാഷകൻ രാജീവ് ധവാനെ ഒഴിവാക്കി. കേസിൽ ജം ഇയ്യത്തുല്‍ ഉലുമ എ ഹിന്ദിന്റെ അഭിഭാഷകനായിരുന്നു രാജീവ് ധവാൻ. അനാരോ​ഗ്യം ചൂണ്ടിക്കാട്ടിയാണ് ധവാനെ ഒഴിവാക്കിയത്. രാജീവ് ധവാൻ തന്നെയാണ് കേസില്‍ നിന്ന് ഒഴിവാക്കിയ കാര്യം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ജം ഇയ്യത്തുല്‍ ഉലുമ എ ഹിന്ദിനു വേണ്ടി  ഭരണഘടന ബെഞ്ചിൽ ഹാജരായിരുന്നത് രാജീവ് ധവാനായിരുന്നു.

എന്നാൽ തനിക്ക് ആരോ​ഗ്യപ്രശ്നങ്ങൾ ഒന്നുമില്ലെന്നാണ് രാജീവ് ധവാൻ വ്യക്തമാക്കുന്നത്. അയോധ്യകേസിൽ പുനഃപരിശോധന ഹർജി നൽകുന്നതിന് മുമ്പ് തന്റെ അഭിപ്രായം ആരായാൻ പോലും തയ്യാറായില്ലെന്നും ധവാൻ കുറിപ്പിൽ സൂചിപ്പിക്കുന്നു.  അയോധ്യ കേസിലെ വിധി പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് ജം ഇയ്യത്തുല്‍ ഉലുമ എ ഹിന്ദിനു വേണ്ടി മൗലാന സയ്യിദ് അസദ് റാഷിദി ഇന്നലെ സുപ്രീംകോടതിയിൽ ഹര്‍ജി നല്‍കിയിരുന്നു. സുപ്രീംകോടതി വിധി നീതിപൂര്‍വ്വമുള്ളതായിരുന്നില്ല. നിയമവിരുദ്ധമായ കാര്യങ്ങളെ ന്യായീകരിക്കുന്നതാണ് അഞ്ചംഗ ബെഞ്ചിന്‍റെ വിധിയെന്നും പുന:പരിശോധനാ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

പള്ളി പൊളിക്കൽ, കടന്നു കയറ്റ നടപടികൾ തെറ്റാണെന്നു കോടതി തന്നെ പറഞ്ഞിട്ടും ക്ഷേത്രനിര്‍മ്മാണത്തിന് അനുമതി നല്കിയത് ശരിയല്ല. നിയമ വിരുദ്ധ നടപടിക്ക് പ്രതിഫലം നൽകുന്നത് പോലെയായി അയോധ്യ വിധി എന്നും ഹർജിയിലുണ്ട്. അയോധ്യ കേസിൽ തുടക്കത്തിലെ ഹര്‍ജിക്കാരനായിരുന്ന എം സിദ്ദിഖിന്‍റെ പരമ്പരാഗത പിന്തുടര്‍ച്ച അവകാശി കൂടിയാണ് ജംഇയ്യത്തുൽ ഉലമ എ ഹിന്ദ് പ്രസിഡന്‍റ്  മൗലാന സയിദ് അസദ് റാഷിദി. നവംബര്‍ എട്ടിനാണ് സുപ്രീംകോടതിയുടെ അഞ്ചംഗ ബെഞ്ച് അയോധ്യകേസിൽ വിധി പറഞ്ഞത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com