'നാസയ്ക്ക് പോലും സാധിച്ചില്ല'; വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് ഈ മെക്കാനിക്കല്‍ എന്‍ജിനീയര്‍

ഓര്‍ബിറ്ററില്‍ നിന്ന് വേര്‍പെട്ട് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇടിച്ചിറങ്ങിയ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് ചെന്നൈ സ്വദേശിയായ മെക്കാനിക്കല്‍ എന്‍ജിനീയര്‍
'നാസയ്ക്ക് പോലും സാധിച്ചില്ല'; വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് ഈ മെക്കാനിക്കല്‍ എന്‍ജിനീയര്‍

ചെന്നൈ: ഓര്‍ബിറ്ററില്‍ നിന്ന് വേര്‍പെട്ട് ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തില്‍ ഇടിച്ചിറങ്ങിയ വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത് ചെന്നൈ സ്വദേശിയായ മെക്കാനിക്കല്‍ എന്‍ജിനീയര്‍. ബ്ലോഗര്‍ കൂടിയായ ഷണ്‍മുഖ സുബ്രഹ്മണ്യനാണ് അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ നാസയെ സഹായിച്ചത്. സഹായത്തിന് നന്ദി അറിയിച്ച് നാസ ഷണ്‍മുഖ സുബ്രഹ്മണ്യത്തിന് ഇ മെയില്‍ സന്ദേശവുമയച്ചിട്ടുണ്ട്. 

അവശിഷ്ടങ്ങള്‍ കണ്ടെത്തുക എന്നത് വെല്ലുവിളിയായി ഏറ്റെടുക്കുകയായിരുന്നുവെന്ന് ഷണ്‍മുഖ പറയുന്നു. ആ സമയത്ത് നാസയ്ക്ക് പോലും ധാരണയില്ലെന്ന് തോന്നിയതിനാലാണ് സ്വന്തമായി തന്നെ ശ്രമിക്കാന്‍ തീരുമാനിച്ചത്.

ഇക്കഴിഞ്ഞ ഓക്ടോബറിലാണ് ഷണ്‍മുഖം നാസയുമായി ബന്ധപ്പെടുന്നത്. ഒക്ടോബര്‍ 14, 15, നവംബര്‍ 11 എന്നി ദിവസങ്ങളിലെ ചിത്രങ്ങള്‍ പരിശോധിച്ചാണ് ഇത് വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങളാണെന്ന് ഉറപ്പിച്ചതെന്ന് നാസ വ്യക്തമാക്കിയിരുന്നു. തന്റെ ശ്രമം അംഗീകരിക്കപ്പെട്ടതില്‍ ഷണ്‍മുഖ സന്തോഷവാനാണ്. 

ചന്ദ്രയാന്‍ രണ്ട് ദൗത്യം പൂര്‍ണ വിജയകരമായിരുന്നുവെങ്കില്‍ ഇന്ത്യന്‍ പൊതു സമൂഹത്തില്‍ ഈ വിഷയം ഇത്രയധികം ചര്‍ച്ച ചെയ്യപ്പെടുമായിരുന്നില്ല. എന്നാല്‍ അവസാന നിമിഷത്തില്‍ ദൗത്യം പരാജയപ്പെട്ടതോടെ അത് വലിയ ചര്‍ച്ചകള്‍ക്ക് വഴി തുറന്നു. ഉപകരണങ്ങളുടെ നിര്‍മാണങ്ങള്‍ വരെ ആളുകളുടെ ശ്രദ്ധയിലേക്കെത്തി. ഇതൊക്കെ അന്വേഷണത്തിന് പ്രചോദനമായെന്ന് ഷണ്‍മുഖം വ്യക്തമാക്കി. 

അവശിഷ്ടങ്ങള്‍ കണ്ടെത്തിയ ശേഷം ഷണ്‍മുഖം വിവരങ്ങള്‍ ഇമെയില്‍ വഴി നാസയ്ക്ക് കൈമാറുകയായിരുന്നു. ചെന്നൈയിലിരുന്ന് തന്റെ കമ്പ്യൂട്ടര്‍ വഴി ശേഖരിച്ച അവശിഷ്ടങ്ങളുടെ ചിത്രങ്ങളാണ് നാസ പ്രധാനമായും ആശ്രയിച്ചതെന്നും ഷണ്‍മുഖ വിശ്വസിക്കുന്നു. വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങളെന്ന് ഉറപ്പിച്ച ശേഷമാണ് ഷണ്‍മുഖ നാസയുടെ എല്‍ആര്‍ഒസി പ്രൊജക്ടുമായി ബന്ധപ്പെട്ടത്. 

വിക്രം ലാന്‍ഡറിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ സഹായിച്ചതിന് നന്ദി പറയുന്നതായി എല്‍ആര്‍ഒസി പ്രൊജക്ട് തലവന്‍ ജോണ്‍ കെല്ലര്‍ ഷണ്‍മുഖത്തിനയച്ച ഇമെയില്‍ സന്ദേശത്തില്‍ വ്യക്തമാക്കുന്നു. ലാന്‍ഡിങിന് മുന്‍പും ശേഷവുമുള്ള ചിത്രങ്ങള്‍ പരിശോധിച്ചു. എല്‍ആര്‍ഒസിയുടെ മൂന്ന് ക്യാമറകള്‍ വഴിയാണ് ചന്ദ്രോപരിതലത്തിലെ ചിത്രങ്ങള്‍ പകര്‍ത്തിയതെന്നും അദ്ദേഹം വിശദീകരിച്ചു. ഷണ്‍മുഖ ചൂണ്ടിക്കാണിച്ച പ്രദേശത്ത് എല്‍ആര്‍ഓസി ക്യാമറകള്‍ നടത്തിയ വിശദമായ പരിശോധനയിലാണ് അവശിഷ്ടങ്ങള്‍ കണ്ടെത്തിയതെന്നും സന്ദേശത്തിലുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com