ഫോട്ടോ പിടിഐ
ഫോട്ടോ പിടിഐ

രാജാവും രാജ്ഞിയുമാണ്!, ബാഗ് ചുമക്കും, കുശലം പറയും; പരിചാരകര്‍ക്ക് അമ്പരപ്പ്, കൈയടി

എയര്‍ഇന്ത്യ ജീവനക്കാരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് രാജാവിന്റേയും രാജ്ഞിയുടെ എളിമയോടെയുള്ള പെരുമാറ്റം

ന്യൂഡല്‍ഹി; സ്വീഡന്‍ തലസ്ഥാനമായ സ്‌റ്റോക്‌ഹോമില്‍ നിന്ന് ഡല്‍ഹിയിലേക്ക് ആഴ്ചയില്‍ മൂന്ന് ദിവസം എയര്‍ഇന്ത്യയ്ക്ക് സര്‍വീസുണ്ട്. ഞായറാഴ്ച രാത്രി എട്ട് മണിക്കുള്ള വിമാനത്തില്‍ 14 സീറ്റ് ബുക്ക് ചെയ്യണം എന്ന ആവശ്യവുമായി സ്വീഡിഷ് രാജകുടുംബത്തില്‍ നിന്ന് ഫോണ്‍വിളി എത്തുന്നത് ടേക്ക്ഓഫിന് ആറ് മണിക്കൂര്‍ മുന്‍പാണ്. വിമാന ജീവനക്കാരെ മുഴുവന്‍ അമ്പരപ്പിച്ചുകൊണ്ട് സ്വീഡിഷ് രാജാവും രാജ്ഞിയുമാണ് എയര്‍ഇന്ത്യയുടെ യാത്രക്കാരായി എത്തിയത്.  എയര്‍ഇന്ത്യ ജീവനക്കാരുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ് രാജാവിന്റേയും രാജ്ഞിയുടെ എളിമയോടെയുള്ള പെരുമാറ്റം. 

ഇന്ത്യന്‍ സന്ദര്‍ശനത്തിനായി പുറപ്പെട്ട സ്വീഡന്റെ രാജാവ് കാള്‍ സിക്സ്റ്റീന്‍ ഗുസ്താഫ് ഫോകെ ഹുബെര്‍ടസും രാജ്ഞി സില്‍വിയയുമാണ് യാത്രക്കായി ഇന്ത്യന്‍ വിമാനക്കമ്പനിയെ തന്നെ തെരഞ്ഞെടുത്തത്. ഇന്ത്യന്‍ ഭക്ഷണം രുചിച്ചും സ്വന്തം കാബിന്‍ ബാഗ് കൈയിലെടുത്തും ജീവനക്കാരോട് മികച്ച രീതിയില്‍ പെരുമാറിയും റോയല്‍ ദമ്പതികള്‍ എയര്‍ഇന്ത്യയുടെ മനം കവര്‍ന്നു. 

ഡല്‍ഹിയിലേക്കുള്ള ബോയിംങ് 787 ഡ്രീംലൈനറിലായിരുന്നു ഇരുവരുടേയും യാത്ര. രാജാവിന്റേയും രാജ്ഞിയുടേയും യാത്രക്കായി ബിസിനസ്, ഇക്കണോമി ക്ലാസുകളിലായി 14 സീറ്റുകളാണ് ബുക്ക് ചെയ്തത്. നാലെണ്ണം ബിസിനസ് ക്ലാസിലും 10 എണ്ണം ഇക്കണോമി ക്ലാസിലുമായിരുന്നു. സ്വീഡിഷ് റോയല്‍ ഫാമിലിയുടെ ഔദ്യോഗിക വിമാനത്തിലുണ്ടായ പ്രശ്‌നത്തെത്തുടര്‍ന്നാണ് എയര്‍ ഇന്ത്യയില്‍ ടിക്കറ്റ് ബുക്ക് ചെയ്തത്. ഇന്ത്യയിലേക്കുള്ള യാത്ര കൃത്യസമയത്തുതന്നെയായിരിക്കണമെന്നും ഷെഡ്യൂളുകളില്‍ മാറ്റം ഉണ്ടാവരുതെന്നും രാജാവിന് നിര്‍ബന്ധമായിരുന്നു. തുടര്‍ന്നാണ് ഞായറാഴ്ച എട്ട് മണിക്കുള്ള എയര്‍ഇന്ത്യ വിമാനത്തില്‍ യാത്ര തിരിക്കാന്‍ തീരുമാനിച്ചത്. 

സ്റ്റോക്‌ഹോം എര്‍ലാന്‍ഡ എയര്‍പോര്‍ട്ടില്‍ നിന്ന് പുറപ്പെടുന്ന വിമാനത്തില്‍ കയറാന്‍ എത്തിയ രാജാവിനേയും രാജ്ഞിയേയും എല്ലാ ജീവനക്കാരും ചേര്‍ന്നാണ് സ്വീകരിച്ചത്. വിമാനത്തിലെ ബിസിനസ് ക്ലാസിലെ 18 സീറ്റുകളിലും യാത്രക്കാരുണ്ടായിരുന്നു. എന്നാല്‍ തങ്ങള്‍ സ്‌പെഷ്യല്‍ ആണെന്ന ചിന്തയില്ലാതെയായിരുന്നു ഇരുവരുടേയും പെരുമാറ്റം.  ജീവനക്കാരോട് വളരെ സൗമ്യതയോടെ രാജാവ് പെരുമാറി. ഇന്ത്യയുടെ പരമ്പരാഗതമായ അതിഥ്യമര്യാദയെ പുകഴ്ത്തുകയും ഇന്ത്യന്‍ ഭക്ഷണത്തെ പുകഴ്ത്തുകയും ചെയ്തു എന്നാണ് എയര്‍ഇന്ത്യയുമായി ബന്ധപ്പെട്ടവര്‍ പറയുന്നത്.കാബിന്‍ ബാഗ് കൈയില്‍ എടുത്താണ് ഇരുവരും വിമാനത്തില്‍ നിന്ന് ഇറങ്ങിയത്. ഇന്ത്യയിലെ വിഐപികള്‍ സ്വീഡിഷ് രാജാവിനേയും രാജ്ഞിയേയും കണ്ടുപഠിക്കണം എന്നാണ് അധികൃതര്‍ പറയുന്നത്. നമ്മുടെ കോര്‍പ്പറേറ്റുകളും എല്‍എമാരും എംപിമാരുമെല്ലാം ഞങ്ങളോട് മോശമായി പെരുമാറാറുണ്ടെന്നും എയര്‍ഇന്ത്യ ജീവനക്കാര്‍ക്ക് ഇതൊരു മികച്ച അനുഭവമായിരുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 

ഡല്‍ഹിയില്‍ എത്തിയതിന് ശേഷം സ്വീഡിഷ് രാജാവിനേയും രാജ്ഞിയേയും അതിഥിയായി കിട്ടിയതില്‍ അഭിമാനമുണ്ടെന്ന് വ്യക്തമാക്കിക്കൊണ്ട് എയര്‍ ഇന്ത്യ ട്വീറ്റ് ചെയ്തിരുന്നു. സന്ദര്‍ശനം പൂര്‍ത്തിയാക്കി മടങ്ങുന്ന റോയല്‍ ദമ്പതിമാരെ കൊണ്ടുപോകാന്‍ രാജകുടുംബത്തിന്റെ ഔദ്യോഗിക വിമാനം ഡല്‍ഹിയിലേക്ക് എത്തും.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com