സാമ്പത്തിക പ്രതിസന്ധി: മക്കളെ വിഷം കുത്തിവെച്ച് കൊന്നു, ദമ്പതികളും പാര്‍ട്ണറും ഏഴാംനിലയില്‍ നിന്ന് ചാടി ജീവനൊടുക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd December 2019 04:33 PM  |  

Last Updated: 03rd December 2019 04:33 PM  |   A+A-   |  

 

ന്യൂഡല്‍ഹി: കെട്ടിടത്തിന്റെ ഏഴാം നിലയില്‍ നിന്ന് ചാടി ദമ്പതികളും പാര്‍ട്ട്ണറും ജീവനൊടുക്കി. വിഷം കുത്തിവെച്ച് കൊലപ്പെടുത്തിയ നിലയില്‍ രണ്ടു കുട്ടികളുടെ മൃതദേഹം അപ്പാര്‍ട്ട്‌മെന്റില്‍ നിന്ന് കണ്ടെത്തി.

ന്യൂഡല്‍ഹിക്ക് സമീപമുളള ഇന്ദിരപുരത്തില്‍ ഇന്ന് രാവിലെയാണ് സംഭവം. രാവിലെ അഞ്ചുമണിയോടെ മൂന്ന് പേര്‍ കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്തതായുളള വിവരം പൊലീസിനെ  അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് നടത്തിയ പരിശോധനയിലാണ് ദമ്പതികളുടെ കുട്ടികളെ മരിച്ചനിലയില്‍ കണ്ടെത്തിയത്. 17 വയസ്സുകാരനായ ഹൃതിക്കും 18കാരിയായ ഹൃതികയുമാണ് മരിച്ചത്. വിഷം കുത്തിവെച്ചാണ് ഇരുവരെയും ദമ്പതികള്‍ കൊന്നതെന്ന് പൊലീസ് സംശയിക്കുന്നു.

മരിച്ചവരില്‍ ഒരാള്‍ ഗുല്‍ഷന്‍ ആണെന്ന് തിരിച്ചറിഞ്ഞു. ജീന്‍സ് ഉല്‍പ്പാദക യൂണിറ്റ് നടത്തുകയാണ് ഗുല്‍ഷന്‍. ദമ്പതികള്‍ക്ക് ഒപ്പം കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയ വര്‍ക്കിങ് പാര്‍ട്ണര്‍ സഞ്ജനയാണെന്നും പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്.സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.സാമ്പത്തികകാര്യങ്ങളുമായി ബന്ധപ്പെട്ട് മൂവരും തമ്മില്‍ കഴിഞ്ഞദിവസം തര്‍ക്കം ഉണ്ടായതായി പൊലീസ് പറയുന്നു. മരണത്തില്‍ വിവാഹേതര ബന്ധവും പൊലീസ് സംശയിക്കുന്നുണ്ട്.

ഈ മരണങ്ങള്‍ക്ക് രാകേഷ് വര്‍മ്മ എന്ന വ്യക്തിയാണ് ഉത്തരവാദി എന്ന് അപ്പാര്‍ട്ട്‌മെന്റിന്റെ ഭിത്തിയില്‍ എഴുതിവെച്ചിരുന്നു. പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.