അഭിഭാഷകരോട് ഇടപെടുമ്പോള്‍ കുറച്ചുകൂടി ക്ഷമയാവാം; ജസ്റ്റിസ് അരുണ്‍ മിശ്രയ്‌ക്കെതിരെ സുപ്രീം കോടതി അഭിഭാഷകര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th December 2019 03:24 PM  |  

Last Updated: 04th December 2019 03:24 PM  |   A+A-   |  

court

 

ന്യൂഡല്‍ഹി: സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് അരുണ്‍ മിശ്രയ്‌ക്കെതിരെ അഡ്വക്കേറ്റ്‌സ് ഓണ്‍ റെക്കോഡ് അസോസിയേഷന്‍. അഭിഭാഷകരോട് ഇടപെടുമ്പോള്‍ ജസ്റ്റിസ് അരുണ്‍ മിശ്ര കൂടുതല്‍ ക്ഷമ കാണിക്കണമെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു. 

കഴിഞ്ഞ ദിവസം ഒരു കേസിന്റെ വാദത്തിനിടെ സീനിയര്‍ അഭിഭാഷകന്‍ ഗോപാല്‍ ശങ്കരനാരായണനെതിരെ ജസ്റ്റിസ് അരുണ്‍ മിശ്ര നടത്തിയ പരാമര്‍ശമാണ് അസോസിയേഷന്റെ പ്രതിഷേധത്തിനു കാരണം. ഗോപാല്‍ ശങ്കരനാരായണനെതിരെ വേണ്ടിവന്നാല്‍ കോടതിയലക്ഷ്യത്തിനു നടപടിയെടുക്കുമെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര പറഞ്ഞിരുന്നു.

അഭിഭാഷകനെതിരെ ജഡ്ജി ഭീഷണി മുഴക്കിയത് ഉത്കണ്ഠയുണ്ടാക്കുന്ന കാര്യമാണെന്ന് അസോസിയേഷന്‍ വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു. പല അഭിഭാഷകരും ജസ്റ്റിസ് അരുണ്‍ മിശ്രയ്‌ക്കെതിരെ സമാനമായ പരാതികള്‍ ഉന്നയിച്ചിട്ടുണ്ട്. വ്യക്തിപരമായ പരാമര്‍ശങ്ങള്‍ നടത്തുകയാണ് ജസ്റ്റിസ് അരുണ്‍ മിശ്ര ചെയ്യുന്നതെന്ന് അസോസിയേഷന്‍ പറഞ്ഞു. 

കോടതിയുടെ അന്തസു സൂക്ഷിക്കുകയെന്നത് അഭിഭാഷകരുടെയും ഒപ്പം ജഡ്ജിമാരുടെയും ചുമതലയാണ്. അഭിഭാഷകരോട് ഇടപെടുമ്പോള്‍ ജസ്റ്റിസ് അരുണ്‍ മിശ്ര കുറെക്കൂടി ക്ഷമ കാണിക്കേണ്ടതുണ്ടെന്ന് അസോസിയേഷന്‍ ആവശ്യപ്പെട്ടു.