എന്നെ ആരാച്ചാരാക്കൂ...; ഞാന്‍ ചെയ്തുകൊള്ളാം: നിര്‍ഭയ കേസിലെ പ്രതികളെ തൂക്കിക്കൊല്ലാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക്  കത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th December 2019 05:05 PM  |  

Last Updated: 04th December 2019 05:12 PM  |   A+A-   |  

 

ന്യൂഡല്‍ഹി: നിര്‍ഭയ പീഡനക്കേസിലെ പ്രതികളെ തൂക്കിക്കൊല്ലാന്‍ അനുവദിക്കണം എന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് യുവാവിന്റെ കത്ത്. 
പ്രതികളുടെ വധശിക്ഷ നടപ്പാക്കാന്‍ ആരാച്ചാരെ കിട്ടാനില്ലാതെ തീഹാര്‍ ജയില്‍ അധികൃതര്‍ കുഴങ്ങുകയാണ് എന്ന വിവരംപുറത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രതികളെ തൂക്കിക്കൊല്ലാനായി തന്നെ താത്കാലിക ആരാച്ചാര്‍ ആയി നിയമിക്കണമെന്ന് ആവശ്യപ്പെട്ട് ഹിമാചല്‍ പ്രദേശ് സ്വദേശി രംഗത്ത് വന്നത്.  

ഷിംലയില്‍ നിന്നുള്ള രവികുമാറാണ് തന്നെ താത്കാലിക ആരാച്ചാരായി നിയമിക്കണം എന്നാവശ്യപ്പെട്ട് രാഷ്ട്രപതി രാംനാഥ് കോവിന്ദിന് കത്തെഴുതിയിരിക്കുന്നത്. ' നിര്‍ഭയക്കേസ് പ്രതികളെ എത്രയുംവേഗം തൂക്കിലേറ്റാന്‍ എന്നെ താത്ക്കാലിക ആരാച്ചാരായി നിയമിക്കണം, അവളുടെ ആത്മാവിന് നിത്യശാന്തി ലഭിക്കട്ടേ' എന്ന് രവികുമാര്‍ കത്തില്‍ പറയുന്നു. 

ആരാച്ചാരാക്കണം എന്നാവശ്യപ്പെട്ട് രാഷ്ട്രപതിക്ക് കത്തയച്ച രവികുമാര്‍
 

ഹൈദരാബാദില്‍ മൃഗഡോക്ടറെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊന്നു കത്തിച്ചതിന് പിന്നാലെ വധശിക്ഷയ്ക്ക് വിധിച്ച ബലാത്സംഗക്കേസ് പ്രതികള്‍ ഇപ്പോഴും ജയിലുകളില്‍ കഴിയുന്നതിന് എതിരെ കനത്ത പ്രതിഷേധമുയര്‍ന്നിരുന്നു. ഇതിന് പിന്നാലെയാണ് തിഹാര്‍ ജയില്‍ അധികൃതര്‍ വധശിക്ഷാ നടപടികള്‍ ആരംഭിച്ചത്. 

കോടതി ബ്ലാക്ക് വാറന്റ് പുറപ്പെടുവിച്ചാല്‍ ഏതുദിവസവും ശിക്ഷ നടപ്പാക്കണം എന്നിരിക്കെയാണ് ആരാച്ചാറില്ലതെ തീഹാര്‍ ജയില്‍ അധികൃതര്‍ വലഞ്ഞിരിക്കുന്നത്. രാഷ്ട്രപതി മുമ്പാകേ സമര്‍പ്പിച്ചിരിക്കുന്ന ദയാഹര്‍ജിയില്‍ തീരുമാനമാകുന്ന ഉടന്‍ കോടതി ബ്ലാക്ക് വാറന്റ് പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ട്.