കല്യാണം കഴിക്കണമെന്ന് നിരന്തരം ആവശ്യപ്പെട്ടു; കാറില്‍  55 കാരിയായ എംഡിയുടെ നെഞ്ചില്‍ നിറയൊഴിച്ചു; 62 കാരനായ ഡോക്ടര്‍ സ്വയം ജീവനൊടുക്കി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th December 2019 02:50 PM  |  

Last Updated: 04th December 2019 02:50 PM  |   A+A-   |  

 

ന്യൂഡല്‍ഹി:  കാറില്‍ 55 കാരിയെ വെടിവെച്ചു കൊന്ന് ഡോക്ടര്‍ ജീവനൊടുക്കി. 62കാരനായ ഡോക്ടര്‍ കൃത്യത്തിന് ശേഷം സ്വയം നിറയൊഴിക്കുകയായിരുന്നു. ഫോഗ്‌സ്‌വാഗന്റെ വെന്റോ കാറില്‍ ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

ഡല്‍ഹി രോഹിണി സെക്ടറില്‍ ബുധനാഴ്ച രാവിലെയാണ് സംഭവം. രോഹിണിയിലെ ആശുപത്രിയിലെ ജനറല്‍ ഫിസിഷനാണ് മരിച്ച ഡോക്ടര്‍ എന്ന് പൊലീസ് പറയുന്നു. ഈ ആശുപത്രിയുടെ തന്നെ ഭാഗമായി പ്രവര്‍ത്തിക്കുന്ന നഴ്‌സിങ് ഹോമിന്റെ എംഡിയാണ് മരിച്ച സ്ത്രീ. 

വിവാഹിതനും രണ്ടു മക്കളുടെ പിതാവുമായ ഡോക്ടറും ഈ സ്ത്രീയും തമ്മില്‍ അടുപ്പത്തിലായിരുന്നുവെന്ന് പൊലീസ് പറയുന്നു. മക്കള്‍ രണ്ടുപേരും ഡോക്ടര്‍ പ്രൊഫഷനില്‍ തന്നെയാണ് ജോലി ചെയ്യുന്നത്.ഇവരെ കല്യാണം കഴിക്കണമെന്ന് 55കാരി  ഡോക്ടറോട് ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യമാകാം പ്രകോപനത്തിന് ഇടയാക്കിയതെന്ന് സംശയിക്കുന്നതായി പൊലീസ് പറയുന്നു. പൊലീസ് അന്വേഷണം ആരംഭിച്ചു.

രോഹിണി സെക്ടറില്‍ ആളൊഴിഞ്ഞ സ്ഥലത്ത് നിന്നാണ് ഇരുവരുടെയും മൃതദേഹം കണ്ടെത്തിയത്. കാര്‍ ഓണായാണ് കിടന്നിരുന്നത്.ഡോറുകള്‍ ഉളളില്‍ നിന്ന് പൂട്ടിയ നിലയിലായിരുന്നു. ചില്ല് തകര്‍ത്താണ് ഇരുവരെയും പുറത്തെടുത്തത്. സ്ത്രീയുടെ നെഞ്ചിലാണ് വെടിയേറ്റത്. ഡോക്ടറെ സ്വയം തലയ്ക്ക് നിറയൊഴിച്ച നിലയിലാണ് കണ്ടെത്തിയതെന്നും പൊലീസ് പറയുന്നു.