ലോയ കേസ് പുനരന്വേഷിക്കാന്‍ ഉദ്ധവ് താക്കറെ സര്‍ക്കാര്‍; തീരുമാനം ഉടന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th December 2019 10:04 AM  |  

Last Updated: 04th December 2019 10:05 AM  |   A+A-   |  

udhavfgbcbf

 

മുംബൈ: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്‌ക്കെതിരെ ആരോപണമുയര്‍ന്ന, സിബിഐ പ്രത്യേക ജഡ്ജി ബിഎച്ച് ലോയയുടെ മരണത്തില്‍ പുനരന്വേഷണത്തിനു സാധ്യത. മഹാരാഷ്ട്രയില്‍ ശിവസേനയുടെ നേതൃത്വത്തിലുള്ള മഹാവികാസ് അഘാടി സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 

ലോയയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ട് സഖ്യകക്ഷികളായ എന്‍സിപിയും കോണ്‍ഗ്രസും രംഗത്തെത്തി. മുഖ്യമന്ത്രി ഉദ്ധവ് താക്കറെയായിരിക്കും വിഷയത്തില്‍ തീരുമാനമെടുക്കുക. 

ബിജെപി അധ്യക്ഷന്‍ അമിത് ഷാ പ്രതിയായിരുന്ന ഗുജറാത്തിലെ സൊറാബുദ്ദീന്‍ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടല്‍ കേസില്‍ വാദം കേട്ടിരുന്ന ലോയ 2014 ഡിസംബര്‍ ഒന്നിനാണ് മരിച്ചത്. തുടര്‍ന്ന് പ്രത്യേക ജഡ്ജി എംബി ഗോസാവി വാദം കേള്‍ക്കുകയും അമിത് ഷായെയും മറ്റുചില പ്രതികളെയും കുറ്റവിമുക്തരാക്കുകയും ചെയ്തു.

നാഗ്പുരില്‍ വെച്ച് മരിച്ച ലോയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് കുടുംബമാണ് ആദ്യം രംഗത്തെത്തിയത്. സുപ്രീംകോടതിയിലെ നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസായിരുന്നു ദീപക് മിശ്രക്കെതിരെ പരസ്യമായി ആരോപണമുന്നയിക്കാന്‍ കാരണങ്ങളിലൊന്ന് ഈ കേസായിരുന്നു.

എന്‍സിപിയുടെ ശരദ് പവാറും കോണ്‍ഗ്രസ് നേതാവ് ദിഗ് വിജയ് സിങുമാണ് ലോയ കേസ് പുനരന്വേഷിക്കണമെന്നാവശ്യപ്പെട്ട് രംഗത്തെത്തിയത്. ലോയയുടെ മരണത്തില്‍ അന്വേഷണം ആവശ്യമാണെങ്കില്‍ അത് അന്വേഷിക്കുക തന്നെ വേണമെന്ന് എന്‍സിപി നേതാവ് ശരദ് പവാര്‍ പറഞ്ഞു. അന്വേഷിച്ച് സത്യം പുറത്ത് കൊണ്ടുവരണം. ആരുടേയും പേരില്‍ അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്നും ശരദ് പവാര്‍ റഞ്ഞു.