ആ കൂട്ടുകെട്ടിന് കാരണം കോണ്‍ഗ്രസിന്റെ നിലപാട് ; അജിത്തിന്റെ നീക്കങ്ങള്‍ അറിഞ്ഞിരുന്നു: തുറന്നുപറഞ്ഞ് ശരദ് പവാര്‍

ഇവരോടൊപ്പം എങ്ങനെ അടുത്ത ദിവസം ഒരുമിച്ച് പ്രവര്‍ത്തിക്കാനാകും എന്ന് അജിത് പവാര്‍ എന്‍സിപിയിലെ സഹപ്രവര്‍ത്തകരോട് ചോദിച്ചു
ആ കൂട്ടുകെട്ടിന് കാരണം കോണ്‍ഗ്രസിന്റെ നിലപാട് ; അജിത്തിന്റെ നീക്കങ്ങള്‍ അറിഞ്ഞിരുന്നു: തുറന്നുപറഞ്ഞ് ശരദ് പവാര്‍

മുംബൈ : അജിത് പവാര്‍ ബിജെപി ക്യാമ്പിലേക്ക് പോയതിനെ പരോക്ഷമായി ന്യായീകരിച്ച് എന്‍സിപി നേതാവ് ശരദ് പവാര്‍. മഹാസഖ്യ രൂപീകരണത്തില്‍ കോണ്‍ഗ്രസ് എടുത്ത നിലപാടുകളാണ് അജിത്തിന്റെ ബിജെപി ക്യാമ്പില്‍ പോകാനുള്ള തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് പവാര്‍ പറഞ്ഞു. അജിത് പവാറും ദേവേന്ദ്രഫഡ്‌നാവിസും തമ്മില്‍ നടന്ന ചര്‍ച്ചകളെക്കുറിച്ച് താന്‍ അറിഞ്ഞിരുന്നതായും ശരദ് പവാര്‍ ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ തുറന്നു സമ്മതിച്ചു.

സഖ്യരൂപീകരണത്തില്‍ കോണ്‍ഗ്രസ് കടുത്ത നിലപാടുകളാണ് സ്വീകരിച്ചിരുന്നത്. ചര്‍ച്ചകള്‍ക്കിടെ കോണ്‍ഗ്രസ് കൂടുതല്‍ കൂടുതല്‍ വകുപ്പുകള്‍ ചോദിച്ചുകൊണ്ടിരുന്നു. അജിത് ഈ നടപടികളില്‍ കടുത്ത അതൃപ്തനായിരുന്നു. ചര്‍ച്ച വഴിമുട്ടിയതോടെ, താന്‍ ഇറങ്ങിപ്പോയി. അജിതും എന്നോടൊപ്പം ഇറങ്ങിപ്പോന്നു. ഇവരോടൊപ്പം എങ്ങനെ അടുത്ത ദിവസം ഒരുമിച്ച് പ്രവര്‍ത്തിക്കാനാകും എന്ന് അജിത് പവാര്‍ എന്‍സിപിയിലെ സഹപ്രവര്‍ത്തകരോട് ചോദിക്കുകയും ചെയ്തിരുന്നു.

കോണ്‍ഗ്രസ് നേതാക്കളുമായി ചര്‍ച്ച നടന്ന നവംബര്‍ 22 ന് രാത്രി അജിത് പവാര്‍ ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസുമായി കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസ്-ശിവസേന എന്നീ പാര്‍ട്ടികള്‍ക്ക് പുറമെ, ബിജെപിയുമായും ചര്‍ച്ചകള്‍ നടന്നുവന്നിരുന്നു. ബിജെപി നേതാക്കളുടെ ആവശ്യപ്രകാരമായിരുന്നു ചര്‍ച്ച നടത്തിയത്. ഫഡ്‌നാവിസും അജിത് പവാറുമായിട്ടായിരുന്നു ചര്‍ച്ചകള്‍ നടന്നിരുന്നത്.

സ്വാഭാവികമായ ചര്‍ച്ച എന്നതിനപ്പുറം സഖ്യത്തിലേക്ക് കടക്കുന്ന തരത്തില്‍ കടുത്ത തീരുമാനത്തിലേക്ക് പോകുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. ബിജെപിയുമായി സഹകരിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചിരുന്നില്ല. അതേസമയം കോണ്‍ഗ്രസിന്റെ നിലപാട് തീര്‍ത്തും അതൃപ്തി ഉണ്ടാക്കുന്നതാണെന്ന് അജിത് പവാര്‍ എന്നോട് നേരിട്ടു പറഞ്ഞിരുന്നുവെന്നും ശരദ് പവാര്‍ വ്യക്തമാക്കി.

കോണ്‍ഗ്രസിന്റെ ഈ നിലപാടാണ് അജിതിനെ ബിജെപി ക്യാമ്പിലേക്ക് പോകാന്‍ തീരുമാനമെടുപ്പിച്ചത്. ചര്‍ച്ചകള്‍ നടന്നിരുന്നു എങ്കിലും അജിത് കടുത്ത നടപടിയിലേക്ക് പോകുമെന്ന് താന്‍ ഒരിക്കലും കരുതിയിരുന്നില്ല. എന്തായാലും താന്‍ സ്വീകരിച്ചത് ശരിയായ നിലപാട് ആയിരുന്നില്ലെന്ന് അജിത് പവാര്‍ പിന്നീട് മനസ്സിലാക്കി. പിറ്റേദിവസം പാര്‍ട്ടിയിലേക്ക് തിരിച്ചുവന്നു. എന്നെ നേരിട്ടു കാണുകയും, ബിജെപിയുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിച്ചതായി അറിയിച്ചെന്നും ശരദ് പവാര്‍ പറഞ്ഞു.

ശിവസേന-കോണ്‍ഗ്രസ് ചര്‍ച്ച നടക്കുന്നതിനിടെ അതി നാടകീയമായാണ് ദേവേന്ദ്ര ഫഡ്‌നാവിസിന്റെ നേതൃത്വത്തില്‍ ബിജെപി സര്‍ക്കാര്‍ അധികാരമേറ്റത്. എന്‍സിപി നേതാവ് അജിത് പവാര്‍ ഉപമുഖ്യമന്ത്രിയായും ചുമതലയേറ്റു. സംഭവം വിവാദമായതോടെ, എന്‍സിപി ബിജെപി ക്യാമ്പിലേക്ക് പോകില്ലെന്ന് അസന്നിഗ്ധമായി വ്യക്തമാക്കി. ഭൂരിപക്ഷം എംഎല്‍എമാരും ശരദ് പവാറിനൊപ്പം നിലയുറപ്പിച്ചതോടെ, തനിക്ക് പിന്തുണയില്ലെന്ന് മനസ്സിലാക്കി അജിത് പവാര്‍ രാജിവെക്കുകയായിരുന്നു. പിന്നാലെ 80 മണിക്കൂര്‍ മാത്രം അധികാരത്തിലിരുന്ന മുഖ്യമന്ത്രി ഫഡ്‌നാവിസും രാജിവെക്കകുയായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com