ഐഎന്‍എക്‌സ് മീഡിയ കേസില്‍ ചിദംബരത്തിന് ജാമ്യം; ജയില്‍ മോചിതനാവും

സിബിഐ കേസില്‍ നേരത്തെ ജാമ്യം ലഭിച്ച ചിദംബരം ഇതോടെ ജയില്‍ മോചിതനാകും
ഐഎന്‍എക്‌സ് മീഡിയ കേസില്‍ ചിദംബരത്തിന് ജാമ്യം; ജയില്‍ മോചിതനാവും

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കലിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  രജിസ്റ്റര്‍ ചെയ്ത കേസില്‍ മുന്‍ ധനമന്ത്രി പി. ചിദംബരത്തിന് സുപ്രീംകോടതി ജാമ്യം അനുവദിച്ചു. ഇതുമായി ബന്ധപ്പെട്ട സിബിഐ കേസില്‍ നേരത്തെ ജാമ്യം ലഭിച്ച ചിദംബരം ഇതോടെ ജയില്‍ മോചിതനാകും.

അന്വേഷണത്തോട് ചിദംബരം പൂര്‍ണമായും സഹകരിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. രണ്ട് ലക്ഷം രൂപ ജാമ്യവും അതേ തുകയുടെ ആള്‍ജാമ്യവും നല്‍കണം. അനുമതിയില്ലാതെ ചിദംബരത്തിന് വിദേശത്തേക്ക് പോകാന്‍ കഴിയില്ലെന്നും സുപ്രീംകോടതി അറിയിച്ചു. 

തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയവയാണ് മറ്റു ജാമ്യ വ്യവസ്ഥകള്‍. കേസുമായി ബന്ധപ്പെട്ട് മാധ്യങ്ങളുമായി അഭിമുഖങ്ങള്‍ നടത്തുകയോ പരസ്യ പ്രസ്താവനകള്‍ നടത്തുകയോ ചെയ്യരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

ഐഎന്‍എക്‌സ് മീഡിയ കേസില്‍ ഓഗസ്റ്റ് 21നാണ് സിബിഐ ചിദംബരത്തെ നാടകീയമായി അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വാങ്ങി. സിബിഐ കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചെങ്കിലും എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലായിരുന്ന ചിദംബരത്തിന് പുറത്തിറങ്ങാനായിരുന്നില്ല.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com