106 ദിവസത്തെ തിഹാര്‍ വാസം അവസാനിച്ചു; പി ചിദംബരം ജയില്‍ മോചിതനായി; സോണിയാ ഗാന്ധിയെ കാണും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th December 2019 08:24 PM  |  

Last Updated: 04th December 2019 08:27 PM  |   A+A-   |  

 

ന്യൂഡല്‍ഹി: ഐഎന്‍എക്‌സ് മീഡിയ ഇടപാടിലെ കള്ളപ്പണം വെളുപ്പിക്കലിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്  രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം ലഭിച്ച മുന്‍ ധനമന്ത്രി പി ചിദംബരം ജയില്‍ മോചിതനായി. ജയില്‍ നിന്നും പുറത്തിറങ്ങിയ ചിദംബരത്തെ സ്വീകരിക്കാന്‍ നൂറ് കണക്കിന് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് എത്തിയത്. 106 ദിവസത്തെ തിഹാര്‍ ജയില്‍വാസത്തിന് ശേഷം പുറത്തിറങ്ങിയ പി ചിദംബരം മാധ്യമങ്ങളോട് സംസാരിക്കാന്‍ തയ്യാറായില്ല. അതേസമയം അദ്ദേഹം ആദ്യം പോകുക സ്വന്തം വീട്ടിലേക്കാണെന്നും ശേഷം കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ കാണുമെന്നും മകന്‍ കാര്‍ത്തി ചിദംബരം പറഞ്ഞു.

ഇന്ന് രാവിലെയാണ് സുപ്രീം കോടതി ചിദംബരത്തിന് ജാമ്യം അനുവദിച്ചത്. അന്വേഷണത്തോട് ചിദംബരം പൂര്‍ണമായും സഹകരിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. രണ്ട് ലക്ഷം രൂപ ജാമ്യവും അതേ തുകയുടെ ആള്‍ജാമ്യവും നല്‍കണം. അനുമതിയില്ലാതെ ചിദംബരത്തിന് വിദേശത്തേക്ക് പോകാന്‍ കഴിയില്ലെന്നും സുപ്രീംകോടതി അറിയിച്ചു.

തെളിവുകള്‍ നശിപ്പിക്കാന്‍ ശ്രമിക്കരുത്, സാക്ഷികളെ സ്വാധീനിക്കരുത് തുടങ്ങിയവയാണ് മറ്റു ജാമ്യ വ്യവസ്ഥകള്‍. കേസുമായി ബന്ധപ്പെട്ട് മാധ്യങ്ങളുമായി അഭിമുഖങ്ങള്‍ നടത്തുകയോ പരസ്യ പ്രസ്താവനകള്‍ നടത്തുകയോ ചെയ്യരുതെന്നും സുപ്രീം കോടതി നിര്‍ദേശിച്ചു.

ഐഎന്‍എക്‌സ് മീഡിയ കേസില്‍ ഓഗസ്റ്റ് 21നാണ് സിബിഐ ചിദംബരത്തെ നാടകീയമായി അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയില്‍ വാങ്ങി. സിബിഐ കേസില്‍ സുപ്രീംകോടതി ജാമ്യം അനുവദിച്ചെങ്കിലും എന്‍ഫോഴ്‌സ്‌മെന്റ് കസ്റ്റഡിയിലായിരുന്ന ചിദംബരത്തിന് പുറത്തിറങ്ങാനായിരുന്നില്ല.