പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം; പ്രതിഷേധവുമായി പ്രതിപക്ഷം

പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലീം ഇതര ജനവിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കുന്നത് സുഗമമാക്കാന്‍ ലക്ഷ്യമിട്ടുളളതാണ് പൗരത്വ ഭേദഗതി ബില്‍
പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം; പ്രതിഷേധവുമായി പ്രതിപക്ഷം

ന്യൂഡല്‍ഹി:  പൗരത്വ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം. പാകിസ്ഥാന്‍, ബംഗ്ലാദേശ്, അഫ്ഗാനിസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് കുടിയേറിയ മുസ്ലീം ഇതര ജനവിഭാഗങ്ങള്‍ക്ക് പൗരത്വം നല്‍കുന്നത് സുഗമമാക്കാന്‍ ലക്ഷ്യമിട്ടുളളതാണ് പൗരത്വ ഭേദഗതി ബില്‍. നേരത്തെ മന്ത്രിസഭ അംഗീകരിച്ച  ബില്‍ ലോക്‌സഭ പാസാക്കിയെങ്കിലും രാജ്യസഭയില്‍ അംഗീകാരം നേടാന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്നാണ് പുതിയ ബില്‍ കൊണ്ടുവരുന്നത്. ഈ സമ്മേളന കാലയളവില്‍ തന്നെ ബില്‍ സഭയില്‍ അവതരിപ്പിക്കും.

ഈ ബില്ലിന് സര്‍ക്കാര്‍ മുഖ്യ പരിഗണനയാണ് നല്‍കുന്നതെന്ന് കഴിഞ്ഞദിവസം പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് വ്യക്തമാക്കിയിരുന്നു. ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കിയിരുന്ന ആര്‍ട്ടിക്കിള്‍ 370ലെ വ്യവസ്ഥകള്‍ റദ്ദാക്കിയത് പോലെ ഏറെ പ്രാധാന്യമാണ് ഇതിന് നല്‍കുന്നതെന്നുമാണ് ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ രാജ്‌നാഥ് സിങ് പറഞ്ഞത്. അംഗീകൃത രേഖകളില്ലാതെ ഇന്ത്യയില്‍ കുടിയേറിയ ഹിന്ദു, ക്രിസ്ത്യന്‍, സിഖ്, ജൈന്‍, ബുദ്ധിസ്റ്റ്, പാര്‍സി എന്നി മതവിഭാഗങ്ങളില്‍ നിന്നുളളവര്‍ക്ക് ഇന്ത്യന്‍ പൗരത്വം നല്‍കാന്‍ ലക്ഷ്യമിട്ടുളളതാണ് പൗരത്വ ഭേദഗതി ബില്‍. 1955ലെ പൗരത്വ നിയമമാണ് ഭേദഗതി ചെയ്യാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. 2014 ഡിസംബറിന് മുമ്പ് ഇന്ത്യയില്‍ കുടിയേറിയവര്‍ക്ക് നിയമ സാധുത നല്‍കുകയാണ് ബില്ലിന്റെ ലക്ഷ്യം.

മുസ്ലീം മതവിഭാഗത്തിനെതിരെയുളളതാണ് ബില്‍ എന്നാണ് പ്രതിപക്ഷത്തിന്റെ മുഖ്യ വിമര്‍ശനം. ഭരണഘടനയിലെ മതനിരപേക്ഷ തത്വങ്ങള്‍ ലംഘിക്കുന്നതാണ് ബില്ലെന്നും പ്രതിപക്ഷം ആരോപിക്കുന്നു. തുല്യതയ്ക്കുളള അവകാശത്തെ ഹനിക്കുന്നതാണ് കേന്ദ്രസര്‍ക്കാര്‍ നീക്കമെന്നും പ്രതിപക്ഷം കുറ്റപ്പെടുത്തുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com